ADVERTISEMENT

തിരക്കുള്ള ജീവിതത്തില്‍ പലപ്പോഴും പലരും മാറ്റിവയ്‌ക്കുന്ന ഒന്നാണ്‌ ഉറക്കം. മൊബൈലും സാമൂഹിക മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളുമൊക്കെ വന്നതോടു കൂടി കാര്യങ്ങള്‍ കൂടുതല്‍ വഷളായി. രാത്രി കുറഞ്ഞത്‌ ഏഴ്‌ മുതല്‍ എട്ട്‌ മണിക്കൂര്‍ വരെ ഉറങ്ങേണ്ടത്‌ ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും അത്യാവശ്യമാണെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. 

എന്നാല്‍ അര്‍ധരാത്രിക്ക്‌ ശേഷം വളരെ വൈകി ഉറങ്ങാന്‍ കിടക്കുന്നതും ഏഴെട്ട്‌ മണിക്കൂറെങ്കിലും ഉറങ്ങാതിരിക്കുന്നതും പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും. അടുത്തിടെ പ്രമുഖ ഗ്യാസ്‌ട്രോ എന്ററോളജിസ്‌റ്റായ ഡോ. സൗരഭ്‌ സേത്തി ഇന്‍സ്‌റ്റാഗ്രാമില്‍ പങ്കുവച്ച്‌ ഒരു വീഡിയോയും ഉറക്കമില്ലായ്‌മയുടെ ദൂഷ്യ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ഭാരവര്‍ധന, മൂഡ്‌ മാറ്റങ്ങള്‍, ഉയര്‍ന്ന തോതിലെ സമ്മര്‍ദ്ദം എന്നിവയാണ്‌ ശരിക്ക്‌ ഉറങ്ങാത്തവരെ കാത്തിരിക്കുന്നതെന്ന്‌ വീഡിയോയില്‍ ഡോ. സേത്തി ചൂണ്ടിക്കാട്ടി. പകല്‍ വ്യക്തമായി ചിന്തിക്കാനും എന്തില്ലെങ്കിലും ശ്രദ്ധ പതിപ്പിക്കാനുമുള്ള കഴിവിനെയും ഉറക്കമില്ലായ്‌മ ബാധിക്കുമെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഓര്‍മ്മക്കുറവിനും ജാഗ്രതക്കുറവിനുമെല്ലാം ഉറക്കമില്ലായ്‌മ കാരണമാകാം. കുട്ടികളുടെ അക്കാദമിക പ്രകടനത്തെയും ഉറക്കമില്ലായ്‌മ പ്രതികൂലമായി ബാധിക്കുന്നതാണ്‌. 

Representative image. Photo Credit: SB Arts Media/istockphoto.com
Representative image. Photo Credit: SB Arts Media/istockphoto.com

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയുമായും ഉറക്കമില്ലായ്‌മ ബന്ധപ്പെട്ടിരിക്കുന്നു. എന്നും കൃത്യ നേരത്ത്‌ ശരിയായ ദൈര്‍ഘ്യത്തിലുള്ള ഉറക്കം ചയാപചയം മെച്ചപ്പെടുത്തുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 

എന്നും ഒരേ സമയത്ത്‌ ഉറങ്ങാനും ഉണരാനും ശ്രമിക്കുന്നതും ഉറങ്ങുന്നതിന്‌ അരമണിക്കൂര്‍ മുന്‍പെങ്കിലും മൊബൈല്‍, ലാപ്‌ടോപ്‌, ടാബ്‌ പോലുള്ള ഇലക്ട്രോണിക്‌ ഉപകരണങ്ങളെല്ലാം മാറ്റി വയ്‌ക്കുന്നതും ഉറങ്ങുന്നതിന്‌ മുന്‍പുള്ള മണിക്കൂറുകളില്‍ കഫൈന്‍ ഉള്‍പ്പെട്ട ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കുന്നതും നല്ല ഉറക്കത്തെ സഹായിക്കും. രാത്രിയില്‍ ചെറു ചൂട്‌ വെള്ളത്തില്‍ കുളിക്കുന്നത്‌ ശരീരത്തിന്‌ വിശ്രമം നല്‍കുകയും നല്ല ഉറക്കത്തിലേക്ക്‌ നയിക്കുകയും ചെയ്യും. പകല്‍ സമയത്ത്‌ എന്തെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെടുന്നതും രാത്രിയില്‍ വേഗം ഉറങ്ങാന്‍ സഹായിക്കും.

English Summary:

Lack of Sleep cause health Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com