വയറിലെ അര്‍ബുദത്തെ അതിജീവിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍; അറിയാം അര്‍ബുദ ലക്ഷണങ്ങള്‍
Mail This Article
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് അസോസിയേഷന്‍ മേധാവിയും മലയാളിയുമായ എസ്. സോമനാഥ് അടുത്തിടെയാണ് തന്നെ ബാധിച്ചിരുന്ന അര്‍ബുദത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ആദിത്യ എല്‍-1 ദൗത്യത്തിന്റെ വിക്ഷേപണ ദിവസമാണ് തനിക്ക് വയറിലെ അര്‍ബുദം സ്ഥിരീകരിക്കപ്പെട്ടതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ശസ്ത്രക്രിയയും കീമോതെറാപ്പിയുമെല്ലാം കഴിഞ്ഞ് അര്‍ബുദത്തെ അതിജീവിച്ചിരിക്കുകയാണ് സോമനാഥ്.
ഇന്ത്യയില്‍ പുരുഷന്മാര്‍ക്ക് സാധാരണ വരുന്ന അര്‍ബുദങ്ങളില്‍ അഞ്ചാം സ്ഥാനത്തും സ്ത്രീകള്‍ക്ക് വരുന്ന അര്‍ബുദങ്ങളില്‍ ഏഴാം സ്ഥാനത്തുമാണ് ഉദര അര്‍ബുദം. ആഗോള തലത്തില്‍ അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് വയറിലെ അര്‍ബുദം മൂലമുള്ള മരണങ്ങള്‍.
വയറിന്റെ ആവരണത്തിലെ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയിലാണ് ഉദരത്തിലെ അര്‍ബുദം ആരംഭിക്കുന്നത്. ആദ്യ ഘട്ടങ്ങളില്‍ പലര്‍ക്കും ഈ അര്‍ബുദം മൂലമുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷമാകില്ലെന്ന് ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളിലെ വിദഗ്ധര്‍ പറയുന്നു.
60 വയസ്സിന് മുകളിലുള്ളവരിലാണ് പൊതുവേ ഉദര അര്‍ബുദം നിര്‍ണ്ണയിക്കപ്പെടാറുള്ളത്. പുകച്ചതും ഉപ്പ് അധികം ചേര്‍ത്തതും അച്ചാറിട്ടതുമായ ഭക്ഷണങ്ങള്‍ ധാരാളമടങ്ങിയ ഭക്ഷണക്രമം, ഉയര്‍ന്ന തോതിലുള്ള മദ്യപാനവും പുകവലിയും, വയറിലെ അള്‍സര്‍, മുന്‍പ് നടത്തിയ ഉദര ശസ്ത്രക്രിയകള്‍, കുടുംബത്തിലെ അര്‍ബുദ ചരിത്രം എന്നിങ്ങനെ വയറിലെ അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ നിരവധിയാണ്.
അഡനോകാര്‍സിനോമ, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ സ്‌ട്രോമല്‍ ട്യൂമര്‍, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ന്യൂറോഎന്‍ഡോക്രൈന്‍ ട്യൂമര്‍, പ്രൈമറി ഗാസ്ട്രിക് ലിംഫോമ എന്നിങ്ങനെ ഉദര അര്‍ബുദങ്ങള്‍ പല തരത്തിലുണ്ട്.
വിശപ്പില്ലായ്മ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഓക്കാനം, ഛര്‍ദ്ദി, ദഹനക്കേട്, നെഞ്ചെരിച്ചില്‍, വിശദീകരിക്കാനാവാത്ത ഭാരനഷ്ടം, വയറില്‍ ഗ്യാസ് കെട്ടല്‍, രക്തം ഛര്‍ദ്ദിക്കല്‍, പൊക്കിളിന് മുകളിലായി വയറിന് വേദന, ചെറുതായി ഭക്ഷണം കഴിച്ചാല്‍ പോലും വയര്‍ നിറഞ്ഞ തോന്നല്‍ എന്നിവയെല്ലാം ഉദര അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.
ചില തരം രക്ത പരിശോധനകള്‍, സിടി സ്‌കാന്‍, ബേരിയം സ്വാളോ ടെസ്റ്റ്, എംആര്‍ഐ, എന്‍ഡോസ്‌കോപ്പിക് അള്‍ട്രാസൗണ്ട്, അപ്പര്‍ എന്‍ഡോസ്‌കോപ്പി എന്നിവ വഴിയാണ് വയറിലെ അര്‍ബുദം നിര്‍ണ്ണയിക്കാറുള്ളത്.
അര്‍ബുദം എത്ര അളവില്‍ പടര്‍ന്നിട്ടുണ്ട് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചികിത്സ നിര്‍ണ്ണയിക്കുക. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍, ഇമ്മ്യൂണോതെറാപ്പി എന്നിവയെല്ലാം ഈ അര്‍ബുദത്തിനെതിരെയുള്ള ചികിത്സയില്‍ ഉള്‍പ്പെടുന്നു. രോഗത്തിന്റെ തീവ്രത അനുസരിച്ച് ഇതില്‍ ഏതെങ്കിലുമൊന്നോ ഒന്നിലധികം ചികിത്സികളോ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നതാണ്.
വൈറ്റമിൻ ഡി കുറഞ്ഞാൽ എന്ത് സംഭവിക്കും: വിഡിയോ