ഈ ആരോഗ്യപ്രശ്നങ്ങൾ നിങ്ങൾക്കുണ്ടോ? വൈറ്റമിൻ എ അഭാവമാകാം
Mail This Article
കണ്ണിന്റെ ആരോഗ്യത്തിന് വൈറ്റമിൻ എ ആവശ്യമാണ്. വൈറ്റമിൻ എ യുടെ അഭാവം നിശാന്ധത മുതൽ അന്ധതയ്ക്കു വരെ കാരണമാകാം. വൈറ്റമിൻ എ യുടെ പ്രാധാന്യം മനസ്സിലാക്കി ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയും ഇത് ശരീരത്തിലെത്തിച്ച് ആരോഗ്യം നിലനിർത്തേണ്ടതാണ്. വൈറ്റമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വൈറ്റമിൻ എ യുടെ അഭാവം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയാൻ സാധിക്കും.
കാഴ്ചശക്തി, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, ചർമത്തിന്റെ ആരോഗ്യം തുടങ്ങി നിരവധി ശാരീരികപ്രവർത്തനങ്ങൾക്ക് വൈറ്റമിൻ എ ആവശ്യമാണ്. രണ്ട് തരത്തിലാണ് വൈറ്റമിൻ എ കാണപ്പെടുന്നത്. മൃഗങ്ങളിൽ നിന്നുള്ള ഭക്ഷണത്തിൽ റെറ്റിനോൾ ആയും സസ്യാധിഷ്ഠിത ഭക്ഷണങ്ങളിൽ കരോട്ടിനോയ്ഡ് ആയും ആണ് ഇത് നിലനിൽക്കുന്നത്. കരോട്ടിനോയ്ഡിനെ വിറ്റൈമിൻ എ ആയി ശരീരം മാറ്റുന്നു.
കണ്ണുകളുടെ ആരോഗ്യവും വൈറ്റമിൻ എ യും
കാഴ്ചശക്തി ആരോഗ്യത്തോടെ നിലനിർത്താൻ വൈറ്റമിൻ എ കൂടിയേ തീരൂ. റെറ്റിനയിലെ റൊഡോപ്സിൻ എന്ന ഒരു പ്രോട്ടീൻ ആണ് പ്രകാശത്തിന്റെ നിലയിലുണ്ടാകുന്ന മാറ്റങ്ങളെ നിയന്ത്രിക്കുന്നത്. രാത്രിയിൽ ശരിയായി കാണുന്നതിനും നേത്രപടലത്തെ സംരക്ഷിക്കുന്നതിനും വൈറ്റമിൻ എ ആവശ്യമാണ്.
വൈറ്റമിൻ എ ആവശ്യത്തിനില്ലെങ്കിൽ
വൈറ്റമിൻ എ യുടെ അഭാവം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. നിശാന്ധത ഉണ്ടാകാൻ ഇത് കാരണമാകും. ആവശ്യത്തിന് വൈറ്റമിൻ എ ഇല്ലാതിരിക്കുമ്പോൾ ആവശ്യത്തിന് റോഡോപ്സിൻ ഉൽപാദിപ്പിക്കാൻ കഴിയാതെ വരുകയും രാത്രി കാഴ്ച മങ്ങാൻ കാരണമാകുകയും ചെയ്യും.
ഗുരുതരമായ കേസുകളിൽ വൈറ്റമിൻ എ യുടെ അഭാവം സീറോതാൽമിയ (Xerophthalmia) എന്ന അവസ്ഥയ്ക്ക് കാരണമാകും. ഇത് കണ്ണുകൾക്ക് വരൾച്ച, ഇൻഫ്ലമേഷൻ, കോർണിയയ്ക്ക് തകരാറ് ഇവയുണ്ടാക്കും. ഇത് കെരാറ്റോമലാസിയ (Keratomalacia) എന്ന അവസ്ഥയിലേക്കു നയിക്കും. ചികിത്സിക്കാതിരുന്നാൽ ഇത് അന്ധതയ്ക്ക് കാരണമാകും.
വൈറ്റമിൻ എ യുടെ അഭാവം നൽകുന്ന അപകടസാധ്യതകൾ
വൈറ്റമിൻ എ യുടെ അഭാവത്തിലേക്കു നയിക്കുന്ന ഘടകങ്ങൾ ഏതൊക്കെ എന്നു നോക്കാം
ഭക്ഷണം
വൈറ്റമിൻ എ അടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, പാലുൽപന്നങ്ങൾ, കരൾ, മുട്ട, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കാത്തതു വൈറ്റമിൻ എ യുടെ അഭാവത്തിനു കാരണമാകും.
ക്രോൺസ് ഡിസീസ്
ഭക്ഷ്യവസ്തുക്കളിലെ കൊഴുപ്പിന്റെ ആഗിരണത്തെ ബാധിക്കുന്ന രോഗങ്ങളായ ക്രോൺസ് ഡിസീസ്, സീലിയാക് ഡിസീസ് പാൻക്രിയാറ്റിക് ഡിസോർഡറുകൾ തുടങ്ങിയവ, വൈറ്റമിൻ എ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കും.
ശൈശവം, ബാല്യം
ചെറിയ കുഞ്ഞുങ്ങൾക്ക് വൈറ്റമിൻ എ യുടെ അഭാവം എളുപ്പത്തിൽ ഉണ്ടാകും. വൈറ്റമിൻ എ അടങ്ങിയ വ്യത്യസ്തതരം ഭക്ഷണങ്ങൾ കഴിക്കാത്തതു മൂലമാണിത്.
ഗർഭകാലം
ഗർഭകാലവും മുലയൂട്ടുന്ന കാലവും സ്ത്രീകളിൽ വൈറ്റമിൻ എ കൂടുതൽ ആവശ്യമാണ്. ഈ സമയത്ത് വൈറ്റമിൻ എ യുടെ അഭാവം ഉണ്ടായാൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ അത് ബാധിക്കും.
പ്രതിരോധവും ചികിത്സയും
വൈറ്റമിൻ എ യുടെ അഭാവം തടയാൻ ആവശ്യത്തിന് വൈറ്റമിൻ എ അടങ്ങിയ ഭക്ഷണം കഴിക്കണം. വൈറ്റമിൻ എ യുടെ അഭാവം കൂടുതൽ ഉള്ളവർക്ക് സപ്ലിമെന്റുകൾ കഴിക്കാം. കണ്ണിനു പ്രശ്നം ഉൾപ്പെടെ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളവർ വൈദ്യസഹായം തേടണം.
ഏതു തരത്തിലുള്ള വേദനയും അകറ്റാൻ സിംപിൾ ടിപ്സ്: വിഡിയോ