ആദ്യമായി ജിമ്മിൽ പോകാനൊരുങ്ങുന്ന വ്യക്തിയാണോ? ഈ കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
Mail This Article
അടുത്ത ആഴ്ച മുതൽ ഞാൻ എന്തായാലും ജിമ്മിൽ പോകും എന്ന് എല്ലാ ആഴ്ചയും പറയുന്ന ഒരു സുഹൃത്ത് നിങ്ങൾക്കില്ലേ. ഇന്നു പോകും നാളെ പോകും എന്നൊക്കെ എപ്പോഴും പറയുമെങ്കിലും ഡയലോഗ് മാത്രമേ ഉണ്ടാവാറുള്ളു. പോക്ക് നടക്കാറില്ല. പലർക്കും ജിമ്മിൽ പോകേണ്ടതിന്റെ കാരണങ്ങൾ പലതാണ്. ചിലർക്ക് ശരീരഭാരം കുറയ്ക്കണം, ചിലർക്ക് തടി കൂട്ടണം, ചിലർക്ക് മസിൽ കൂട്ടണം, ആരോഗ്യം മെച്ചപ്പെടുത്തുന്നതിനേക്കാളുപരി ഇതൊക്കെയാവും കൂടുതൽ പേരുടെയും ആഗ്രഹങ്ങൾ. ജിമ്മിൽ പോയി വർക്ഔട്ട് ചെയ്യണമെന്ന് ആത്മാർഥമായ ആഗ്രഹമുണ്ടായിട്ടും പേടിയും സംശയങ്ങളും കാരണം മടിക്കുന്നവരുമുണ്ട്. അങ്ങനെ ഒരാളാണ് നിങ്ങളെങ്കില്‍ ആദ്യമായി ജിമ്മിൽ പോകുമ്പോൾ എന്തൊക്കെ അറിഞ്ഞിരിക്കണം എന്നു മനസ്സിലാക്കാം.
∙ട്രെയിനറിനെ അറിയാം
പുറംമോടി മാത്രം കണ്ട് ജിമ്മിനെ വിലയിരുത്തുന്നവരാണ് പലരും. എന്നാൽ അതല്ല പ്രധാനം. ജിമ്മിലെ ട്രെയിനർക്ക് എത്രമാത്രം അറിവ് ഉണ്ടെന്ന കാര്യത്തിൽ നമുക്ക് ധാരണ ഉണ്ടായിരിക്കണം. സർട്ടിഫൈഡ് ട്രെയിനർ ആണോ എന്നുള്ളതും അറിയേണ്ടത് അത്യാവശ്യമാണ്. വ്യക്തമായ ധാരണ ഇല്ലാത്തൊരാൾ ഗുണത്തെക്കാൾ ദോഷമായിരിക്കും ചെയ്യുക എന്ന കാര്യത്തിൽ ആർക്കും സംശയമില്ലല്ലോ.
∙സ്വയം തിരിച്ചറിവ്
ജിമ്മിൽ പോകാനൊരുങ്ങുന്ന വ്യക്തിക്ക് സ്വന്തം ശരീരത്തെപ്പറ്റിയും തന്റെ ആവശ്യത്തെപ്പറ്റിയും അറിവുണ്ടാകണം. എന്ത് കാരണത്താലാണോ ജിമ്മിൽ പോകണമെന്ന് തീരുമാനിച്ചത്, അതനുസരിച്ചുള്ള വ്യായാമങ്ങളും ഭക്ഷണരീതിയുമാണ് പിന്തുടരേണ്ടത്. കാൽമുട്ട് വേദന, നടുവേദന, തുടങ്ങി ശാരീരികമായി എന്ത് ബുദ്ധിമുട്ടാണെങ്കിലും അത് ജിമ്മിലെ ട്രെയിനറിനോട് ആദ്യം തന്നെ സംസാരിക്കണം. അത് അനുസരിച്ചുള്ള വ്യായാമങ്ങൾ തന്നെ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.
∙വ്യക്തിശുചിത്വം
എവിടെയാണെങ്കിലും വ്യക്തിശുചിത്വം പ്രധാനപ്പെട്ടതാണെന്ന് അറിയാമല്ലോ. വ്യായാമം ചെയ്യുന്നതുകൊണ്ട് സ്വാഭാവികമായും ജിമ്മിലുള്ളപ്പോൾ ഒരുപാട് വിയർക്കും. അതിനാൽ സ്വന്തമായി ടവലുകൾ, റണ്ണിങ് ഷൂസ്, ഗ്ലൗസ് പോലുള്ളവ എപ്പോഴും കയ്യിൽ കരുതണം. മറ്റുള്ളവരുടേത് ഉപയോഗിക്കരുത്.
∙വാംഅപ് നിർബന്ധം
വ്യായാമം ചെയ്യുന്ന കാര്യത്തിൽ ഒരു തുടക്കക്കാരനാണെങ്കിൽ ആദ്യ ആഴ്ചയിൽ ഒരു മണിക്കൂറിനുള്ളിൽ നിൽക്കുന്ന വർക്ഔട്ട് മതിയാകും. ആദ്യ ദിവസം തന്നെ ആത്മാർഥത കൂടുതലുണ്ടെന്നു കാണിക്കാൻ അധിക സമയമോ കഠിനമായ വർക്ഔട്ടുകളോ ചെയ്യേണ്ട കാര്യമില്ല. ശരീരത്തിന് അത് വിപരീതഫലം ചെയ്യും. ശരീരത്തിനു സമ്മർദ്ദം ചെലുത്തുന്ന രീതിയിൽ എല്ലാം കൂടി ഒറ്റയടിക്ക് ചെയ്യരുത്. പതിയെ പതിയെ വ്യായാമം ചെയ്യുന്ന സമയം കൂട്ടിക്കൊണ്ടു വരണം. ആദ്യത്തെ രണ്ടു മൂന്നു ദിവസം വാംഅപ് എക്സർസൈസുകൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. നന്നായി വാംഅപ് ചെയ്തതിനു ശേഷം മാത്രമേ വെയ്റ്റ് ട്രെയിനിങ്ങ് െചയ്യാൻ പാടുള്ളു. അല്ലാത്തപക്ഷം ശരീരത്തിലെ ജോയിന്റുകളിലെ ഫ്ലൂയിഡ് ആക്റ്റിവേറ്റ് ആവാതിരിക്കുകയും. പരുക്കേൽക്കാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
∙പോസ്ചർ കൃത്യമാകണം
ഏത് തരം വ്യായാമമാണെങ്കിലും അത് ചെയ്യുമ്പോഴുള്ള ശരീരത്തിന്റെ രീതി പ്രധാനപ്പെട്ടതാണ്. കാൽ മടക്കുന്നതോ, നടുവ് വളയ്ക്കുന്നതോ കയ്യുടെ ചലനങ്ങളോ കൃത്യമായ രീതിയിൽ അല്ല എന്നുണ്ടെങ്കിൽ പരുക്കുകൾ ഉണ്ടാകാം. ഒരു തവണ പരുക്ക് പറ്റിയാൽ അത് ഭേദമാകാൻ കൂടുതൽ സമയമെടുത്തെന്നിരിക്കും. അതുകൊണ്ട് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ പോസ്ചർ ശരിയായിരിക്കാൻ ശ്രദ്ധിക്കണം
വർക്ഔട്ട് ചെയ്യുമ്പോൾ പോസ്ചർ ശരിയായിരിക്കണമെങ്കിൽ അത് പറഞ്ഞു തരാനും തെറ്റ് തിരുത്തി സഹായിക്കാനും ട്രെയിനർക്ക് അറിവ് വേണം. അതുകൊണ്ടാണ് ശരീരത്തെപ്പറ്റിയും ആരോഗ്യത്തെയും വേണ്ട വ്യായാമങ്ങളെപ്പറ്റിയും കൃത്യമായ ധാരണയുള്ള ട്രെയിനർ ആയിരിക്കണമെന്ന് തുടക്കത്തിൽ പറഞ്ഞത്.
∙ശരീരംവേദന
വ്യായാമം ചെയ്യുമ്പോൾ ശരീരംവേദന ഉണ്ടാകും. അത് പേടിച്ചു വ്യായാമം ചെയ്യാതിരുന്നിട്ടു കാര്യമില്ല. ആരോഗ്യം വേണമെങ്കിൽ വ്യായാമം നിർബന്ധമാണ്. കുറച്ചു ദിവസങ്ങളുടെയോ ആഴ്ചകളുടെയോ ഇടവേളയ്ക്കു ശേഷം വീണ്ടും വർക്ഔട്ട് ചെയ്യുന്ന വ്യക്തിക്കും ഈ പറഞ്ഞ ശരീരംവേദന ഉണ്ടാകും. എന്നാൽ തുടർച്ചയായി വ്യായാമം ചെയ്യുമ്പോള്‍ ശരീരംവേദന ഉണ്ടാകില്ല. എന്ത് വ്യായാമമാണെങ്കിലും വാംഅപ് ചെയ്യണമെന്നു മാത്രം.
∙ഡയറ്റ് ശ്രദ്ധിക്കാം
പല താൽപര്യങ്ങളോടു കൂടി ആയിരിക്കണമല്ലോ ഒരു വ്യക്തി ജിമ്മിൽ എത്തുന്നത്. അത് എന്തുതന്നെ ആയിരുന്നാലും ജിമ്മിൽ ചേർന്ന ദിവസം തന്നെ ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്താതിരിക്കുന്നതാണ് നല്ലത്. കഴിഞ്ഞ ദിവസം വരെ എങ്ങനെയാണോ കഴിച്ചിരുന്നത്, അത് തുടരാം. ഒരാഴ്ച കഴിയുമ്പോള്‍ ഭക്ഷണക്രമത്തിലും ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാം. ശരീരത്തിൽ മാറ്റം കൊണ്ടുവരുന്നതിൽ ഡയറ്റിനു വലിയ പ്രാധാന്യമുണ്ട്. പുതിയ രീതികളുമായി പൊരുത്തപ്പെടാൻ ശരീരത്തിനു സാവകാശം കൊടുത്തതിനു ശേഷം മാത്രമേ ഭക്ഷണത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ പാടുള്ളു. അതാണ് ശരീരത്തിനും മനസ്സിനും നല്ലത്.
വിവരങ്ങൾക്കു കടപ്പാട് :
അർജുൻ വി ബി, ഫിറ്റ്നസ്സ് ട്രെയ്നർ, ഹെർക്കുലിയൻ ഫിറ്റ്നസ്സ്, കോട്ടയം
നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം: വിഡിയോ