ക്രിസ്മസിനു കേക്കും വൈനും ഇറച്ചിയുമൊക്കെ കഴിച്ചോളൂ, കൊളസ്ട്രോൾ നിയന്ത്രിക്കാൻ വഴിയുണ്ട്
Mail This Article
ക്രിസ്മസും ന്യൂഇയറും കേക്കും വൈനുമൊക്കെയായി തണുപ്പ് കാലം ഇങ്ങെത്തി. അവധിക്കാലവും യാത്രകളും കൂട്ടുകാരും കുടുംബവും നിറയെ ഭക്ഷണവുമൊക്കെയായി കൊളസ്ട്രോളും അനുബന്ധ പ്രശ്നങ്ങളും ഉയരുന്ന കാലം കൂടിയാണ് ഇത്. തണുപ്പത്ത് ശരീരത്തിലെ രക്തസമ്മര്‍ദ്ദം ഉയരുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമൊക്കെയുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
തണുപ്പ് കാലത്ത് കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇനി പറയുന്ന ജീവിതശൈലീ മാറ്റങ്ങള്‍ വരുത്തണമെന്ന് അപ്പോളോ ഹോസ്പിറ്റല്‍സിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് പ്രിയങ്ക റോതംഗി എച്ച്ടി ലൈഫ്സ്റ്റൈലിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
1. പഴങ്ങളും പച്ചക്കറികളും
തണുപ്പ്കാലമാണെന്ന് വച്ച് പഴങ്ങളും പച്ചക്കറികളുമൊന്നും ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കരുത്. സിട്രസ് പഴങ്ങള്‍, പച്ചിലകള്‍, കാബേജ്, ബ്രോക്കളി, കോളിഫ്ളവര്‍, കാരറ്റ്, ബീന്‍സ്, ഉരുളകിഴങ്ങ് എന്നിങ്ങനെ വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ ഭക്ഷണമെല്ലാം നിത്യവും കഴിക്കണം. ആപ്പിള്‍, പിയര്‍, മാതളനാരങ്ങ തുടങ്ങിയ പഴങ്ങളും കഴിക്കാം.
2. ഹോള്‍ ഗ്രെയ്നുകള്‍
വൈറ്റ് ബ്രഡ്, പാസ്ത എന്നിവയ്ക്കെല്ലാം പകരം ഓട്സ്, ക്വിനോവ, ബാര്‍ലി, ബ്രൗണ്‍ റൈസ് പോലുള്ള ഹോള്‍ ഗ്രെയ്നുകള്‍ ശീലമാക്കാം. ഈ കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഊര്‍ജ്ജവും ഫൈബറും നല്‍കുകയും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. തണുപ്പ് കാലത്തെ മികച്ചൊരു പ്രഭാതഭക്ഷണമാണ് ഓട് മീല്‍.
3. ആരോഗ്യകരമായ കൊഴുപ്പ്
എല്ലാ കൊഴുപ്പും നമുക്ക് പ്രശ്നമുണ്ടാക്കില്ല. സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് കൊഴുപ്പും കൊളസ്ട്രോള്‍ ഉയര്‍ത്തുമ്പോള്‍ ഒമേഗ-3 ഫാറ്റി ആസിഡ് പോലുള്ള അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഹൃദയാരോഗ്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. സാല്‍മണ്‍, മത്തി പോലുള്ള ഫാറ്റി ഫിഷ്, ഫ്ളാക്സ് വിത്തുകള്‍, വാള്‍നട്സ്, ചിയ വിത്തുകള്‍ എന്നിവയെല്ലാം ഒമേഗ-3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞതാണ്. സംസ്കരിച്ച ഭക്ഷണവും വറുത്തതും പൊരിച്ചതുമായ വിഭവങ്ങളുമൊക്കെ പരിമിതപ്പെടുത്തുകയും വേണം.
4. സജീവമായ ജീവിതശൈലി
തണുപ്പാണെങ്കിലും വീടിനുള്ളില്‍ പുതച്ച് മൂടിയിരിക്കാതെ എന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടണം. ആഴ്ചയില്‍ 150 മിനിട്ട് മിതമായ വ്യായാമമോ 75 മിനിട്ട് തീവ്രമായ വ്യായാമമോ ചെയ്യണം. നീന്തല്‍, നൃത്തം, ഓണ്‍ലൈന്‍ ഫിറ്റ്നസ് ക്ലാസുകള്‍ എന്നിവ ഫലം ചെയ്യും.
5. ഉറക്കം മുഖ്യം
ആരോഗ്യത്തിനും കൊളസ്ട്രോള്‍ നിയന്ത്രണത്തിനും ഉറക്കവും അത്യാവശ്യമാണ്. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കമെങ്കിലും ദിവസവും ഉറപ്പാക്കുക. നിത്യവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
6. സമ്മര്‍ദ്ദ നിയന്ത്രണം
നിരന്തരമുള്ള സമ്മര്‍ദ്ദ കൊളസ്ട്രോള്‍ തോത് ഉയര്‍ത്താം. യോഗ, ധ്യാനം, പ്രകൃതിയോട് ഒട്ടി ജീവിക്കുന്നത്, പ്രിയപ്പെട്ടവരോടൊപ്പം സമയം പങ്കിടുന്നത്, സംഗീതം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ സമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്താന്‍ ശ്രമിക്കണം.
8. ജലാംശം നിലനിര്‍ത്തുക
തണുപ്പ് കാലമായതിനാല്‍ അധികം ദാഹം തോന്നിയെന്നു വരില്ല. പക്ഷേ, ചൂട് കാലത്ത് അകത്താക്കുന്ന അത്രയും വെള്ളം ഇക്കാലത്തും കുടിക്കാന്‍ മറക്കരുത്. ശരീരത്തില്‍ ആവശ്യത്തിനു ജലാംശം നിലനിര്‍ത്തുന്നത് ചയാപചയം വര്‍ദ്ധിപ്പിച്ച് വിഷാംശത്തെ നീക്കാന്‍ സഹായിക്കുന്നു.
9. വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍
തണുപ്പ് കാലത്ത് സൂര്യപ്രകാശമേല്‍ക്കാനുള്ള സാധ്യത കുറവാണ്. ഇത് മൂലം ശരീരത്തില്‍ വൈറ്റമിന്‍ ഡി കുറയാറുണ്ട്. ഇത് പരിഹരിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആവശ്യമെങ്കില്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കാന്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.