ADVERTISEMENT

എന്ത്‌ ഭക്ഷണം കഴിക്കുന്നു എന്നത്‌ പോലെ തന്നെ പ്രധാനമാണ്‌ എപ്പോള്‍ ഭക്ഷണം കഴിക്കുന്നു എന്നതും. ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം രാത്രിഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നത്‌ അതിപ്രധാനമാണ്‌. വൈകുന്നേരം അഞ്ച്‌ മണിക്കും രാത്രി ഏഴ്‌ മണിക്കും ഇടയില്‍ രാത്രിഭക്ഷണം പൂര്‍ത്തിയാക്കുന്നത്‌ ഭാരം കുറയാന്‍ മാത്രമല്ല സഹായിക്കുക. നേരത്തെയുള്ള അത്താഴം മൂലമുള്ള മറ്റ്‌ ഗുണങ്ങള്‍ ഇനി പറയുന്നവയാണ്‌.

1. മികച്ച ഉറക്കം
രാത്രിയില്‍ നേരത്തെ ഭക്ഷണം കഴിക്കുന്നത്‌ ഇത്‌ ദഹിച്ച ശേഷം ലഘുവായ വയറോടെ ഉറങ്ങാന്‍ കിടക്കാന്‍ സഹായിക്കും. ആസിഡ്‌ റീഫ്‌ളക്‌സ്‌, ദഹനക്കേട്‌ പോലുള്ള പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ സുഖമായി ഉറങ്ങാന്‍ ഈ ശീലം പിന്തുടര്‍ന്നാല്‍ മതിയാകും.

Representative Image. Photo Credit : Deepak Sethi / iStockPhoto.com
Representative Image. Photo Credit : Deepak Sethi / iStockPhoto.com

2. കുറഞ്ഞ രക്തസമ്മര്‍ദ്ദം
ഉറങ്ങുന്നതിന്‌ മുന്‍പ്‌ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ശരീരത്തിന്‌ സമയം ലഭിക്കുന്നത്‌ കാര്‍ഡിയോവാസ്‌കുലര്‍ സംവിധാനത്തിന്‌ മേലുള്ള സമ്മര്‍ദ്ദം കുറയ്‌ക്കും. ഇത്‌ രക്തസമ്മര്‍ദ്ദം കുറയാനും സഹായകമാണ്‌.

3. മെച്ചപ്പെട്ട ദഹനം
ഉണര്‍ന്നിരിക്കുന്ന സമയത്ത്‌ തന്നെ ഭക്ഷണത്തിന്റെ ചയാപചയം നടത്താന്‍ ശരീരത്തിന്‌ സാധിക്കുന്നത്‌ മെച്ചപ്പെട്ട ദഹനത്തിലേക്ക്‌ നയിക്കും. പോഷണങ്ങള്‍ മികച്ച രീതിയില്‍ വലിച്ചെടുക്കാനും ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

4. കലോറി കത്തിക്കാം
വൈകുന്നേരം നേരത്തെ കഴിച്ചാല്‍ ഉറക്കത്തിന്‌ മുന്‍പ്‌ ഈ കലോറി കത്തിക്കാനുള്ള അവസരം ശരീരത്തിന്‌ ലഭിക്കുന്നു. ആവശ്യമില്ലാത്ത ഊര്‍ജ്ജം കൊഴുപ്പായി ശരീരത്തില്‍ അടിയാതിരിക്കാന്‍ ഇത്‌ സഹായിക്കും. ഭാരം കുറയ്‌ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത്‌ തടയാനും ഇത്‌ വഴി സാധിക്കും.


Representative image. Photo Credit:photohasan/Shutterstock.com
Representative image. Photo Credit:photohasan/Shutterstock.com

5. പഞ്ചസാര നിയന്ത്രിക്കും
ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റുകളെ സംസ്‌കരിക്കാനും ചയാപചയം നടത്താനും ഉറക്കത്തിന്‌ മുന്‍പ്‌ ധാരാളം സമയം ശരീരത്തിന്‌ ലഭിക്കുമെന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത്‌ നിയന്ത്രിക്കാനും നേരത്തെയുള്ള അത്താഴം സഹായകമാണ്‌.

6. ഹൃദ്രോഗസാധ്യത കുറയും
നേരത്തെ രാത്രിഭക്ഷണം കഴിക്കുന്നവര്‍ക്ക്‌ ഹൃദ്രോഗ സാധ്യതയും പൊതുവേ കുറവായിരിക്കും. കുറഞ്ഞ പ്രമേഹവും മെച്ചപ്പെട്ട ലിപിഡ്‌ പ്രൊഫൈലുമാണ്‌ ഇതിന്‌ സഹായിക്കുക.

Representative image. Photo Credit:Deepak Sethi/istockphoto.com
Representative image. Photo Credit:Deepak Sethi/istockphoto.com

7. മികച്ച ഹോര്‍മോണ്‍ ബാലന്‍സ്‌
വിശപ്പും സംതൃപ്‌തിയും സമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഹോര്‍മോണുകളുടെ സന്തുലനം നിലനിര്‍ത്താനും നേരത്തെയുള്ള രാത്രിഭക്ഷണം സഹായിക്കും.

8. വര്‍ദ്ധിച്ച ഊര്‍ജ്ജം
രാത്രി മുഴുവനും പിറ്റേ ദിവസവും സുസ്ഥിരമായ ഊര്‍ജ്ജത്തിന്റെ തോത്‌ നിലനിര്‍ത്താനും മികച്ച ഉത്‌പാദനക്ഷമതയും മാനസിക ജാഗ്രതയും കൈവരിക്കാനും നേരത്തെയുള്ള രാത്രി ഭക്ഷണം സഹായകമാണ്‌.

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Discover the Surprising Benefits of Dining Before Dusk: Unlock Health and Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com