കാന്‍സറിനെ പ്രതിരോധിക്കാൻ മധുരക്കിഴങ്ങോ? ഭയമില്ലാതെ കഴിക്കാം!
Mail This Article
നിറയെ പോഷണഗുണങ്ങളുള്ള മധുരക്കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടറ്റോ നമ്മുടെ നിത്യഭക്ഷണക്രമത്തിന്റെ ഭാഗമാക്കാന്‍ പറ്റിയ നല്ലൊരു വിഭവമാണ്. ഡയറ്ററി ഫൈബര്‍, ബീറ്റ കരോട്ടീന്‍ അഥവാ വൈറ്റമിന്‍ എ, പൊട്ടാസിയം, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയ മധുരക്കിഴങ്ങ് കഴിച്ചാല്‍ ഇനി പറയുന്ന ഗുണഫലങ്ങള്‍ ശരീരത്തിന് ഉണ്ടാകും.
1. ഹൃദയത്തിന് നല്ലത്
മധുരക്കിഴങ്ങിലെ പൊട്ടാസിയം തോത് രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാന്‍ സഹായകമാണ്. ശരീരത്തിലെ സോഡിയം തോതിനെ നിയന്ത്രിക്കുന്നത് വഴി കോശങ്ങളില്‍ ദ്രാവകം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കും. ഇത് രക്തധമനികളുടെ ഭിത്തിയെയും ശാന്തമാക്കും. ഹൃദ്രോഗത്തിന്റെ പ്രധാനകാരണമായ ഹൈപ്പര്ടെന്ഷന് സാധ്യത ഇത് വഴി കുറയ്ക്കാനാകും.
2. കൊളസ്ട്രോള്‍ കുറയ്ക്കും
മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബര്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ തോത് കുറയ്ക്കും. ഇത് രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി അഥെറോസ്ക്ലിറോസിസ് ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കും. ലിപിഡ് പ്രൊഫൈല്‍ പൊതുവേ മെച്ചപ്പെടുത്താനും ഡയറ്ററി ഫൈബര്‍ സഹായകമാണ്.
3. നീര്‍ക്കെട്ട് കുറയ്ക്കും
മധുരക്കിഴങ്ങിലെ ആന്റി ഓക്സിഡന്റുകള്‍ പ്രത്യേകിച്ച് ആന്തോസയാനിനുകള്‍ ഓക്സിഡേറ്റീവ് സ്ട്രെസ്സിനെ നേരിട്ട് രക്തധമനികളിലെ നീര്‍ക്കെട്ട് കുറയ്ക്കും. ഇത് സുഗമമായ രക്തയോട്ടം ഉറപ്പാക്കുകയും രക്തധമനികളിലെ ക്ലോട്ടിന്റെ സാധ്യത ഇല്ലാതാക്കുകയും ചെയ്യും.
4. അര്‍ബുദത്തെ നേരിടും
നിറയെ ആന്റി ഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഫൈബറും അടങ്ങിയ മധുരക്കിഴങ്ങ് അര്‍ബുദത്തെ നേരിടാനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിന്‍ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിച്ച് ഫ്രീ റാഡിക്കലുകള്‍ ഉണ്ടാക്കുന്ന കോശനാശം കുറയ്ക്കുന്നു. ഡിഎന്‍എ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന കണികകളായ ഫ്രീറാഡിക്കലുകള്‍ അര്‍ബുദ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. മധുരക്കിഴങ്ങിലെ ബീറ്റ കരോട്ടിന്‍ ശ്വാസകോശം, പ്രോസ്റ്റേറ്റ്, സ്തനങ്ങള്‍ എന്നിവിടങ്ങളിലെ അര്‍ബുദ സാധ്യത കുറയ്ക്കും. ആന്തോസയാനിനുകളും അര്‍ബുദകോശ വളര്‍ച്ചയുടെ വേഗം കുറയ്ക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
മധുരക്കിഴങ്ങിലെ ഡയറ്ററി ഫൈബര്‍ വയറിലെ ഗുണപ്രദമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നത് കൊളോറെക്ടല്‍ അര്‍ബുദസാധ്യത കുറയ്ക്കും. ദഹനനാളിയില്‍ നിന്ന് അര്‍ബുദകാരണമാകുന്ന കാര്‍സിനോജനുകളെ നീക്കം ചെയ്യാനും ഈ ഫൈബര്‍ സഹായിക്കും. മധുരക്കിഴങ്ങിലെ ഫെനോളിക് സംയുക്തങ്ങളും ആന്റി കാന്‍സര്‍ ഗുണങ്ങളുള്ളതാണ്.