കൊളസ്ട്രോൾ നീക്കും, ഹൃദയധമനികളിലെ തടസ്സം മാറ്റും; അറിയാം അഞ്ച് സൂപ്പർ ഫുഡ്സ്
Mail This Article
കോശങ്ങളും ഹോർമോണുകളും നിർമിക്കാൻ ശരീരം ഉപയോഗിക്കുന്ന മെഴുകുപോലുള്ള വസ്തുവാണ് കൊളസ്ട്രോൾ. ആരോഗ്യത്തിന് ഇത് ആവശ്യമാണെങ്കിലും അമിതമായാൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇത് കാരണമാകും. കൊളസ്ട്രോൾ കൂടുന്നത് ധമനികളിൽ പ്ലേക്ക് രൂപം കൊള്ളാനിടയാക്കും. ഇത് ധമനികളെ ഇടുങ്ങിയതാക്കുകയും രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോളിനെ നീക്കം ചെയ്ത് ധമനികളിലെ തടസ്സം നീക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. മഞ്ഞനിറത്തിലുള്ള ആ അഞ്ച് സൂപ്പർഫുഡ്സ് ഏതൊക്കെ എന്നറിയാം.
1. മഞ്ഞൾ
ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾ, ഹൃദ്രോഗസാധ്യത കുറയ്ക്കും. മഞ്ഞളിലടങ്ങിയ കുർക്കുമിൻ, കൊളസ്ട്രോൾ കുറയ്ക്കുകയും ധമനികളിൽ പ്ലേക്ക് അടിഞ്ഞു കൂടുന്നതിനെ തടയുകയും ചെയ്യും. ദിവസവും പാചകത്തിൽ മഞ്ഞൾ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
2. നാരങ്ങ
വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ നാരങ്ങ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. നാരങ്ങയിലടങ്ങിയ സിട്രിക് ആസിഡ്, കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങാവെള്ളം കുടിക്കുന്നതും ഭക്ഷണത്തിൽ നാരങ്ങാനീര് ചേർക്കുന്നതും ആരോഗ്യഗുണങ്ങളേകും.
3. ചോളം
നാരുകളും അവശ്യപോഷകങ്ങളും അടങ്ങിയ ചോളം, കൊളസ്ട്രോൾ നിയന്ത്രിക്കും. കൂടാതെ ചോളത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണമേകും. ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യമേകും.
4. ഇഞ്ചി
ഇഞ്ചി, കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഇഞ്ചിയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ചായയിലും സ്മൂത്തിയിലും ചേർത്തും ഭക്ഷണവിഭവങ്ങളിൽ ഉൾപ്പെടുത്തിയും ഇഞ്ചി ഉപയോഗിക്കുന്നത് ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.
5. വാഴപ്പഴം
പൊട്ടാസ്യത്തിന്റെയും നാരുകളുടെയും മികച്ച ഉറവിടമായ വാഴപ്പഴം, രക്തസമ്മർദവും കൊളസ്ട്രോളും നിയന്ത്രിക്കും. ദിവസവും വാഴപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യും.
ഈ അഞ്ച് ഭക്ഷണങ്ങൾ ശീലമാക്കുന്നത് ധമനികളിലെ തടസ്സം നീക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തും മുൻപ് ഒരു ഡോക്ടറെയോ പോഷകാഹാര വിദഗ്ധനെയോ സമീപിക്കേണ്ടത് പ്രധാനമാണ്.