ഉറങ്ങാന്‍ പോകുമ്പോള്‍ നെഞ്ചെരിച്ചിലോ? പ്രയോഗിച്ചു നോക്കാം ഈ മാര്‍ഗങ്ങള്‍
Mail This Article
പലരിലും സാധാരണയായി വരുന്ന ഒരു ദഹനസംബന്ധമായ പ്രശ്‌നമാണ് നെഞ്ചെരിച്ചില്‍. വയറിനെ വായുമായി ബന്ധിപ്പിക്കുന്ന അന്നനാളിയായ ഈസോഫാഗസിലൂടെ വയറിലെ ആസിഡ് മുകളിലേക്ക് കയറി വരുന്നതാണ് നെഞ്ചെരിച്ചിലിനു കാരണമാകുന്നത്. ആസിഡ് റീഫ്‌ളക്‌സ് എന്നാണ് വയറിലെ ദഹനരസങ്ങളുടെ ഈ തിരികെയുള്ള ഒഴുക്കിനെ വിളിക്കുന്നത്.
ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത് ഇനി പറയുന്ന കാരണങ്ങള്‍ കൊണ്ടാകാം.
1. കിടക്കുമ്പോള്‍ ഭൂഗുരുത്വാകര്‍ഷ ബലം വയറിലെ ആസിഡിനെ അടക്കിവയ്‌ക്കില്ല. ഇതിനാല്‍ ഈ സമയത്ത് വയറിലെ ആസിഡ് മുകളിലേക്ക് ഉയര്‍ന്ന് അന്നനാളിയിലേക്ക് എത്താം.
2. കിടക്കുന്നതിന് മുന്‍പ് കനത്ത ഭക്ഷണം കഴിക്കുന്നത് ദഹനത്തെ പതിയെയാക്കും. വയറില്‍ നിന്ന് ഭക്ഷണം കുടലിലേക്ക് നീങ്ങാന്‍ കൂടുതല്‍ സമയമെടുക്കുന്നത് ആസിഡ് റീഫ്‌ളക്‌സിനുള്ള സാധ്യത വര്‍ധിപ്പിക്കും.
3. കൊഴുപ്പും എരിവും കൂടിയ ചില ഭക്ഷണങ്ങള്‍, നാരങ്ങ, തക്കാളി, ചോക്ലേറ്റ്, കഫൈന്‍, കാര്‍ബണ്‍ ചേര്‍ത്ത മധുരപാനീയങ്ങള്‍ എന്നിവ കിടക്കുന്നതിന് മുന്‍പ് കഴിക്കുന്നത് ആസിഡ് തിരികെ കയറി വരുന്നതിനെ തടയുന്ന വാല്‍വായ ലോവര്‍ ഈസോഫാഗല്‍ സ്‌പിങ്‌ന്‍ടര്‍ എന്ന വലയത്തെ അയവുള്ളതാക്കുന്നതും ആസിഡ് റീഫ്‌ളക്‌സിന് കാരണമാകാം.
ഉറങ്ങുന്നതിന് മുന്‍പുള്ള നെഞ്ചെരിച്ചില്‍ മാറ്റാന്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ മതിയെന്ന് പ്രമുഖ ന്യൂട്രീഷനിസ്റ്റ് ലവ്‌നീത് ബത്ര തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ച പോസ്‌റ്റില്‍ പറയുന്നു.
1. ചെറിയ അളവില്‍ ഭക്ഷണം പല തവണയായി കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് അമിതഭാരമുണ്ടാക്കില്ല. ഇത് നെഞ്ചെരിച്ചിലിനുള്ള സാധ്യത കുറയ്ക്കുന്നു. രാത്രിയിലെ ഭക്ഷണം ലഘുവാക്കാനും ശ്രദ്ധിക്കണം.
2. ഉറക്കത്തിന് മുന്‍പ് ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ വരുന്നതെന്ന് നിരീക്ഷിച്ച് കണ്ടു പിടിച്ച് രാത്രിയില്‍ അവ കഴിവതും ഒഴിവാക്കുക
3. കിടക്കുന്നതിന് 2,3 മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഇത് വയറിലെ ഭക്ഷണമെല്ലാം കുടലിലേക്ക് നീക്കാനുള്ള സമയം ദഹനസംവിധാനത്തിന് നല്‍കും. ഇത്തരത്തില്‍ ആസിഡ് റീഫ്‌ളക്‌സ് സാധ്യത കുറയ്ക്കാം.
4. കിടക്കുമ്പോള്‍ തലയണ ഉപയോഗിച്ച് ചെറുതായിപൊക്കി വച്ച് കിടക്കുന്നതും ആസിഡ് റീഫ്‌ളക്‌സ് കുറയ്ക്കും.
5. ഇഞ്ചി ചായ കുടിക്കുന്നതും ആസിഡ് റീഫ്‌ളക്‌സ് സാധ്യതകള്‍ കുറയ്ക്കുന്നതാണ്.
കൂർക്കംവലി എളുപ്പത്തിൽ മാറ്റാം: വിഡിയോ