സ്തനാര്‍ബുദം; സാധ്യതയും സങ്കീർണതകളും നിയന്ത്രിക്കാന്‍ പിന്തുടരാം ഈ 10 കാര്യങ്ങള്‍
Mail This Article
സ്ത്രീകള്‍ക്ക് പൊതുവായി വരുന്ന അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ച് കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന ഈ അര്‍ബുദത്തെ കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ ആവശ്യത്തിന് അവബോധം ഇല്ലെന്നതാണ് സത്യം. കൃത്യമായ അവബോധവും മുന്നൊരുക്കങ്ങളും വഴി സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനും ശരിയായ സമയത്ത് രോഗനിര്‍ണ്ണയം നടത്താനും സാധിക്കും. സ്തനാര്‍ബുദ സാധ്യതയും ഇത് മൂലമുള്ള സങ്കീര്‍ണ്ണതകളും കുറയ്ക്കാന്‍ ഇനി പറയുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് മുംബൈ വോക്ക്ഹാര്‍ഡ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. മേഘല്‍ സാംഗ്വി എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1. നിത്യവുമുള്ള വ്യായാമം
ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനായി നിത്യവും വ്യായാമത്തില്‍ ഏര്‍പ്പെടേണ്ടതാണ്. അമിതവണ്ണം സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ഇതിനാല്‍ ആഴ്ചയില്‍ കുറഞ്ഞത് 5 ദിവസം പ്രതിദിനം 20 മിനിട്ടെങ്കിലും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ബോഡി മാസ് ഇന്‍ഡെക്സ് 20നും 24നും ഇടയില്‍ നിര്‍ത്താനും ശ്രദ്ധിക്കണം.
2. ആരോഗ്യകരമായ ജീവിതശൈലി
വ്യായാമത്തിന് പുറമേ സന്തുലിതമായ ഭക്ഷണക്രമവും സമ്മര്‍ദ്ദ നിയന്ത്രണ മാര്‍ഗ്ഗങ്ങളും നല്ല ഉറക്കവുമെല്ലാമായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാന്‍ ശ്രമിക്കേണ്ടതും സ്തനാര്‍ബുദ നിയന്ത്രണത്തില്‍ സുപ്രധാനമാണ്. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ യോഗ, പ്രാണായാമം പോലുള്ള മാര്‍ഗ്ഗങ്ങള്‍ പിന്തുടരാം. കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഒരു ദിവസം ഉറങ്ങേണ്ടതാണ്. പുകവലി, അമിതമായ മദ്യപാനം പോലുള്ള ശീലങ്ങളും ഒഴിവാക്കേണ്ടതാണ്.
3. കൃത്യസമയത്തെ ഗര്‍ഭധാരണം
ആദ്യത്തെ കുട്ടിയ്ക്കായുള്ള ഗര്‍ഭധാരണം 30 വയസ്സിന് മുന്‍പ് നടക്കേണ്ടതും സ്തനാര്‍ബുദ നിയന്ത്രണത്തില്‍ സുപ്രധാനമാണ്. വൈകിയുള്ള ഗര്‍ഭധാരണവും പ്രസവവും, പ്രസവിക്കാതിരിക്കലും സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കും.
4. മുലയൂട്ടല്‍
കുഞ്ഞിന് മാത്രമല്ല അമ്മയ്ക്കും പലവിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ മുലയൂട്ടുന്നതിലൂടെ ഉണ്ടാകും. സ്തനങ്ങളുടെ ആരോഗ്യത്തിന് കുറഞ്ഞത് ആറ് മാസമെങ്കിലും മുലയൂട്ടല്‍ നടത്തേണ്ടതാണ്.
5. ദീര്‍ഘകാല ഹോര്‍മോണ്‍ തെറാപ്പി ഒഴിവാക്കണം
ദീര്‍ഘകാലമുള്ള ഹോര്‍മോണ്‍ തെറാപ്പിയ്ക്കെതിരെയും കരുതിയിരിക്കേണ്ടതാണ്. സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനായി ഹോര്‍മോണ്‍ തെറാപ്പിക്ക് പകരം അനുയോജ്യമായ മറ്റ് ചികിത്സാ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതാണ്.
6. സ്വയം പരിശോധന
30 വയസ്സിന് ശേഷം ഇടയ്ക്കിടെ മുലകള്‍ സ്വയം പരിശോധനയ്ക്ക് വിധേയമാക്കണം. ആര്‍ത്തവചക്രത്തിന്‍റെ പത്താം നാള്‍ ഇത്തരം പരിശോധന നടത്തുന്നതാകും അനുയോജ്യം. എന്തെങ്കിലും തരത്തിലുള്ള മുഴകളോ മാറ്റങ്ങളോ മുലയിലോ തോളിലോ ശ്രദ്ധയില്‍പ്പെട്ടാലും മുലക്കണ്ണുകളില്‍ നിന്ന് സ്രവങ്ങള്‍ വന്നാലും മുലകണ്ണുകള്‍ അകത്തേക്ക് വലിഞ്ഞാലും ഡോക്ടറെ കാണാന്‍ വൈകരുത്.
7. മാമോഗ്രാം പരിശോധന
പ്രായം സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. 40 വയസ്സ് പിന്നിടുന്നവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും, 45 കഴിഞ്ഞവര്‍ ഓരോ ഒന്നര വര്‍ഷം കൂടുമ്പോഴും മാമോഗ്രാം പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
8. ഈസ്ട്രജന്‍ അടങ്ങിയ മരുന്നുകള്‍ ഒഴിവാക്കണം
ഈസ്ട്രജന്‍ അടങ്ങിയ ചില ഗര്‍ഭനിരോധന മരുന്നുകളുടെ ഉപയോഗവും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കും. ഇതിനാല്‍ ഗര്‍ഭനിരോധനത്തിനായി മറ്റ് വഴികള്‍ തേടേണ്ടതാണ്.
9. അര്‍ബുദത്തിന്‍റെ കുടുംബചരിത്രം
കുടുംബത്തില്‍ ആര്‍ക്കെങ്കിലും സ്തനാര്‍ബുദം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇതിനുള്ള സാധ്യത അധികമാണെന്ന് മനസ്സിലാക്കി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
10. ജങ്ക് ഫുഡ് വേണ്ട
സംസ്കരിച്ചതും അമിതമായി കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുള്ളതുമായ ജങ്ക് ഫുഡ് വിഭവങ്ങള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കും. പകരം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും പ്രോട്ടീനുമെല്ലാം അധികമുള്ള ഭക്ഷണം തിരഞ്ഞെടുക്കേണ്ടതാണ്. കലോറിയും കൊഴുപ്പും കുറഞ്ഞതും ആന്‍റി ഓക്സിഡന്‍റുകള്‍ നിറഞ്ഞതുമായ ഭക്ഷണവും സ്തനാര്‍ബുദ നിയന്ത്രണത്തില്‍ ഗുണം ചെയ്യും.
ഹോർമോൺ മാറ്റങ്ങൾ സ്ത്രീകളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു: വിഡിയോ