പ്രമേഹമുണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിക്കരുത്
Mail This Article
ബട്ടര്‍ തേച്ച ടോസ്റ്റ് ചെയ്ത ബ്രഡ്. പാലൊഴിക്കുമ്പോഴേക്കും കഴിക്കാന്‍ തയ്യാറാകുന്ന കോണ്‍ ഫ്‌ളേക്‌സ്. പാത്രത്തില്‍ അണിനിരക്കുന്ന പഴങ്ങള്‍, ഗ്ലാസ് നിറഞ്ഞിരിക്കുന്ന ജ്യൂസ്. ഈ പറയുന്ന വിഭവങ്ങളെല്ലാം അല്‍പം നിലവാരം കൂടിയതും ആരോഗ്യപ്രദവുമായ പ്രഭാതഭക്ഷണണമാണെന്നാണ് പൊതുവേ നമ്മുടെ ഒക്കെ ധാരണ. എന്നാല്‍ ഈ ഭക്ഷണവിഭവങ്ങള്‍ പ്രമേഹ രോഗികള്‍ വെറും വയറ്റില്‍ കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് ഡയറ്റീഷ്യന്മാര്‍ പറയുന്നു.
ഉയര്‍ന്ന ഗ്ലൈസിമിക് സൂചികയുള്ള ഇത്തരം ഭക്ഷണങ്ങള്‍ പഞ്ചസാര വളരെ വേഗം രക്തപ്രവാഹത്തിലേക്ക് ഇറക്കി വിടുമെന്ന് മുംബൈയിലെ ഡയബറ്റോളജിസ്റ്റും സര്‍ട്ടിഫൈഡ് ഒബ്‌സിറ്റി ഫിസിഷ്യനുമായ ഡോ. നിതി എ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വൈറ്റ്, ഹോള്‍ ബ്രഡുകള്‍ക്ക് ഉയര്‍ന്ന ജിഐ സൂചികയുണ്ടെന്നും ഇവ പോഷണങ്ങളും ഫൈബറുമില്ലാത്തെ സംസ്‌കരിച്ച ഭക്ഷണങ്ങളാണെന്നും ഡോ. നിതി ചൂണ്ടിക്കാട്ടുന്നു. പഴച്ചാറുകളിലും പ്രകൃതിദത്തമായ പഞ്ചസാര അധികമായി അടങ്ങിയിരിക്കുന്നു. അവയില്‍ വൈറ്റമിനുകളും ധാതുക്കളും ഫൈബറുമൊക്കെ ധാരാളമുണ്ടെങ്കിലും വെറും വയറ്റില്‍ ജ്യൂസ് കുടിക്കരുതെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. പഴങ്ങള്‍ ജ്യൂസടിക്കുമ്പോള്‍ അവയിലെ ഫൈബര്‍ ഇല്ലാതാകുന്നു. പഞ്ചസാരയുടെ ആഗീരണത്തെ മെല്ലെയാക്കുന്ന ഫൈബര്‍ ഇല്ലാതാകുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് പെട്ടെന്ന് വര്‍ധിക്കാന്‍ ഇടയാക്കുന്നു.
പഴങ്ങള്‍ ഉച്ച ഭക്ഷണത്തിന് മുന്‍പുള്ള സ്‌നാക്കായി വേണം ഉപയോഗിക്കാന്‍. കോണ്‍ ഫ്‌ളേക്‌സ്, സിറിയല്‍ ബാറുകള്‍, മ്യുസിലി എന്നിവയെല്ലാം പ്രോട്ടീനും ചെറു ധാന്യങ്ങളും അടങ്ങുന്ന ആരോഗ്യകരമായ ഭക്ഷണമായിട്ടാണ് പലപ്പോഴും വിപണനം ചെയ്യപ്പെടുന്നത്. എന്നാല്‍ ഇവയുടെ ചേരുവകള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്നും അമിതമായി പഞ്ചസാര അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും ഡോ. നിതി കൂട്ടിച്ചേര്‍ക്കുന്നു.
പേസ്ട്രി, ക്രോയ്‌സന്റ്, മഫിന്‍ എന്നിവ പോലെ മധുരമുള്ള ബേയ്ക്ക് ചെയ്ത വിഭവങ്ങള്‍ രാവിലെ കഴിക്കുന്നത് അപകടമാണെന്നും ഡയറ്റീഷ്യന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവയില്‍ റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിരിക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുമെന്നും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുക പിന്നീട് ബുദ്ധിമുട്ടാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഇവയ്ക്ക് പകരം നട്‌സുകള്‍, വിത്തിനങ്ങള്‍, പരിപ്പ് എന്നിവ പ്രഭാതഭക്ഷണത്തില്‍ കഴിക്കാമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. കട്ടിയായ ആഹാരം തന്നെ വേണമെന്നുള്ളവര്‍ക്ക് പച്ചക്കറി നിറച്ച പറാത്തയും തൈരും കഴിക്കാം. ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ അധികമായ കാര്‍ബോഹൈഡ്രേറ്റുകള്‍, ധാരാളം പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചാസരയുടെ തോത് നിയന്ത്രിക്കാനും സഹായകമാണ്.
എന്ത്, എപ്പോൾ എങ്ങനെ കഴിക്കണം: വിഡിയോ