കണ്ണിലേക്ക് വെള്ളം തെറിപ്പിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം, പകരം ഇങ്ങനെ ചെയ്യാം
Mail This Article
രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ വാഷ് ബേസിനു മുന്നില്‍ പോയി വെള്ളമെടുത്ത് കണ്ണിലേക്ക് തെറിപ്പിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. മുഖത്തെ പീളയും അഴുക്കുമെല്ലാം കളയാനും ഒരു ഉഷാറ് കിട്ടാനുമൊക്കെയാണ് നാം ഇങ്ങനെ ചെയ്യാറുള്ളത്. എന്നാല്‍ കണ്ണിലേക്ക് പച്ചവെള്ളം ഇത്തരത്തില്‍ തെറിപ്പിക്കുന്നത് അത്ര നല്ല ശീലമല്ലെന്ന് നേത്രവിദഗ്‌ധനും ലാസിക് ആന്‍ഡ് കാറ്ററാക്ട് സര്‍ജനുമായ ഡോ. റഹില്‍ ചൗധരി പറയുന്നു.
കണ്ണുകള്‍ക്കുള്ളിലെ കണ്ണീര്‍ ഗ്രന്ഥികള്‍ തന്നെ കണ്ണിനെ വൃത്തിയാക്കാനുള്ള ദ്രാവകം പുറപ്പെടുവിക്കുന്നുണ്ട്. എന്നാല്‍ പല തവണ നാം കണ്ണിലേക്ക് വെള്ളമൊഴിക്കുമ്പോള്‍ ഈ കണ്ണീര്‍ ദ്രാവകം ഒഴുകി പോകുകയും തന്മൂലം കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടുകയും ചെയ്യാമെന്ന് യുടൂബ് പോഡ്‌കാസ്‌റ്റര്‍ റണ്‍വീര്‍ അലഹബാദിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. റഹില്‍ വിശദീകരിക്കുന്നു.
കണ്ണുകള്‍ക്കുള്ളിലെ അഴുക്കും പൊടിയുമൊക്കെ നീക്കം ചെയ്യാനും അണുബാധകളെ പ്രതിരോധിക്കാനുമുള്ള കണ്ണിന്റെ സംവിധാനമാണ് കണ്ണീര്‍ ഗ്രന്ഥി പുറത്ത് വിടുന്ന ദ്രാവകം. ഈ ദ്രാവകത്തിന് വെള്ളത്തിന്റെയും മ്യൂസിന്‍ എന്ന ഗ്ലൈക്കോപ്രോട്ടീന്റെയും ലിപിഡുകളുടെയും മൂന്ന് പാളികളുണ്ട്. ഇതിനൊപ്പം ലൈസോസൈം, ലാക്ടോഫെറിന്‍, ലിപോകാലിന്‍, ഇമ്മ്യൂണോഗ്ലോബുലിനുകള്‍, ഗ്ലൂക്കോസ്, യൂറിയ, സോഡിയം, പൊട്ടാസിയം എന്നീ വസ്‌തുക്കളും കണ്ണീരില്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ ചിലതെല്ലാം ബാക്ടീരിയകളെ ചെറുത്ത് കണ്ണിനെ അണുബാധകളില്‍ നിന്ന് രക്ഷിക്കുന്നു.
കണ്ണുകളുടെ സൂക്ഷ്‌മ ഭാഗങ്ങളായ കോര്‍ണിയയും കണ്‍ജംക്ടീവയും പുറത്ത് നിന്നുള്ള ജലമുള്‍പ്പെടെയുള്ള എന്ത് വസ്‌തുക്കളോടും സംവേദനക്ഷമമാണെന്ന് നേത്രവിദഗ്‌ധന്മാര്‍ പറയുന്നു. പച്ചവെള്ളത്തിലെ അശുദ്ധികളും സൂക്ഷ്‌മജീവികളും കണ്ണില്‍ അണുബാധയും ചൊറിച്ചിലും മറ്റ് സങ്കീര്‍ണ്ണതകളും ഉണ്ടാക്കിയെന്നിരിക്കാം. നാം ശക്തിയായി വെള്ളം തെറിപ്പിക്കുന്നതും നേത്ര പടലത്തില്‍ ക്ഷതമുണ്ടാക്കാം.
കണ്ണുകളിലേക്ക് വെള്ളം തെറിപ്പിക്കുന്നതിന് പകരം ശുദ്ധമായ നനഞ്ഞ തുണി ഉപയോഗിച്ച് കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങളും പീളയുമൊക്കെ വൃത്തിയാക്കുന്നതാകും അഭികാമ്യമെന്ന് ഡോ. രഹില്‍ ചൂണ്ടിക്കാട്ടി. കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ നേത്രരോഗവിദഗ്‌ധന്‍ നിര്‍ദ്ദേശിക്കുന്ന ശുചിത്വ നടപടികള്‍ പിന്തുടരേണ്ടതാണ്. ഇനി കണ്ണുകളെ കഴുകിയാലേ ഒരു സുഖം കിട്ടുള്ളൂ എങ്കില്‍ അതിന് പ്രിസര്‍വേറ്റീവ് ഫ്രീ കൃത്രിമ കണ്ണീരുകളും ഐ വാഷ് സൊല്യുഷണനുകളും ലഭ്യമാണ്. കണ്ണുകളുടെ ആരോഗ്യവും കാഴ്‌ചയും സംരക്ഷിക്കാന്‍ ഇടയ്‌ക്ക് ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോ. രഹില്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ചെയ്യാം: വിഡിയോ