മെറ്റബോളിക് രോഗങ്ങള്‍ ആശങ്കയേറ്റുന്നു; നേരിടാന്‍ ചെയ്യേണ്ടത് എന്ത് ?
Mail This Article
ഭക്ഷണത്തിലെ പോഷണങ്ങളെ വിഘടിപ്പിച്ച് ഊര്‍ജ്ജമാക്കി മാറ്റി അത് കൊണ്ട് ശരീരത്തിലെ കോശങ്ങളുടെയും പേശികളുടെയും നിര്‍മ്മാണവും അറ്റകുറ്റപണികളുമെല്ലാം നടത്തുന്ന ദൈനംദിന പ്രക്രിയയാണ് ചയാപചയം (Metabolism). ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റാനുള്ള ശരീരത്തിന്റെ ഈ കഴിവിനെ ബാധിക്കുന്ന രോഗങ്ങളെ ചയാപചയ രോഗങ്ങള്‍ അഥവാ മെറ്റബോളിക് ഡിസീസ് എന്ന് വിളിക്കുന്നു.
ഏറ്റവും പൊതുവായി കാണപ്പെടുന്ന ചയാപചയ രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം; പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹം. ശരീരത്തിനുള്ളിലെ ഇന്‍സുലിന്‍ പ്രതിരോധവും ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയുമാണ് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്.
അമിതവണ്ണം, ഗോച്ചേര്‍സ് ഡിസീസ്, ഫെനയ്‌ല്‍കീറ്റോന്യൂറിയ, മേപ്പിള്‍ സിറപ്പ് യൂറിന്‍ ഡിസീസ്, ഹെമോക്രോമറ്റോസിസ് എന്നിവയെല്ലാം ചയാപചയ രോഗത്തിനുള്ള മറ്റ് ഉദാഹരണങ്ങളാണ്. അമിതമായ ക്ഷീണം, ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ, ഓക്കാനം, മനംമറിച്ചില്‍ എന്നിവയെല്ലാം ഈ രോഗങ്ങളുടെ ലക്ഷണങ്ങളാണ്.
ഇന്ത്യയില്‍ പ്രമേഹമുള്‍പ്പെടെയുള്ള ചയാപചയ രോഗങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. നഗരങ്ങളിലെ ജനസംഖ്യയില്‍ 25 ശതമാനത്തിനെയെങ്കിലും മെറ്റബോളിക് സിന്‍ഡ്രോം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് ഹൃദ്രോഗത്തിന്റെയും പക്ഷാഘാതത്തിന്റെയുമൊക്കെ സാധ്യതയും വര്‍ധിപ്പിക്കുന്നു.
ഭക്ഷണക്രമം, ജീവിതശൈലി, വ്യായാമമില്ലായ്‌മ, ജനിതകഘടന, അവയവങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചയാപചയ രോഗങ്ങള്‍ക്കു പിന്നിലുണ്ടാകാമെന്ന് ന്യൂഡല്‍ഹി ആകാശ് ഹെല്‍ത്ത്‌കെയറിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിക്രംജീത് സിങ് ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ശരീരത്തിന് വ്യായാമം നല്‍കുന്ന ശീലങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമവും നിരന്തരമുള്ള പരിശോധനകളും ചയാപചയ പ്രശ്‌നങ്ങളെ നേരിടാന്‍ ആവശ്യമാണ്. ശരീരഭാരം നിയന്ത്രിക്കേണ്ടതും പുകവലി, മദ്യപാനം പോലുള്ള ദുശീലങ്ങള്‍ ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. നല്ല ഉറക്കവും ചയാപചയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്‌ക്കുമെന്ന് ഡോ. വിക്രംജീത് ചൂണ്ടിക്കാട്ടി.