ലക്ഷണങ്ങളില്ല, പോയ കാഴ്ച തിരികെക്കിട്ടില്ല; ഇതാണ് കാഴ്ചയുടെ നിശ്ശബ്ദ കൊലയാളി
Mail This Article
ഗ്ലോക്കോമ എന്നു കേൾക്കാത്തവർ കുറവായിരിക്കും. ഇന്ത്യയിലും ലോകത്തിൽ തന്നെയും അന്ധതയ്ക്കുള്ള രണ്ടാമത്തെ കാരണമാണ് ഗ്ലോക്കോമ. എന്നിരുന്നാലും ഗ്ലോക്കോമ എന്താണെന്ന വ്യക്തമായ ധാരണ പലർക്കുമില്ല. സംശയങ്ങൾ അകറ്റാനും ജനങ്ങളെ ബോധവൽക്കരിക്കാനും വേണ്ടിയാണ് മാർച്ച് 10 മുതൽ 16 വരെ ഗ്ലോക്കോമ വീക്ക് ആയി ആചരിക്കുന്നത്.
കാഴ്ചയുടെ നിശ്ശബ്ദനായ കൊലയാളി എന്നു ഗ്ലോക്കോമയെ പറയാം. കാരണം ഗ്ലോക്കോമ ബാധിതരായ 90 ശതമാനം പേരിലും യാതൊരു വിധ ലക്ഷണവും കാണുകയില്ല. അന്ധതയാണ് 90 ശതമാനം പേരിലും കാണുന്ന ആദ്യ ലക്ഷണം. അന്ധത ബാധിച്ചു കഴിഞ്ഞാൽ കാഴ്ച ഒരിക്കലും തിരികെക്കിട്ടില്ല. ഗ്ലോക്കോമയുടെ ഏതു ഘട്ടത്തിൽവച്ചാണോ അതു കണ്ടുപിടിക്കുന്നത്, അതിനുശേഷം ബാക്കിയുള്ള കാഴ്ച നിലനിർത്തുവാൻ സാധിക്കും. നേത്രരോഗവിദഗ്ധന്റെ അടുത്തു പോയി പരിശോധിച്ചാൽ മാത്രമേ ആ അസുഖമുണ്ടോ എന്നു മനസ്സിലാക്കാൻ കഴിയൂ. ഇക്കാരണങ്ങളാലാണ് ഗ്ലോക്കോമയെ കാഴ്ചയുടെ നിശ്ശബ്ദ കൊലയാളി എന്നു വിളിക്കുന്നത്. അതിനാൽ ഈ രോഗത്തെക്കുറിച്ച് വ്യക്തമായൊരു ബോധവൽക്കരണം എല്ലാവർക്കും അത്യാവശ്യമാണ്.
∙എന്താണ് ഗ്ലോക്കോമ
കണ്ണിനുള്ളിൽ അക്വസ് ഹ്യൂമർ (Aqueous humor) എന്നൊരു ദ്രാവകമുണ്ട്. വായു നിറച്ച ബലൂണിന് ആകൃതി കിട്ടുന്നതു പോലെ കണ്ണിന്റെ ഷേപ്പിനു കാരണമാകുന്ന ദ്രാവകം അക്വസ്ഹ്യൂമർ ആണ്. ഈ ദ്രാവകം കാരണം കണ്ണിനുള്ളിൽ ഒരു മർദം ഉണ്ടാകുന്നു. ഈ മർദം സാധാരണയായി 12 മില്ലി മീറ്റർ മുതൽ 20 മില്ലിമീറ്റർ ഓഫ് മെർക്കുറി വരെയാണ്. ഹൃദയത്തിൽനിന്നു ബ്ലഡ് സർക്കുലേഷൻ നടക്കുന്നതു പോലെ നിരന്തരം സർക്കുലേറ്റ് ചെയ്യുന്നൊരു ദ്രാവകമാണ് അക്വസ് ഹ്യൂമർ. അതായത് കണ്ണിനുള്ളിൽനിന്ന് ഈ ദ്രാവകം വരുകയും മറ്റൊരു വഴിയിലൂടെ പുറത്തേക്കു പോവുകയും ചെയ്യുന്നു. ഏതെങ്കിലും കാരണവശാൽ ഇത് അധികമായി ഉൽപാദിപ്പിക്കുകയോ പുറത്തേക്കു പോകുന്ന ദ്വാരങ്ങൾ അടയുകയോ ചെയ്താൽ അക്വസ് ഹ്യൂമറിന്റെ അളവ് കണ്ണിൽ കൂടുകയും അതുമൂലം കണ്ണിന്റെ അകത്തെ മർദം വർധിക്കുകയും 20 മില്ലി മീറ്ററിൽ കൂടുതൽ മർദം വരികയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഗ്ലോക്കോമ എന്നറിയപ്പെടുന്നത്.
ഇങ്ങനെ മർദം കൂടിയാൽ എന്തു സംഭവിക്കും?
ഈ മർദത്തിന്റെ ശക്തി കണ്ണിന്റെ പുറകിലേക്കു വരികയും കണ്ണിലെ നേത്രനാഡി (optic nerve) യുടെ രക്തചംക്രമണത്തെ ബാധിക്കുകയും അതുമൂലം നേത്രനാഡി നശിച്ചു തുടങ്ങുകയും ചെയ്യുന്നു. ഏതെങ്കിലും രീതിയിൽ ഈ മര്‍ദം കണ്ടുപിടിച്ച് നിയന്ത്രിച്ചില്ലെങ്കിൽ നേത്രനാഡികൾ നശിച്ചു കൊണ്ടേയിരിക്കും. നശിച്ചു പോയാൽ ഒരിക്കലും പുനരുജ്ജീവിക്കില്ല എന്നതാണ് നേത്രനാഡിയുടെ പ്രത്യേകത. ചികിത്സിക്കാതിരുന്നാൽ നേത്രനാഡിയുടെ നാശത്തിനും അതുവഴി പൂർണമായ അന്ധതയ്ക്കും കാരണമാകുന്നു.
കാഴ്ചയ്ക്കു മുഖ്യമായും രണ്ടു ഘടകങ്ങളാണുള്ളത്. വിഷ്വൽ അക്വിറ്റിയും വിഷ്വൽ ഫീൽഡും ദൂരെയുള്ള ഒരു വസ്തുവിനെ നോക്കിയാൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നതാണ് വിഷ്വൽ അക്വിറ്റി. ഒരു വസ്തുവിനെ നോക്കുമ്പോൾ ആ വസ്തുവിനെയും അതിനു ചുറ്റുമുള്ള വസ്തുക്കളെയും വ്യക്തമായി കാണാൻ സാധിക്കുന്നതാണ് വിഷ്വൽ ഫീൽഡ്.
ഗ്ലോക്കോമ ബാധിച്ച വ്യക്തിക്ക് വിഷ്വല്‍ അക്വിറ്റിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല. രോഗി എന്ത് കാണാൻ ആഗ്രഹിക്കുന്നോ അത് കാണാൻ സാധിക്കും. പക്ഷേ വിഷ്വൽ ഫീൽഡ് പതിയെ കുറഞ്ഞു വരും. ഗ്ലോക്കോമ ചികിത്സിച്ചില്ലെങ്കിൽ വിഷ്വൽ ഫീൽഡ് കുറഞ്ഞ് കുറഞ്ഞ് അവസാനം ട്യൂബുലാർ വിഷനിലെത്തും. അതായത് ഒരു കുഴലിൽ കൂടി നോക്കിയാൽ എങ്ങനെയിരിക്കും? നോക്കുന്ന വസ്തുവിനെ മാത്രം കാണുന്ന, ചുറ്റുമുള്ളത് കാണാൻ സാധിക്കാത്ത അവസ്ഥ. അതുകഴിഞ്ഞും ചികിത്സിച്ചില്ലെങ്കിൽ പൂർണമായും അന്ധതയിലേക്കു വഴി തെളിക്കുന്നു.
∙നേത്രരോഗവിദഗ്ധനെ കണ്ട് ഗ്ലോക്കോമ ടെസ്റ്റ് ചെയ്യേണ്ടത് ആരൊക്കെ?കുടുംബത്തിൽ ആർക്കെങ്കിലും (അച്ഛനോ അമ്മയ്ക്കോ സഹോദരങ്ങൾക്കോ) ഗ്ലോക്കോമ ഉണ്ടെങ്കിൽ ഉറപ്പായും ഒരു നേത്രരോഗവിദഗ്ധന്റെ അടുത്തു പോയി ഗ്ലോക്കോമ പരിശോധന നടത്തണം. പ്രമേഹം, തൈറോയ്ഡ് പോലെയുള്ള രോഗങ്ങൾ ഉള്ളവർ, കണ്ണിൽ ഏതെങ്കിലും രീതിയിൽ അപകടം പറ്റിയിട്ടുള്ളവർ എന്നിവർക്ക് ഗ്ലോക്കോമ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 40 വയസ്സിനു ശേഷം വർഷത്തിൽ ഒരിക്കലെങ്കിലും നേത്രരോഗവിദഗ്ധന്റെ അടുത്തു പോയി ഗ്ലോക്കോമ ഉണ്ടോ എന്ന് ഉറപ്പു വരുത്തണം.
∙പരിശോധനകൾ എന്തൊക്കെ?
കണ്ണിന്റെ മർദം അളക്കുന്ന ടോണോമെട്രിയാണ് പ്രധാന പരിശോധന. വിഷ്വൽ ഫീൽഡ് അളക്കാനായി പെരിമെട്രി എന്ന ടെസ്റ്റാണ് ചെയ്യുന്നത്. കംപ്യൂട്ടർ ഉപയോഗിച്ചു ചെയ്യുന്ന ഈ ടെസ്റ്റിലൂടെ വിഷ്വൽ ഫീൽഡ് എത്ര നഷ്ടമായിട്ടുണ്ട് എന്നു മനസ്സിലാക്കാൻ സാധിക്കും. അതുപോലെ തന്നെ കണ്ണിന്റെ ഞരമ്പിന്റെ പരിശോധന ഓസിടി (OCT) മുതലായ ടെസ്റ്റുകൾ നടത്തി ഗ്ലോക്കോമ ബാധിതനാണോ എന്നു മനസ്സിലാക്കാൻ സാധിക്കും.
∙ ചികിത്സ
മുഖ്യമായും കണ്ണിലൊഴിക്കുന്ന തുള്ളി മരുന്നുകളാണ് ചികിത്സ. ചിലർക്ക് ഒന്നു മുതൽ മൂന്നു വരെ തുള്ളി മരുന്ന് ഉപയോഗിച്ചാൽ മാത്രമേ കണ്ണിലെ മർദം നിയന്ത്രിക്കാൻ പറ്റുകയുള്ളൂ. മൂന്നു തുള്ളിയിൽ കൂടുതല്‍ ആവശ്യമുള്ളപ്പോൾ ലേസർ ട്രീറ്റ്മെന്റ് ഉണ്ട്. അവസാന ഘട്ടത്തിൽ ചെയ്യുന്ന ട്രീറ്റ്മെന്റാണ് ട്രബക്‌ലെക്ടമി എന്ന ശസ്ത്രക്രിയ. കണ്ണിൽ അധികമായി വരുന്ന അക്വസ് ഹ്യൂമറിനെ വഴി തിരിച്ച് പുറത്തേക്കു വിടുന്ന ചികിത്സയാണിത്.
90 ശതമാനം ആളുകളിലും ഗ്ലോക്കോമ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ബാക്കിയുള്ള 10 ശതമാനം ആളുകളിൽ ചെറിയ ലക്ഷണം ഉണ്ടാകാം. കണ്ണിൽ ചെറിയ ചുവപ്പ്, തലവേദന, ഇടയ്ക്കിടയ്ക്ക് കണ്ണട മാറ്റേണ്ട ആവശ്യം വരിക, കണ്ണിന്റെ പവർ മാറുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടേക്കാം.
ഓപൺ ആംഗിൾ ഗ്ലോക്കോമ, ആംഗിൾ ക്ലോഷർ ഗ്ലോക്കോമ എന്നിങ്ങനെ രണ്ടു തരമുണ്ട് ഇത്. അക്യൂട്ട് ആംഗിൾ ക്ലോഷർ ഗ്ലോക്കോമ എന്ന വിഭാഗത്തിൽ, പെട്ടെന്നു കണ്ണിൽ വേദന, തലവേദന, കണ്ണുവേദന, ഛർദ്ദി എന്നിവ അനുഭവപ്പെടും. ഉടനടി ചികിത്സ വേണ്ട അവസ്ഥയാണിത്. എത്രയും പെട്ടെന്ന് കണ്ണിലെ പ്രഷർ കൂടാനുള്ള കാരണം കണ്ടുപിടിക്കുകയും അതിനു വേണ്ട ചികിത്സ കൊടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പൊതുവേ ഒരു അസുഖം വന്നാൽ മരുന്നു കഴിക്കുന്നതോടെ അത് മാറും. എന്നാൽ ഗ്ലോക്കോമയ്ക്ക് പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ കണ്ണിൽ തുള്ളിമരുന്ന് ഒഴിച്ചാലും രോഗിക്ക് യാതൊരു വിധ മാറ്റവും അനുഭവപ്പെടണമെന്നില്ല. ലക്ഷണങ്ങൾ ഇല്ല എന്നതാണ് കാരണം. ഈയൊരു ഘട്ടത്തിൽ പലരും ചികിത്സ ഉപേക്ഷിക്കും. ഗ്ലോക്കോമ ചികിത്സിക്കുന്നത് പോയ കാഴ്ച മടക്കിക്കൊണ്ടുവരാനല്ല. ബാക്കിയുള്ള കാഴ്ച നിലനിർത്താൻ വേണ്ടിയാണ്. അതുകൊണ്ടുതന്നെ ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കുന്നത് അന്ധതയിലേക്ക് നയിക്കാം.
സംശയങ്ങളും തെറ്റിദ്ധാരണകളും ജനങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നതിനാലാണ് ഗ്ലോക്കോമയെക്കുറിച്ച് ബോധവൽക്കരണം നടത്താൻ മാർച്ച് 10 മുതൽ 16വരെ ഗ്ലോക്കോമ വാരം ആചരിക്കുന്നത്. മേൽപറഞ്ഞ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി ഒരു നേത്രരോഗ വിദഗ്ധനെ കാണുകയും പരിശോധന നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. ദീപ്തി ലാൽ, ഒഫ്താൽമിക് സര്‍ജൻ, ജില്ലാ ആശുപത്രി, നെടുമങ്ങാട് )
കണ്ണിന്റെ ആരോഗ്യം നിലനിർത്താനുള്ള ഡയറ്റും വ്യായാമങ്ങളും: വിഡിയോ