ചൂടുവെള്ളത്തിലെ കുളിയാണോ നല്ലത്? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരവും വൃത്തിയാകും മനസ്സും ശാന്തമാകും
Mail This Article
ഈ വേനലിൽ കുളിക്കാതിരിക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ല. ദിവസം ഒന്നും രണ്ടും തവണ കുളിച്ചിരുന്നവരൊക്കെ ഇപ്പോൾ മൂന്നും നാലും തവണ നല്ല തണുത്ത വെള്ളത്തിൽ കുളിക്കുകയാണ്. അത്ര ചൂടാണല്ലോ പുറത്ത്.
എങ്ങനെയാണ് ശരിയായ രീതിയിൽ കുളിക്കേണ്ടതെന്ന് ഈ ലോകാരോഗ്യ ദിനത്തിൽ അറിഞ്ഞാലോ?
രാവിലെ പല്ലുതേപ്പും ബെഡ്കോഫിയും കഴിഞ്ഞാൽ പിന്നത്തെ പതിവ് കുളിയാണ്. പണ്ടും ഇന്നും. പണ്ട് ബ്രാഹ്മ മുഹൂർത്തത്തിലെ മുങ്ങിക്കുളിയിലാണ് മലയാളിയുടെ പുലരികൾ ആരംഭിച്ചിരുന്നത്. ധാരാളം സമയമെടുത്തുള്ള നീരാട്ട് ഒരേ സമയം കുളിയും വ്യായാമവും കൂടിയായിരുന്നു. പുലർച്ചെ നാലു നാലരയ്ക്കുള്ള ബ്രാഹ്മ മുഹൂർത്തത്തിൽ ജലത്തിൽ പ്രാണശക്തി കൂടുതലാണെന്നാണ് വിശ്വാസം. ആ സമയം കുളിക്കുന്നത് വെള്ളത്തിലെ പ്രാണശക്തി ശരീരത്തിലേക്കു ലയിക്കാനും അങ്ങനെ പൊസിറ്റീവ് ഊർജം നിറയാനും സഹായിക്കുമെന്നായിരുന്നു വിശ്വാസം. കുളി അടച്ചിട്ട മുറിയിലായതോടെ സമയവും രീതികളും മാറിമറിഞ്ഞു. എങ്കിലും ഇന്നും ശരാശരി മലയാളി രാവിലെ കുളി കഴിഞ്ഞേ പുറത്തിറങ്ങാറുള്ളൂ.
പ്രാതലിനു മുൻപേ കുളി എന്നതാണ് മിക്കവരുടെയും ശീലം. അതാണ് ഉത്തമവും. കാരണം ആമാശയത്തിലെത്തിയ ഭക്ഷണം ദഹിപ്പിക്കാനായി പേശികളിൽ നിന്നും രക്തയോട്ടം വയറിലേക്ക് ശരീരം തിരിച്ചുവിടാറുണ്ട്. ഭക്ഷണശേഷം ഉടനെ കുളിക്കുന്നത് ശരീര താപനില കുറയ്ക്കും. ഇത് രക്തപ്രവാഹം കുറയ്ക്കാം. ഭക്ഷണശേഷം പെട്ടെന്നു ശരീരതാപനില കുറയുന്നത് ദഹനശേഷി മന്ദീഭവിപ്പിക്കുമെന്ന് ആയുർവേദവും പറയുന്നു. ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണമെന്ന ചൊല്ലിനു പിന്നിലെ സയൻസ് ഇതാകാം.
ശരീരത്തിലടിഞ്ഞു കൂടുന്ന വിയർപ്പും അമിത എണ്ണയും മൃതകോശങ്ങളും അഴുക്കും ബാക്ടീരിയയും നീക്കുകയാണ് കുളികൊണ്ടുദ്ദേശിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ പ്രഭാതത്തെക്കാൾ വൈകുന്നേരങ്ങളിലാണ് കുളിക്കേണ്ടതെന്നു തോന്നാം. എന്നാൽ, രാവിലത്തെ കുളി ഉന്മേഷത്തിനുള്ളതാണെന്നാണ് ശാസ്ത്രം പറയുന്നത്. രാവിലെ കുളിക്കുമ്പോൾ ശരീരതാപം കുറയുമെങ്കിലും ഉറക്കച്ചടവും ആലസ്യവും അകലും. പ്രഭാത വ്യായാമം കഴിഞ്ഞ് വിയർപ്പുതാന്നു കഴിയുമ്പോൾ കുളിക്കുന്നത് വിയർപ്പുഗന്ധമുണ്ടാക്കുന്ന ബാകടീരിയകളെ കഴുകി നീക്കി ശരീരം ഫ്രഷാക്കും.
ചൂടുവെള്ളത്തിൽ കുളിക്കണോ ?
ഐസ്ക്രീം ഹെഡ് ഏക്ക് പോലെ തണുപ്പുമൂലം ഉണ്ടാകുന്ന തലവേദന വരാറുള്ളവർക്ക് തണുത്ത വെള്ളത്തിലെ കുളി മൈഗ്രെയ്ൻ വരാൻ ഇടയാക്കിയേക്കാം. പ്രായമായ, ന്യൂറോപതി പോലുള്ള പ്രശ്നങ്ങൾ ഉള്ളവരിൽ രക്തചംക്രമണം കുറയ്ക്കുന്നതു മൂലം കാൽ മരവിപ്പ് പോലുള്ള പ്രശ്നങ്ങൾ വർധിക്കാം. വാതരോഗമുള്ളവർക്കും സന്ധി വേദനകളുള്ളവർക്കും വേദന കൂടാൻ തണുപ്പ് ഇടയാക്കാം. ഇവർക്കൊക്കെ ഇളംചൂടുവെള്ളത്തിലെ കുളിയാണ് ഉത്തമം. അലർജി പ്രശ്നമുള്ളവർക്കും ജലദോഷം ഉള്ളവർക്കും ചെറുചൂടുവെള്ളത്തിലെ കുളി സുഖപ്രദമായ അനുഭവമായിരിക്കും. മഴക്കാലത്ത് കുളിക്കാൻ ചൂടുവെള്ളം തന്നെയാണ് നല്ലത്. പനി പോലുള്ള രോഗങ്ങൾക്കു ശേഷമുള്ള ആദ്യത്തെ കുളി തിളച്ചാറിയ വെള്ളത്തിലാക്കാം. കൊച്ചുകുട്ടികളെ കുളിപ്പിക്കാൻ ഇളംചൂടുവെള്ളം തയാറാക്കുമ്പോൾ ചൂടുവെള്ളത്തിൽ പച്ചവെള്ളം കലർത്തുന്നതിലും നല്ലത് തിളച്ചാറിയ വെള്ളം ഉപയോഗിക്കുന്നതാണ്.
എന്നാൽ തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ചവർ മറ്റ് ആരോഗ്യപ്രശ്നമൊന്നുമില്ലെങ്കിൽ അതു തുടരുന്നതിൽ കുഴപ്പമില്ല.
എന്നും കുളിച്ചാൽ
ദിവസവും കുളിച്ചാൽ ചർമത്തിലെ സ്വാഭാവികമായുള്ള എണ്ണമയം നഷ്ടപ്പെടുമെന്നും അണുബാധയ്ക്കു സാധ്യത വർധിക്കുമെന്നും ചില പഠനങ്ങളുണ്ട്. എന്നാൽ ആർദ്രതയും ചൂടും കൂടിയ കാലാവസ്ഥ ഉള്ള കേരളത്തിൽ വിയർക്കാനുള്ള സാധ്യതയും കൂടുതലായതിനാൽ ദിവസവും കുളിക്കുന്നതു തന്നെയാണ് മലയാളിക്ക് ചർമാരോഗ്യത്തിനു നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാൽ സന്ധ്യ കഴിഞ്ഞ് കുളിക്കുമ്പോൾ തല കുളിക്കാതിരിക്കുന്നതാണ് ഉത്തമം. തലമുടി ഉണങ്ങാൻ താമസിക്കുന്നതിനാൽ തലയിൽ തണുപ്പുതങ്ങി സൈനസൈറ്റിസും ജലദോഷവും ഒക്കെ വരാനുള്ള സാധ്യത കൂടുതലാണ്.
സോപ്പുപയോഗം മിതമായി
രാവിലെ കുളിയും രാത്രിയിൽ മേൽ കഴുകലും എന്നതാണ് നമ്മുടെ ശീലം. രണ്ടുനേരം കുളിക്കുമ്പോൾ സോപ്പിന്റെ ഉപയോഗം അമിതമാകാൻ ഇടയുണ്ട്. ഇത് ചർമത്തിനു ദോഷകരമാകാം. സോപ്പു നേരിട്ടു ശരീരത്തിലേക്കു തേക്കാതെ കയ്യിൽ തേച്ചു പതപ്പിച്ച് തേയ്ക്കുന്നതാണ് നല്ലത്. ഏതെങ്കിലും ഒരു നേരം പയറു പൊടിയോ സ്നാനചൂർണമോ പോലുള്ള പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കാം. മുഖത്ത് സോപ്പു പുരട്ടുന്നത് മുഖചർമം വരണ്ടതാക്കാം. അതുകൊണ്ട് സോപ്പ് ഫ്രീ ഫെയ്സ് വാഷ് കൊണ്ട് മുഖം കഴുകുന്നതാണ് നല്ലത്.
ആദ്യം തല കഴുകണോ ?
കാലിൽ വെള്ളമൊഴിച്ച് വേണം കുളി തുടങ്ങാൻ എന്നു പഴമക്കാർ പറയാറുണ്ട്. തല പെട്ടെന്നു തണുക്കുന്നത് അസുഖങ്ങളുണ്ടാക്കുമെന്ന വിശ്വാസമാണ് കാരണം. തണുപ്പിനോട് പൊരുത്തപ്പെടാനുള്ള സമയം നേടിയെടുക്കാൻ കാലിൽ വെള്ളമൊഴിച്ച് കുളി തുടങ്ങുന്നത് സഹായിച്ചേക്കാം. അല്ലാതെ ശാസ്ത്രീയമായ അടിസ്ഥാനമൊന്നും ഇക്കാര്യത്തിൽ ഉള്ളതായി കാണുന്നില്ല.
തലയാണ് ആദ്യം കഴുകുന്നതെങ്കിൽ വെള്ളം താഴുന്നതിനു മുൻപേ തോർത്തി നനവു മാറ്റണമെന്ന് ആയുർവേദം പറയുന്നു. അധികനേരം വെള്ളമൊഴിച്ച് കുളിക്കുന്നതും നല്ല ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നതും ചർമത്തിലെ എണ്ണമയം നീക്കിക്കളയാം. പതിവായി തല കുളിക്കുന്നത് മുടിയിലെ പ്രകൃതിദത്തമായ എണ്ണമയം കഴുകി ക്കളയുമെന്നും മുടി വരണ്ടതാക്കുമെന്നും ചർമരോഗ വിദഗ്ധർ പറയുന്നു. കുളിക്കുമ്പോൾ പാദങ്ങൾക്കു പ്രത്യേകം കരുതൽ നൽകണം. പാദവും വിരലുകൾക്കിടയിലുള്ള ഭാഗവും പ്രത്യേകം സോപ്പുതേച്ച് കഴുകണം. കുളി കഴിഞ്ഞ് കൃത്യമായി ശരീരത്തിന്റെ മടക്കുകളിലെയും വിരലുകൾക്കിടയിലെയും നനവു മാറ്റാൻ ശ്രദ്ധിക്കണം.
കുളി കഴിഞ്ഞ് ശരീരം തോർത്തുകൊണ്ട് അമർത്തി തുടയ്ക്കുന്നത് നല്ലതല്ല. ശരീരത്തിലെ ജലാംശം ഒപ്പിക്കളയുകയാണു വേണ്ടത്. കുളിച്ച് നനവു മാറും മുൻപേ മോയിസ്ചറൈസിങ് ലോഷൻ പുരട്ടുന്നത് ചർമം വരണ്ടുപോകാതെ സംരക്ഷിക്കും. കുളി കഴിഞ്ഞ് തേച്ചു കുളിക്കാനുപയോഗിച്ച ലൂഫയും മറ്റും കഴുകി വെള്ളം പോകുംവിധം തൂക്കിയിട്ട് ഉണക്കണം. ഇല്ലെങ്കിൽ അതിൽ ബാക്ടീരിയ അടിഞ്ഞുകൂടാനിടയുണ്ട്.
കുളിയും പക്ഷാഘാതവും
രാവിലെ തണുത്ത വെള്ളത്തിൽ കുളിച്ചാൽ തലയിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് പക്ഷാഘാതം പോലുള്ള അടിയന്തിര പ്രശ്നങ്ങൾ വരാമെന്ന് സന്ദേശങ്ങൾ പരക്കുന്നത് ഒട്ടൊന്നുമല്ല ആളുകളെ പേടിപ്പിച്ചിട്ടുള്ളത്. എന്നാൽ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് പക്ഷാഘാതം പോലുള്ള രോഗങ്ങൾ വരുമെന്നതിന് ശാസ്ത്രീയ അടിസ്ഥാനമില്ല എന്ന് വിദഗ്ധർ പറയുന്നു.
എണ്ണ തേച്ചുകുളി
ആയുസ്സിനും ആരോഗ്യത്തിനും എണ്ണതേച്ചു കുളി നല്ലതാണെന്ന് ആയുർവേദം പറയുന്നു. ഉള്ളംകയ്യിൽ ഒരൽപം എണ്ണയെടുത്ത് കൂട്ടിത്തിരുമ്മി ചൂടാക്കി ശരീരത്ത് പുരട്ടി ചെറുതായി ഉഴിഞ്ഞ് കുളിക്കുന്നത് രക്തയോട്ടം വർധിപ്പിക്കും. ചെവിക്കുടയിലും ഉള്ളംകാലിലും പ്രത്യേകം എണ്ണ തിരുമ്മിപുരട്ടണം. വെളിച്ചെണ്ണയോ ധന്വന്തരം തൈലം പോലുള്ള ഔഷധ എണ്ണകളോ തേച്ചു കുളിക്കാൻ ഉപയോഗിക്കാം. എന്നാൽ ദഹനക്കേടോ വിശപ്പില്ലായ്മ ഉള്ളപ്പോഴോ പനി പോലുള്ള രോഗാവസ്ഥയിലോ ആർത്തവ സമയത്തോ എണ്ണതേച്ചു കുളി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആയുർവേദം പറയുന്നു.
ആരോഗ്യസ്നാനം
∙ സാധാരണയുള്ള കുളി കൂടാതെ പലതരം കുളികളുണ്ട്. ആവിക്കുളി ഉദാഹരണം. കഫക്കെട്ട്, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ പ്രശ്നങ്ങൾക്ക് പരിഹാരമാണ് നീരാവിയേറ്റുള്ള ആവിക്കുളി. ശരീരത്തിലെ വിഷാംശങ്ങൾ വിയർപ്പുവഴി പുറത്തുപോകുന്നതിനാൽ ചർമത്തിനും നല്ലതാണിത്.
∙ ബാത്ടബിൽ ഇളംചൂടുവെള്ളം നിറച്ച് 20–30 മിനിറ്റ് മുങ്ങിക്കിടക്കുന്ന ന്യൂട്രൽ ബാത് ഉറക്കമില്ലായ്മയ്ക്കും ക്ഷീണത്തിനും ശരീരവേദനയ്ക്കും ആശ്വാസം നൽകും.
∙ഇളം ചൂടുവെള്ളത്തിൽ ഉപ്പിട്ട് അതിൽ ഇരിക്കുന്ന സിറ്റ്സ് ബാത് യോനീഭാഗത്തെ അണുബാധ തടയാൻ സഹായിക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജിജി കുരുട്ടുകുളം, ന്യൂറോളജിസ്റ്റ്, കൊച്ചി.
പ്രഫ. പത്മപാദൻപിള്ള, സിദ്ധ കുടീരം,കുരീക്കാട്. തൃപ്പൂണിത്തുറ