തണുപ്പിൽ നിന്ന് വേനലിലേക്ക്; കാലാവസ്ഥ മാറുമ്പോൾ കരുതിയിരിക്കണം ഈ ആരോഗ്യ പ്രശ്നങ്ങൾ
![heat-sweat-PheelingsMedia-istockphoto Representative image. Photo Credit:Pheelings Media/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/health/well-being/images/2024/2/15/heat-sweat-Pheelings%20Media-istockphoto.jpg?w=1120&h=583)
Mail This Article
തണുപ്പ് കാലം ഏതാണ് തീരാറായി. കമ്പിളിയും കരിമ്പടവും ചുരുട്ടി വച്ച് വേനലിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് പല ഇന്ത്യൻ സംസ്ഥാനങ്ങളും. താപനിലയിലും കാലാവസ്‌ഥയിലും ഉണ്ടാകുന്ന ഈ മാറ്റം പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്.
തണുപ്പ് മാറി വേനൽ വരുമ്പോൾ കരുതിയിരിക്കേണ്ട അഞ്ച് ആരോഗ്യ പ്രശ്നങ്ങൾ വിശദീകരിക്കുകയാണ് മുംബൈ ഗ്ലോബൽ ഹോസ്‌പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ മഞ്ജുഷ അഗർവാൾ ഹിന്ദുസ്‌ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ:
![summer-heat-AlesVeluscek-istockphoto Representative image. Photo Credit:AlesVeluscek/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
1. അലർജി പ്രശ്നങ്ങൾ
ശൈത്യം മാറി വെയിൽ പരക്കുന്നതോടെ പല മരങ്ങളും പൂത്തുലയാൻ തുടങ്ങും. കാണാനൊക്കെ നല്ല ഭംഗിയാണെങ്കിലും പൂമ്പൊടിയുടെ തോത് ഉയരുന്നത് പലരിലും അലർജി പ്രതികരണങ്ങൾ ഉണ്ടാക്കാം. തുമ്മൽ, മൂക്കടപ്പ്, കണ്ണിന് ചൊറിച്ചിൽ പോലുള്ള പ്രശ്നങ്ങൾ പൂമ്പൊടി മൂലം ഉണ്ടാകാറുണ്ട്. കഴിവതും പൂക്കളുടെയും പൂത്തുലഞ്ഞ മരങ്ങളുടെയും സമീപം പോകാതിരിക്കുന്നത് ഇക്കാലയളവിൽ നന്നായിരിക്കും. മുറികൾക്കുള്ളിൽ എയർ പ്യൂരിഫയർ ഉപയോഗിക്കുന്നതും സഹായകമാണ്.
2. നിർജലീകരണം
താപനില ഉയരുന്നതോടെ അമിതമായി വിയർക്കുന്നത് നിർജലീകരണത്തിലേക്ക് നയിക്കാം. തലകറക്കം, ക്ഷീണം, മൂത്രത്തിന് ഇരുണ്ട നിറം എന്നിവയെല്ലം നിർജലികരണത്തിന്റെ ലക്ഷണങ്ങളാണ് . ആവശ്യത്തിന് വെള്ളവും ഇളനീർ, ജ്യൂസ് പോലുള്ള പാനീയങ്ങളും കുടിച്ച് നിർജലീകരണത്തെ തടയാൻ സാധിക്കും.
3. സൂര്യാഘാതവും ചർമ്മ പ്രശ്‌നങ്ങളും
വെയിൽ പരക്കുന്നതോടെ പുറത്തിറങ്ങി കൂടുതൽ സമയം ചെലവിടാനുള്ള സാധ്യതയും അധികമാണ്. സൂര്യാഘാതം, ചർമ്മ പ്രശനം, ചർമ്മാർബുദം എന്നിവയെല്ലാം ഇത് മൂലം ഉണ്ടാകാം. ശരീരം മൂടുന്ന തരം വസ്ത്രം ധരിച്ച് വെയിലത്ത് ഇറങ്ങുന്നതും സൺസ്ക്രീൻ, സൺഗ്ലാസ്, തൊപ്പികൾ എന്നിവ ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ചർമ്മത്തിൽ കുരുക്കൾ, തിണർപ്പ്, മറുകുകളിൽ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കാണാനും മറക്കരുത്.
![lung cancer Representative Image. Photo Credit: mi_viri/ Shutterstock.com](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
4. ശ്വാസകോശ അണുബാധകൾ
താപനിലയിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങൾ ശ്വാസകോശ അണുബാധകൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കും. ഇത്തരം കാലാവസ്ഥ വൈറസുകളുടെ വ്യാപനത്തിന് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു. കൈകൾ സോപ്പിട്ട് കഴുകുന്നതും തുമ്മുമ്പോൾ മുഖം മറയ്ക്കുന്നതും ഉൾപ്പെടെയുള്ള ശുചിത്വ മുൻകരുതലകൾ എടുക്കുന്നത് പ്രയോജനപ്രദമാണ്. തൊണ്ടയിൽ ഉപ്പിട്ട ചൂട് വെള്ളം കൊള്ളുന്നതും ഇയ്ക്ക് ആവി പിടിക്കുന്നതും ശ്വാസകോശ ബുദ്ധിമുട്ടുകൾക്ക് ശമനം നൽകും.
5.സീസണൽ അഫക്‌ടീവ് ഡിസോഡർ
വിഷാദത്തിന് സമാനമായ മൂഡ് മാറ്റങ്ങൾക്ക് കാരണമാകുന്ന രോഗമാണ് സീസണൽ അഫക്‌ടീവ് ഡിസോഡർ. സാധാരണ ഗതിയിൽ ശൈത്യകാലത്ത് പ്രത്യക്ഷപ്പെടുന്ന എസ്എഡി ചിലർക്ക് കാലാവസ്‌ഥ മാറുമ്പോഴും അനുഭവപ്പെടാം. മൂഡിനെയും ഉറക്കത്തിൻ്റെ ക്രമത്തെയും ഇത് ബാധിക്കാം. ഇത്തരം മൂഡ് മാറ്റങ്ങളെ നേരിടാൻ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം ആവശ്യമെങ്കിൽ തേടാവുന്നതാണ്.
വേനൽക്കാലത്ത് കൂളിങ് ആസനകൾ പരീക്ഷിക്കാം: വിഡിയോ