ബയോഹാക്കിങ് മുതല്‍ മിനി വര്‍ക്ഔട്ടും കൂട്ടം ചേര്‍ന്നുള്ള വ്യായാമവും വരെ; 2023ലെ ഫിറ്റ്‌നസ് ട്രെന്‍ഡുകള്‍
Mail This Article
ഓരോ വര്‍ഷവും കടന്നു പോകുമ്പോള്‍ വിപ്ലവകരമായ പല മാറ്റങ്ങളുമാണ് ആരോഗ്യ മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ശാസ്ത്രപുരോഗതിയുടെ ഭാഗമായ കണ്ടെത്തലുകള്‍ക്ക് പുറമേ നവീനമായ പല വര്‍ക്ക് ഔട്ട് സ്റ്റൈലുകള്‍ക്കും ഭക്ഷണക്രമങ്ങള്‍ക്കും സാങ്കേതിക വിദ്യയുടെ കൈപിടിച്ചുള്ള ജീവിതശൈലി മാറ്റങ്ങള്‍ക്കുമെല്ലാം 2023 സാക്ഷ്യം വഹിച്ചു.
1. കളിയില്‍ അല്‍പം കാര്യം
കളിയും ഫിറ്റ്‌നസും ഒന്നിക്കുന്ന ഗെയ്മിഫൈഡ് ഫിറ്റ്‌നസ് ആണ് പുതു കാലത്തിന്റെ പള്‍സ്. സംവേദനക്ഷമമായ ഗെയിമിങ് അനുഭവം കൂടി നല്‍കുന്ന തരത്തിലാണ് പല കമ്പനികളും ഇന്ന് ഹൃദയാരോഗ്യത്തിനുള്ള വ്യായാമ ഉപകരണങ്ങള്‍ക്ക് രൂപം നല്‍കുന്നത്. ലീഡര്‍ബോര്‍ഡ്, മെഡലുകള്‍, പോയിന്റ്, റിവാര്‍ഡുകള്‍ എന്നിങ്ങനെ വീഡിയോ ഗെയിമുകളിലെ പല ഘടകങ്ങളും ഫിറ്റ്‌നസിനായി വിയര്‍പ്പൊഴുക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ നല്‍കുന്നു. ഫിറ്റ്‌നസ് ട്രാക്കറുകള്‍ ഉള്‍പ്പെടെയുള്ള ഗെയ്മിഫൈഡ് ഫിറ്റ്‌നസ് ആപ്ലിക്കേഷനുകള്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഫിറ്റ്‌നസ് ടാസ്‌കുകളില്‍ മത്സരിക്കാനുള്ള അവസരം നല്‍കുന്നു. ഇതില്‍ ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പല വിധ സമ്മാനങ്ങളുമുണ്ട്.
2. മിനി വര്‍ക്ക് ഔട്ടുകള്‍
ഒരു മുഴുനീള വര്‍ക്ക് ഔട്ടിനെ പത്തോ പതിനഞ്ചോ മിനിട്ട് നീളുന്ന ചെറിയ സെഷനുകളായി തിരിച്ച് ഒരു ദിവസത്തിന്റെ പല സമയങ്ങളിലായി ചെയ്യുന്ന രീതിയായ മിനി വര്‍ക്ക് ഔട്ടും ഈ വര്‍ഷം ശ്രദ്ധ നേടി. വ്യായാമം ചെയ്യാന്‍ താത്പര്യമുണ്ടെങ്കിലും അതിന് വേണ്ടി ഒരുമിച്ച് ദീര്‍ഘനേരം നീക്കി വയ്ക്കാനില്ലാത്തവര്‍ക്ക് ഈ രീതി വളരെ ഫലപ്രദമാണ്.
3. ബയോഹാക്കിങ്
തങ്ങളുടെ ശരീരത്തിന്റെ ആരോഗ്യവും പ്രകടനവും ക്ഷേമവും മെച്ചപ്പെടുത്താന്‍ ജീവശാസ്ത്രപരമായി മനുഷ്യന്‍ നടത്തുന്ന ഇടപെടലുകളെയാണ് ബയോഹാക്കിങ് എന്ന് വിളിക്കുന്നത്. ഇടവിട്ടുള്ള ഉപവാസം, ഭക്ഷണത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍, സപ്ലിമെന്റുകളുടെ ഉപയോഗം എന്നിവ മുതല്‍ ജീനുകളുടെ ഘടനയില്‍ മാറ്റം വരുത്തുന്ന ജീന്‍ എഡിറ്റിങ് വരെ എല്ലാം ബയോഹാക്കിങ്ങിന്റെ പരിധിയില്‍ വരാം. ഇതിന് കൂടുതല്‍ പ്രചാരമേറുകയും സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായുള്ള കൂടുതല്‍ ബയോഹാക്കിങ് മാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ പോയ വര്‍ഷം പരീക്ഷിച്ചു നോക്കുകയും ചെയ്തു. ജീനുകളുടെ നാം കഴിക്കുന്ന ഭക്ഷണവുമായുള്ള ബന്ധത്തെ പരിശോധിക്കുന്ന ന്യൂട്രീജീനോമിക്‌സ് പോലുള്ള ബയോഹാക്കിങ് ശ്രമങ്ങളും 2023ല്‍ നടന്നു.
4. ജിമ്മിനു പുറത്തേക്കും ഫിറ്റ്‌നസ്
നിത്യജീവിതത്തിലെ പല പ്രവര്‍ത്തനങ്ങളെയും അനുകരിക്കുന്ന തരം ഫങ്ഷണല്‍ വ്യായാമങ്ങളും 2023ല്‍ ഹിറ്റായി. ജിമ്മിനു പുറത്തേക്ക് ഫിറ്റ്‌നസിനെ കൊണ്ടു വരുന്ന ഇത്തരം വ്യായാമങ്ങള്‍ക്ക് ടിക്ടോക്, യൂട്യൂബ് എന്നിവ വഴി വൈറലായ പല വീഡിയോകളും പ്രോത്സാഹനം നല്‍കി. കയറില്‍ പിടിച്ചു വലിക്കല്‍, ടയര്‍ മറിച്ചിടല്‍ പോലുള്ള ഇത്തരം ഫങ്ഷണല്‍ ഫിറ്റ്‌നസ് മാര്‍ഗ്ഗങ്ങള്‍ക്ക് ഇത് മൂലം പ്രചാരവുമേറി.
5. വെല്‍നസ് കോച്ചുമാരുടെ സമയം
ഫിറ്റ്‌നസിന് വ്യക്തിഗതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന വെല്‍നസ് കോച്ചുകള്‍ മുന്‍പൊക്കെ സെലിബ്രിട്ടികള്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ സാധാരണക്കാരും വെല്‍നസ് കോച്ചുകളുടെ സേവനങ്ങള്‍ കൂടുതലായി ഉപയോഗിച്ച് തുടങ്ങി. ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ നിറവേറ്റാനായി ഇത്തരം വെല്‍നസ് കോച്ചുകള്‍ ഓരോ വ്യക്തിക്കും അനുയോജ്യമായ വര്‍ക്ക് ഔട്ടുകളും ഫിറ്റ്‌നസ് പ്ലാനുകളും നിര്‍ദ്ദേശിക്കുന്നു.
6. കൂട്ടം ചേര്‍ന്നുള്ള വ്യായാമങ്ങള്‍
സാമൂഹിക ജീവികളായ മനുഷ്യന്മാര്‍ക്ക് സംഘം ചേര്‍ന്നുള്ള പ്രവര്‍ത്തികള്‍ പലതും ഇഷ്ടമാണ്. വ്യായാമവും ആ കൂട്ടത്തിലേക്ക് വരുന്നു എന്നതാണ് ശുഭകരമായ കാര്യം. ഗ്രൂപ്പ് ഫിറ്റ്‌നസ് ക്ലാസുകളും ഒത്തു ചേര്‍ന്നുള്ള ഓട്ടവുമൊക്കെ വ്യായാമത്തെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുകയാണ്. ഇത്തരം കൂട്ടം ചേര്‍ന്നുള്ള വ്യായാമങ്ങള്‍ പരസ്പരം പ്രോത്സാഹിപ്പിക്കാനുള്ള അവസരവും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മനുഷ്യര്‍ക്ക് നല്‍കുന്നുണ്ട്.
7. പുതിയ സാങ്കേതിക വിദ്യകള്‍ക്ക് പിന്നാലെ
ഫിറ്റ്‌നസ് ട്രാക്കറുകളും വ്യക്തിഗത ആപ്ലിക്കേഷനുമെല്ലാം ഇന്ന് സര്‍വസാധാരണമായി. വ്യക്തികളും കമ്പനികളും ബിസിനസ്സുകളും മാത്രമല്ല ഗവണ്‍മെന്റുകള്‍ വരെ ഫിറ്റ്‌നസ് ഒരു സുപ്രധാന ദൗത്യമാക്കി മാറ്റിയിട്ടുണ്ട്. കൂടുതല്‍ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും ഗവേഷണങ്ങളും ഇന്ന് ലോകമെങ്ങും പുരോഗമിക്കുന്നുണ്ട്.
8. ശരീരഭാരം ഉപയോഗിച്ചുള്ള വര്‍ക്ക്ഔട്ട്
വര്‍ക്ക് ഔട്ടിന് വേണ്ടി ജിമ്മും വിലകൂടിയ ഉപകരണങ്ങളും തന്നെ വേണമെന്നില്ല എന്ന് കൂടുതല്‍ പേര്‍ക്ക് തിരിച്ചറിവുണ്ടായ വര്‍ഷം കൂടിയാണ് കടന്നു പോയത്. സ്വന്തം ശരീരഭാരം ഉപയോഗിച്ചു കൊണ്ടുള്ള പലതരം വ്യായാമങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ട്രെന്‍ഡിങ്ങായി മാറി. കരുത്ത് വര്‍ദ്ധിപ്പിക്കാനും കലോറി കത്തിക്കാനും ഭാരം കുറയ്ക്കാനും ശരീരത്തിന്റെ ബാലന്‍സ് മെച്ചപ്പെടുത്താനുമൊക്കെ ഇത്തരം വ്യായാമങ്ങള്‍ പ്രയോജനപ്രദമാണ്. എവിടെയും ചെയ്യാമെന്നതും ഇതിന്റെ മെച്ചമാണ്.
ഇഷ്ടഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാം: വിഡിയോ