വേനൽകാലത്ത് വർക്ഔട്ട് ചെയ്യേണ്ടത് എപ്പോൾ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചൂടിനെ ഭയക്കാതെ വ്യായാമം ചെയ്യാം
Mail This Article
ചൂടായാലും തണുപ്പായാലും ആരോഗ്യം വേണമെങ്കിൽ വ്യായാമം ചെയ്യണം, ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. വേനൽക്കാലത്ത് പൊതുവേ പലരും വ്യായാമങ്ങളിൽനിന്നും ഒഴിഞ്ഞുമാറുന്നത് കടുത്ത ചൂടാണ് എന്ന കാരണത്താലാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏതു ചൂടിലും സുഖമായി വ്യായാമം ചെയ്യാവുന്നതാണ്.
വ്യായാമം ചെയ്യാൻ പലർക്കും പല സമയമായിരിക്കും ഇഷ്ടവും സൗകര്യപ്രദവും. എന്നാൽ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നത് എളുപ്പമല്ലാത്തതിനാൽ സ്വന്തം സൗകര്യം മാത്രം നോക്കിയാൽ പോല, ചൂടിന്റെ കാഠിന്യവും കണക്കിലെടുക്കണം.
1. ദിവസത്തില്‍ ഏറ്റവും ചൂടേറിയ സമയമാണ് രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞു 3 വരെ. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക
2. ചൂടുകാലത്ത് വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ ആണ്. അത്രയും നേരത്തേ എഴുന്നേൽക്കാൻ കഴിയുന്നില്ലെങ്കിൽ സൂര്യാസ്തമയത്തിനുശേഷം വ്യായാമം ചെയ്യാം.
3. വ്യായാമം ചെയ്യുമ്പോൾ ഇളം നിറമുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണം. ഇരുണ്ട നിറങ്ങൾ ചൂട് ആകിരണം ചെയ്യും
4. വ്യായാമം ചെയ്യുന്നതിനു അൽപ്പം മുമ്പ് കുറഞ്ഞത് രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക
5. വീട്ടിലാണെങ്കിലും ജിമ്മിലാണെങ്കിലും വ്യായാമം ചെയ്യുമ്പോൾ തൊട്ടടുത്ത തന്നെ വെള്ളം നിറച്ച കുപ്പി മറക്കാതെ കരുതുക .
6. ഇട നേരങ്ങളിൽ വെള്ളം കുടിക്കാൻ മറക്കരുത്
7. വ്യായാമം പൂർത്തിയായതിനു ശേഷം കൂടുതൽ വെള്ളം കുടിക്കാവുന്നതാണ്
വെള്ളം കുടിച്ചാൽ മാത്രം പോര. വ്യായാമം ചെയ്യുമ്പോൾ ശരീരത്തിൽ നിന്ന് ജലാംശം മാത്രമല്ല ഇലക്ട്രോലൈറ്റുകളും ഉപ്പും വിയർപ്പിലൂടെ നഷ്ടപ്പെടും. ശരീരത്തിലെ ദ്രാവകങ്ങളുടെ ബാലൻസ് നിയന്ത്രിക്കാൻ സഹായിക്കുന്ന ധാതുക്കളാണ് ഇലക്ട്രോലൈറ്റുകൾ. ഇവയിൽ പൊട്ടാസിയം, സോഡിയം, ക്ലോറൈഡ്, മഗ്നീഷ്യം, കാൽസ്യം എന്നിവ ഉൾപ്പെടുന്നു. അതുകൊണ്ട് താഴെപ്പറയുന്ന ചിട്ടകൾ ശ്രദ്ധിക്കണം.
1. വേനൽ ചൂടും അമിത വിയർപ്പും ശരീരത്തിൽ നിർജലീകരണം ഉണ്ടാക്കും .അതുകൊണ്ട് ദിവസവും രണ്ടു മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കണം .ഒരു കിലോഗ്രാം ശരീര ഭാരത്തിന് 30 മുതൽ 35 മില്ലി വെള്ളം എന്നതാണ് കുറഞ്ഞ കണക്ക്.
2. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
3. രാവിലെ 11 മണിക്കും വൈകുന്നേരം അഞ്ചുമണിക്കും ഇടയിലുള്ള സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
4. കണ്ണുകളെ സംരക്ഷിക്കുക.അതിനായി പുറത്തിറങ്ങുമ്പോൾ 99% അൾട്രാവയലറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്ന സൺഗ്ലാസ്സുകൾ മടികൂടാതെ ധരിക്കാവുന്നതാണ്.
5. മദ്യപാനം, കാപ്പി തുടങ്ങിയവ ഒഴിവാക്കുക. ഇവ നമ്മുടെ ശരീരത്തിൽ വളരെ പെട്ടെന്ന് നിർജലീകരണം ഉണ്ടാക്കും
6. സൺസ്‌ക്രീൻ ഉപയോഗിക്കുക. വേനൽക്കാലമോ ശൈത്യകാലമോ തെളിഞ്ഞ കാലാവസ്ഥയോ ഏതുമാകട്ടെ എസ്പിഎഫ് 30 അല്ലെങ്കിൽ ഉയർന്ന അളവിലുള്ള സൺസ്‌ക്രീൻ വെയിലടിക്കുന്ന ശരീരഭാഗത്ത് പുരട്ടുക. ഇല്ലെങ്കിൽ സൂര്യതാപത്തിന് ഇരയാകും.
7. മിതമായ രീതിയിൽ കട്ടി കുറഞ്ഞ ഭക്ഷണം ഇടയ്ക്കിടെ കഴിക്കാം. ഉയർന്ന കാർബോഹൈഡ്രേറ്റ്സും കൊഴുപ്പും അടങ്ങിയ കനത്ത ഭക്ഷണം ശരീരത്തിൽ ധാരാളം ചൂട് ഉണ്ടാക്കുന്നു. അതിനാൽ ഓറഞ്ച്, തണ്ണിമത്തൻ, തക്കാളി, പഴുത്ത മാങ്ങ, കക്കിരി തുടങ്ങിയ ജലാംശം ഉള്ള പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക.
8. പച്ചക്കറികൾ കൊണ്ടുള്ള സൂപ്പ്, സംഭാരം, ജീരകവെള്ളം, സർബത്ത്, കരിക്കിൻ വെള്ളം ഇവയെല്ലാം ശരീരത്തെ തണുപ്പിക്കുന്നു. അതുപോലെ തൈര്, മോര് ആഹാരത്തിൽ ശീലമാക്കുക.
9. എരിവ്, പുളി, മസാല, വറുത്ത പൊരിച്ച ആഹാരങ്ങൾ മാറ്റിവയ്ക്കുക. മധുരം, കയ്പ്പ്, ചവർപ്പ് എല്ലാം മിതമായി ഉപയോഗിക്കാം. ആവിയിൽ വേവിക്കുന്ന ഇടിയപ്പം, പുട്ട് പോലുള്ള പെട്ടെന്ന് ദഹിക്കുന്ന ആഹാരങ്ങൾ കഴിക്കുക.
10. കൃത്രിമ നിറങ്ങളും കൂടുതൽ മധുരവും ചേർത്ത് പാനിയങ്ങളും ഒഴിവാക്കുക.
11. ചുവന്ന മുളകിന് പകരം എരിവ് കുറഞ്ഞ പച്ചമുളക്, ചുക്കിനു പകരം ഇഞ്ചിയും ഉപയോഗിക്കാം.
ഓർക്കുക, ഏതൊരു വിഷമത്തെയും പ്രശ്നങ്ങളെയും മറികടക്കാൻ സഹായിക്കുന്ന ഒരേയൊരു ഒറ്റമൂലി, 'ദി മാജിക് പിൽ' എന്നത് വർക്ഔട്ടും നല്ല ഭക്ഷണവും ആണ്. അത് ആരോഗ്യത്തെയും ആത്മവിശ്വാസത്തെയും ഉയർത്തുന്നു.
(ലേഖകൻ കോട്ടയം കിംഗ് ലിയോസ് ഫിറ്റ്നസ് സെൻറർ ആൻഡ് സ്കൂൾ ഓഫ് ഫിറ്റ്നസ് സയൻസസിലെ ഫിറ്റ്നസ്സ് കോച്ച് ആണ് )
നടുവേദന അകറ്റാൻ ഏതു പ്രായക്കാർക്കും ചെയ്യാവുന്ന സ്ട്രെച്ചുകൾ: വിഡിയോ