മുട്ട കഴിക്കാൻ പേടിയാണോ? ഇങ്ങനെ കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന ഭയം വേണ്ട
Mail This Article
പോഷണസമ്പുഷ്ടമായ ആഹാരമെന്ന് സമ്മതിച്ചാലും പലരും ഭയക്കുന്ന ഭക്ഷണമാണ് മുട്ട്. ഇനി കഴിച്ചാല്‍ തന്നെ മുട്ടയുടെ വെള്ള മതിയെന്ന് പറയും. മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ ഉയരുമോ എന്ന ചിന്തയാണ് ഈ ആശങ്കയ്ക്ക് പിന്നില്‍. എന്നാല്‍ സമ്പുഷ്ടീകരിച്ച മുട്ട കഴിക്കുന്നവരുടെ കൊളസ്ട്രോള്‍ ഉയരില്ലെന്നും ഇത് ധൈര്യമായി ദിവസവും കഴിക്കാമെന്നും പുതിയ പഠനം വെളിപ്പെടുത്തുന്നു.
നോര്‍ത്ത് കരോളിന ഡ്യൂക് ക്ലിനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നാലു മാസക്കാലത്തേക്ക് ആഴ്ചയില്‍ പന്ത്രണ്ടോ അതിലധികമോ സമ്പുഷ്ടീകരിച്ച മുട്ട കഴിച്ചവര്‍ക്കും മുട്ട കഴിക്കാത്തവര്ക്കുമെല്ലാം സമാനമായ തോതിലുള്ള കൊളസ്ട്രോള്‍ തോതാണുള്ളതെന്ന് ഗവേഷണഫലം ചൂണ്ടിക്കാണിക്കുന്നു. ഹൃദ്രോഗസാധ്യതയുള്ള 140 രോഗികളിലാണ് പഠനം നടത്തിയത്.
ഇവരുടെ രക്തസാംപിളുകള്‍ പഠനകാലയളവില്‍ ഇടയ്ക്കിടെ പരിശോധിച്ചു കൊണ്ടേയിരുന്നു. കൊളസ്ട്രോള്‍ തോതില്‍ കാര്യമായ വ്യത്യാസങ്ങല്‍ ഇരു സംഘങ്ങള്‍ക്കും ഇടയില്‍ ഉണ്ടായില്ലെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ സമ്പുഷ്ടീകരിച്ച മുട്ട പ്രായമായവര്‍ക്കും പ്രമേഹക്കാര്‍ക്കും ഗുണപ്രദമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ മുട്ടയെ അപേക്ഷിച്ച് സാച്ചുറേറ്റഡ് കൊഴുപ്പ് കുറഞ്ഞ മുട്ടയാണ് സമ്പുഷ്ടീകരിച്ച മുട്ട. ഇതില്‍ അയഡിന്‍, വൈറ്റമിന്‍ ഡി, സെലീനിയം, വൈറ്റമിന്‍ ബി12, ബി5, ബി2, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ അധിക വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.
അതേ സമയം മുട്ടയുടെ ഒപ്പം വെണ്ണ ചേര്‍ന്ന ടോസ്റ്റ്, ഉണക്കിയ പന്നിയിറച്ചി പോലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണമെന്ന് ഗവേഷണത്തിന് നേതൃത്വം നല്കിയ ഡ്യൂക് ക്ലിനിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നിന നൗഹ്രവേഷ് പറയുന്നു. അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷിക സയന്റിഫിക്ക് സമ്മേളനത്തില്‍ പഠനറിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടു.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം? വിഡിയോ