ഇത് ഗർഭമോ പ്രീമെൻസ്ട്രുവൽ സിൻഡ്രോമോ? അറിയാം നാല് വഴികളിലൂടെ
Mail This Article
അണ്ഡോത്പാദനത്തിനും ആര്‍ത്തവത്തിനും ഇടയിലുള്ള ഘട്ടത്തെയാണ് പ്രീ-മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം (പിഎംഎസ്) എന്ന് പറയുന്നത്. പലപ്പോഴും ഗര്‍ഭമാണെന്നു തെറ്റിദ്ധരിക്കാവുന്ന അവസ്ഥയാണ് ഇത്.
ദേഷ്യം, ഉത്കണ്ഠ, വൈകാരികതയിലുള്ള മാറ്റങ്ങള്‍, ലോലമാകുന്ന സ്തനങ്ങള്‍, മലബന്ധം, വയറുവേദന , വിശപ്പിലെ വ്യത്യാസം എന്നിങ്ങനെ ഗര്‍ഭമാണോ എന്നു തോന്നിപ്പിക്കുന്ന പല ലക്ഷണങ്ങളും പ്രീമെന്‍സ്ട്രുവല്‍ സിന്‍ഡ്രോമിനുണ്ട്.
എന്നാല്‍, ഇനി പറയുന്ന കാര്യങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ചാല്‍ ഗർഭാവസ്ഥയെയും പിഎംഎസ്സിനെയും വേര്‍തിരിച്ചറിയാന്‍ സാധിക്കും.
1. രക്തസ്രാവം
ആര്‍ത്തവം പ്രതീക്ഷിച്ചിരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് തന്നെ ആരംഭിക്കുന്ന യോനിയില്‍ നിന്നുള്ള നേരിയ രകതസ്രാവവും, അടിവസ്ത്രത്തില്‍ കാണുന്ന ചോരത്തുളളിയുടെ പാടുകളും ഗര്‍ഭത്തിന്റെ ലക്ഷണങ്ങളാണ്. പിങ്ക്, കടും ബ്രൗണ്‍ നിറങ്ങളില്‍ വരുന്ന ഈ രക്തസ്രാവം ഗര്‍ഭധാരണം നടന്ന് 10-14 ദിവസങ്ങൾക്കുള്ളിലാണ് കാണപ്പെടുക. എന്നാല്‍ എല്ലാ ഗര്‍ഭിണികള്‍ക്കും ഈ ഇംപ്ലാന്റേഷൻ ബ്ലീഡിങ് നടക്കണമെന്നില്ല. അതേ സമയം പിഎംഎസ്സില്‍ രക്തസ്രാവം അനുഭവപ്പെടില്ല.
2. ഓക്കാനം
ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ഓക്കാനം. ദിവസത്തിന്റെ ഏത് സമയത്തും ഇത് സംഭവിക്കാം. ഓക്കാനത്തിനൊപ്പം ഛര്‍ദ്ദിലുണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം. പൊതുവേ ഓക്കാനവും ഛര്‍ദ്ദിയും പിഎംഎസ്സ് ലക്ഷണങ്ങളല്ല.
3. വേദനയുടെ തീവ്രത
അടിവയറ്റിലെ വേദനയ്ക്ക് പിഎംഎസ്സും ഗര്‍ഭധാരണവും കാരണമാകാം. പിഎംഎസ്സ് ആണെങ്കില്‍ ആര്‍ത്തവ വേദനയ്ക്ക് സമാനമായി ആര്‍ത്തവത്തിന് 24 മുതല്‍ 48 മണിക്കൂര്‍ മുന്‍പ് വേദന അനുഭവപ്പെടാം. ഗര്‍ഭിണികള്‍ക്ക് ആര്‍ത്തവ വേദനയേക്കാള്‍ ലഘുവായ തോതിലാകാം വേദന.
ഇംപ്ലാന്റേഷൻ ഘട്ടത്തില്‍ ഈ ലഘു വേദനകള്‍ വയറിലും പുറം ഭാഗത്തും ഉണ്ടാകാം. എന്നാല്‍ അതിശക്തമായ വേദനയ്‌ക്കൊപ്പം രക്തസ്രാവവും വന്നാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്.
4. ഭക്ഷണത്തോടുള്ള കൊതി
പിഎംഎസ്സ് ഘട്ടത്തില്‍ വിശപ്പും ഭക്ഷണത്തോടുള്ള ആസക്തിയും വര്‍ദ്ധിക്കാറുണ്ട്. എന്നാല്‍ ഗര്‍ഭമാണെങ്കില്‍ ചില പ്രത്യേകതരം ഭക്ഷണത്തോട് മാത്രമേ കൊതി തോന്നുകയുള്ളൂ. ഇല്ലാത്ത പക്ഷം ഛര്‍ദ്ദിലും ഓക്കാനവുമൊക്കെ വലയ്ക്കുന്നതിനാല്‍ അധികം കഴിക്കാന്‍ തോന്നണമെന്നില്ല.
പ്രീ-മെൻസ്ട്രുവൽ സിൻഡ്രോം അകറ്റി നിർത്താനുള്ള യോഗാ മാർഗ്ഗങ്ങൾ : വിഡിയോ കാണാം