നീന്തലോളം നല്ല വ്യായാമമില്ല; പക്ഷേ ആഴങ്ങൾ ജീവനെടുക്കാതിരിക്കാൻ ഇതു ശ്രദ്ധിക്കാം
Mail This Article
കടുത്ത വേനൽച്ചൂടിൽ തണുത്ത വെള്ളത്തിൽ നീന്തിത്തുടിക്കുന്നതിന്റെ സുഖം. ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിരാണ്. സ്കൂൾ അവധിയും വേനൽക്കാലവും എത്തുന്നതോടെ നീന്തൽക്കളരികൾ സജീവമാവുകയാണ്. നീന്തൽ വശമില്ലാത്തവരും പരിചയക്കുറവ് ഉള്ളവരുമെല്ലാം പുഴയിൽ ഇറങ്ങുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. 3 ദിവസത്തിനിടെ മൂവാറ്റുപുഴയാറ്റിൽ ഉണ്ടായ അപകടത്തിൽ 4 പേർക്കു ജീവഹാനി സംഭവിച്ചു. താൽപര്യം ഉണ്ടെങ്കിൽ 5 വയസ്സു മുതൽ ആർക്കും പഠിക്കാവുന്നതാണു നീന്തൽ.
തുടക്കം
ആദ്യം കുളത്തിലെ വെള്ളത്തിൽ ഇറക്കി നിലയുള്ള ഭാഗത്തു കൂടി നടത്തുകയാണു ചെയ്യുക. എങ്കിൽ മാത്രമേ വെള്ളത്തിൽ പരിചയവും ബാലൻസും ഉണ്ടാകൂ. പാമ്പാക്കുട എംടിഎം ഹയർ സെക്കൻഡറി സ്കൂളിലെ പരിശീലകൻ ജോൺസൺ ജോസഫ് പറയുന്നു. ബാലൻസിനു പിന്നാലെ മുങ്ങുന്നതിനു പഠിപ്പിക്കും. പിന്നാലെ ശ്വാസോച്ഛ്വാസം എങ്ങിനെ വേണമെന്നതു സംബന്ധിച്ചാണു പരീശീലനം. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതിനും വെള്ളം കൂടുതലായി കുടിക്കുന്നത് ഒഴിവാക്കുന്നതിനുമെല്ലാം ശ്വസനരീതി പ്രയോജനപ്പെടും. വായിലൂടെ ശ്വാസമെടുത്തു മൂക്കിലൂടെ പുറത്തേക്കു വിടുകയാണു ചെയ്യേണ്ടത്. പിന്നീടു കാൽ ഉപയോഗിച്ചു തുഴയാൻ പഠിപ്പിക്കും. പിന്നാലെ കൈ ഉപയോഗിക്കാൻ പഠിപ്പിക്കും. ഇങ്ങനെ ഘട്ടങ്ങൾ കടന്നാണു പരിശീലനം പൂർത്തിയാകുന്നത്.
നാലു രീതി
നീന്തലിൽ 4 രീതികളാണു പരിശീലിപ്പിക്കാറുള്ളതെന്നു കക്കാട് ടൗൺ അക്വാറ്റിക് ക്ലബ്ബിലെ പരിശീലകൻ ജയിംസ് ഓണിശേരിൽ പറഞ്ഞു. ബ്രെസ്റ്റ് സ്ട്രോക്ക്, ബട്ടർഫ്ലൈ, ബാക്ക് സ്ട്രോക്ക്, ഫ്രീ സ്റ്റൈൽ എന്നിവയാണവ. വിദ്യാർഥികളെ ആദ്യം പഠിപ്പിക്കുന്നതു ഫ്രീ സ്റ്റൈലാണ്. ഇതിൽ മികവു തെളിയിച്ചാൽ മറ്റുള്ളവയും വേഗം പരിശീലിക്കാം.
മികച്ച വ്യായാമം
നീന്തിത്തുടിക്കുമ്പോൾ ശരീരത്തിനു മുഴുവൻ വ്യായാമം ലഭിക്കുമെന്നാണു കക്കാട് അക്വാറ്റിക് ക്ലബ് പ്രസിഡന്റ് ജേക്കബ് തുമ്പയിൽ പറയുന്നത്. നീന്തുമ്പോൾ നടക്കുന്നതിനെക്കാൾ ശ്വസനം ലഭിക്കും. ഹൃദയം, ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങൾക്കും ഏറെ പ്രയോജനപ്പെടും. സ്ഥിരമായി നീന്തുന്നവർക്ക് ആത്മവിശ്വാസവും ഏകാഗ്രതയും മെച്ചപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ജാഗ്രത നിർദേശങ്ങൾ
1. നീന്തൽ അറിയാത്തവർ ജലാശയങ്ങളിൽ കുളിക്കാൻ ഇറങ്ങാതിരിക്കുക.
2. പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക.
3. മുതിർന്നവർ ഇല്ലാതെ കുട്ടികൾ വെള്ളത്തിലേക്ക് ഇറങ്ങരുത്.
4. നീന്താൻ ഇറങ്ങുമ്പോൾ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കുക.
5. ആഴമറിയാതെ വെള്ളത്തിലേക്ക് എടുത്തു ചാടരുത്.
6. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും കുട്ടികൾ സുരക്ഷിതരല്ല.
7. നേരം ഇരുട്ടിയതിനു ശേഷം വെള്ളത്തിൽ ഇറങ്ങരുത്.
8. മദ്യവും ലഹരിയും ഉപയോഗിച്ച ശേഷവും വെള്ളത്തിൽ ഇറങ്ങരുത്.
9. ആയാസകരമായ നീന്തൽ ഒഴിവാക്കുക
(വിവരങ്ങൾക്കു കടപ്പാട്: ടി.ജെ. ജിജിമോൻ, ഫയർ സ്റ്റേഷൻ ഓഫിസർ, കല്ലൂർക്കാട് )