ADVERTISEMENT

കുറഞ്ഞത്‌ ഏഴ്‌ മുതല്‍ എട്ട്‌ മണിക്കൂര്‍ വരെയെങ്കിലും മുതിര്‍ന്ന ഒരാള്‍ രാത്രിയില്‍ ഉറങ്ങണമെന്നാണ്‌ ആരോഗ്യ വിദഗ്‌ധര്‍ ശുപാര്‍ശ ചെയ്യുന്നത്‌. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട്‌ ഇത്രയും സമയം ഉറങ്ങാന്‍ സാധിക്കാത്ത പലരും നമുക്ക്‌ ചുറ്റുമുണ്ട്‌. ആവശ്യത്തിന്‌ ഉറക്കം കിട്ടാത്ത ഈ അവസ്ഥ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. 

ഉറങ്ങുന്ന സമയത്താണ്‌ നമ്മുടെ ശരീരം അതിനുള്ളിലെ പല അറ്റകുറ്റപണികളും നടത്തുന്നത്‌. കോശങ്ങളുടെ കേട്‌ പാടുകള്‍ തീര്‍ക്കുന്നതും പേശികള്‍ പുനര്‍നിര്‍മ്മിക്കുന്നതും ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്‌തുക്കളും നീക്കം ചെയ്യുന്നതും പല ഹോര്‍മോണുകളുടെയും തോത്‌ നിയന്ത്രിക്കുന്നതും ഉറക്കത്തിനിടെയാണ്‌. ഇത്തരം പല പ്രവര്‍ത്തനങ്ങളും ഉറക്കത്തിനിടെ ശരിയായി നടന്നാല്‍ മാത്രമേ പിറ്റേന്ന്‌ ഊര്‍ജ്ജക്ഷമതയോടെ മനുഷ്യശരീരത്തിനു പണിയെടുക്കാന്‍ സാധിക്കൂ. 

കുറഞ്ഞത്‌ ഏഴ്‌ മണിക്കൂറെങ്കിലും രാത്രിയില്‍ ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ശരീരത്തിന്‌ സംഭവിക്കുന്നത്‌ ഇനി പറയുന്ന കാര്യങ്ങളാണ്‌.

Representative Image. Photo Credit : AndreyPopov / iStockPhoto.com
Representative Image. Photo Credit : AndreyPopov / iStockPhoto.com

1. ക്ഷീണവും കുറഞ്ഞ ഉത്‌പാദനക്ഷമതയും
ഏഴ്‌ മണിക്കൂറെങ്കിലും ഉറങ്ങിയാല്‍ മാത്രമേ ഗാഢമായ ഉറക്കം അടക്കമുള്ള ഉറക്കത്തിന്റെ പലതരം ഘട്ടങ്ങളിലൂടെ ശരീരം കടന്നു പോകുകയുള്ളൂ. ഇത്‌ ലഭിക്കാതെ വന്നാല്‍ ശരീരത്തിനു പിറ്റേന്ന്‌ ക്ഷീണം അനുഭവപ്പെടാം. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഈ ക്ഷീണം ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. ഒന്നിലും ശ്രദ്ധിക്കാനോ, ജാഗ്രതയോടെ ഇരിക്കാനോ കഴിയാതെ വരുന്ന ഈ അവസ്ഥ തൊഴിലിടത്തിലെയും പഠനസ്ഥലത്തെയുമൊക്കെ ഉത്‌പാദനക്ഷമതയെ ബാധിക്കാം. വ്യക്തമായി ചിന്തിക്കാനും തീരുമാനങ്ങള്‍ എടുക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ശേഷിയെയും ഉറക്കമില്ലായ്‌മ ബാധിക്കും. 

2. ഭാരം വര്‍ദ്ധിക്കും
ഉറക്കമില്ലായ്‌മ ശരീരത്തിലെ ഗ്രെലിന്‍, ലെപ്‌റ്റിന്‍ എന്നീ ഹോര്‍മോണുകളുടെ സന്തുലനത്തെ തകര്‍ക്കുന്നു. വിശപ്പുണ്ടാക്കുന്ന ഹോര്‍മോണാണ്‌ ഗ്രെലിന്‍. ലെപ്‌റ്റിനാകട്ടെ വയര്‍ നിറഞ്ഞ സംതൃപ്‌തിയെ ഉണര്‍ത്തുന്നു. ആവശ്യത്തിന്‌ ഉറക്കം ലഭിക്കാത്തപ്പോള്‍ ഗ്രെലിന്റെ തോത്‌ ഉയരുകയും ലെപ്‌റ്റിന്റെ തോത്‌ കുറയുകയും ചെയ്യും. ഇത്‌ മൂലം വിശപ്പുയരാനും കലോറിയും മധുരവും കൂടിയ ഭക്ഷണങ്ങള്‍ കഴിക്കാനുമുള്ള ത്വരയുണ്ടാകും. ലെപ്‌റ്റിന്‍ തോത്‌ കുറയുന്നത്‌ മൂലം എത്ര കഴിച്ചാലും ഒരു തൃപ്‌തിയും ഉണ്ടാകില്ല. ഇത്‌ വലിച്ചുവാരി ഭക്ഷണം കഴിച്ച്‌ ഭാരം വര്‍ദ്ധിക്കാന്‍  ഇടയാക്കും. 

Representative Image. Photo Credit : SB Arts Media / iStockPhoto.com
Representative Image. Photo Credit : SB Arts Media / iStockPhoto.com

3. ദുര്‍ബലമായ പ്രതിരോധ സംവിധാനം
ഉറങ്ങുമ്പോഴാണ്‌ ശരീരം സൈറ്റോകീനുകളെ ഉത്‌പാദിപ്പിച്ച്‌ അണുബാധകളെയും നീര്‍ക്കെട്ടിനെയുമെല്ലാം നേരിടുന്നത്‌. ആവശ്യത്തിന്‌ ഉറങ്ങാന്‍ സാധിക്കാത്തവരില്‍ പ്രതിരോധശേഷിയെ മെച്ചപ്പെടുത്തുന്ന സൈറ്റോകീനുകളുടെ ഉത്‌പാദനം ശരിക്ക്‌ നടക്കില്ല. ഇത്‌ പ്രതിരോധ സംവിധാനത്തെ ദുര്‍ബലമാക്കുകയും പലതരം രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. 

4. മാനസികാരോഗ്യ പ്രശ്‌നം
ഉറക്കവും മാനസികാരോഗ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. ആവശ്യത്തിന്‌ ഉറക്കമില്ലാത്ത അവസ്ഥ വൈകാരിക പ്രശ്‌നങ്ങളുണ്ടാക്കുകയും മൂഡ്‌ മാറ്റങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നു. ഉത്‌കണ്‌ഠ, വിഷാദരോഗം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കും നിരന്തരമായ ഉറക്കമില്ലായ്‌മ നയിക്കുന്നു. 

5. മേധാശക്തി ക്ഷയിക്കും
തലച്ചോറിനു നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ ആവശ്യത്തിന്‌ ഉറക്കം ശരീരത്തിനു ലഭിക്കണം. ഓര്‍മ്മശക്തിക്കും തെളിഞ്ഞ ബുദ്ധിക്കും പ്രശ്‌നപരിഹാര ശേഷിക്കും പഠനശേഷിക്കുമെല്ലാം ഉറക്കം അത്യന്താപേക്ഷിതമാണ്‌. സ്ഥിരമായി ഉറക്കം നഷ്ടപ്പെടുത്തുന്നവര്‍ തലച്ചോറിന്റെ ഇത്തരം ശേഷികളെ കൂടിയാണ്‌ പണയപ്പെടുത്തുന്നത്‌. 

Representative Image. Photo Credit : Amenic181 / iStockPhoto.com
Representative Image. Photo Credit : Amenic181 / iStockPhoto.com

പകല്‍ വ്യായാമം ചെയ്യുന്നതും രാത്രിയില്‍ ഉറക്കത്തിന്‌ മുന്‍പ്‌ ലഘുവായ ഭക്ഷണം കഴിക്കുന്നതുമെല്ലാം നല്ല ഉറക്കത്തിന്‌ സഹായകമാണ്‌. മൊബൈല്‍, ടിവി, ലാപ്‌ടോപ്‌ പോലുള്ള ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ഉറങ്ങുന്ന സമയത്തിന്‌ മുന്‍പ്‌ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. എന്നും ഒരേ സമയത്ത്‌ ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നതും ഉറക്കത്തിന്റെ നിലവാരത്തെ സഹായിക്കും.

കൂർക്കംവലി അകറ്റാം: വിഡിയോ

English Summary:

Health Issues caused by Lack of Sleep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com