കൊളസ്ട്രോളും ശരീരഭാരവും കുറയ്ക്കുന്ന പച്ചക്കറി; വെണ്ടയ്ക്കയിൽ ഇത്ര ഗുണങ്ങളോ?
Mail This Article
എല്ലാക്കാലത്തും ലഭ്യമായ ഒരു പച്ചക്കറി ആണ് വെണ്ടയ്ക്ക. പോഷകങ്ങൾ അടങ്ങിയ വെണ്ടയ്ക്കയ്ക്ക് ആരോഗ്യ ഗുണങ്ങളും ഏറെയാണ്. അന്നജം, പ്രോട്ടീൻ, ഫാറ്റി ആസിഡുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ ഇവ ധാരാളമായി വെണ്ടയ്ക്കയിലുണ്ട്.
കാലറി കുറഞ്ഞ വെണ്ടയ്ക്ക ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഗുണം ചെയ്യും. 100 ഗ്രാം വെണ്ടയ്ക്കയിൽ 33 കാലറി മാത്രമേ ഉള്ളൂ. ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയതിനാൽ ഏറെ നേരം വയർ നിറഞ്ഞ തോന്നലുണ്ടാക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതു തടയാനും വെണ്ടയ്ക്ക സഹായിക്കും. 2021 ൽ നടത്തിയ ഒരു പഠനമനുസരിച്ച് ശരീരഭാരവും ഗ്ലൂക്കോസിന്റെ അളവും കുറയ്ക്കാൻ വെണ്ടയ്ക്കയ്ക്ക് കഴിയും. കൂടാതെ ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്താനും വെണ്ടയ്ക്ക കഴിക്കുന്നതിലൂടെ സാധിക്കും. വെണ്ടയ്ക്കയിലടങ്ങിയ നാരുകൾ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കുന്നു. മലബന്ധം അകറ്റി ഉദരാരോഗ്യം മെച്ചപ്പെടുത്തുന്നു.
വെണ്ടയ്ക്കയുടെ കുരു വറുത്ത് കാപ്പിക്കു പകരമായി ഉപയോഗിക്കാം. കഫീന്റെ അളവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വെണ്ടയ്ക്കാക്കുരു വറുത്തുണ്ടാക്കുന്ന ചായ നല്ലതാണ്. വെണ്ടയ്ക്കയുടെ വഴുവഴുപ്പുള്ള ഘടന ഔഷധ ഗുണങ്ങളുള്ളതാണ്. പാരമ്പര്യവൈദ്യത്തിൽ പ്ലാസ്മാ റീപ്ലേസ്മെന്റിനും രക്തത്തിന്റെ വ്യാപ്തം കൂട്ടാനും ഉള്ള ചികിത്സയ്ക്ക് ഇത് ഉപയോഗിക്കുന്നുണ്ട്. തൊണ്ട വേദനയ്ക്കും ദഹനപ്രശ്നങ്ങൾക്കും വെണ്ടയ്ക്ക ഔഷധമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെണ്ടയ്ക്കയ്ക്കു കഴിവുണ്ടെന്ന് പഠനങ്ങൾ പറയുന്നു. പ്രമേഹ രോഗികൾക്ക് മികച്ച ഭക്ഷണമാണിത്.
വൈറ്റമിൻ സി, കെ, മഗ്നീഷ്യം, ഫോളേറ്റ് എന്നിവ വെണ്ടയ്ക്കയിൽ ധാരാളമുണ്ട്. വൈറ്റമിൻ സി രോഗപ്രതിരോധശക്തി വർധിപ്പിക്കും. വൈറ്റമിൻ കെ ആവട്ടെ എല്ലുകൾക്ക് ആരോഗ്യമേകുന്നു ഒപ്പം രക്തം കട്ടപിടിക്കാനും സഹായിക്കുന്നു. വെണ്ടയ്ക്കയിലടങ്ങിയ പോളിഫിനോളുകൾ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ഇൻഫ്ലമേഷനും ഓക്സീകരണസമ്മർദവും കുറയ്ക്കുന്നു. ഇതുവഴി ഹൃദ്രോഗം, കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു.
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. വെണ്ടയ്ക്കയിലടങ്ങിയ സോല്യുബിൾ ഫൈബർ, കൊളസ്ട്രോളുമായി ചേർന്ന് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. വെണ്ടയ്ക്കയിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നു.