ADVERTISEMENT

ആതുരസേവനരംഗത്ത് എൽസമ്മ ജോസഫ് 34 വർഷം പ്രവർത്തിച്ചു. 17 വർഷങ്ങൾക്കു മുൻപ് മെഡിക്കൽ കോളജിൽനിന്നു റിട്ടയർ ചെയ്ത ഈ നഴ്സമ്മയ്ക്ക് ഇന്നും വിശ്രമമില്ല. തനിക്കു കഴിയുന്ന പോലെ മറ്റുള്ളവർക്ക് സ്നേഹത്തിന്റെ കരം നീട്ടുകയാണ് ഈ കോട്ടയംകാരി.

വെള്ള ഫ്രോക്കും തലയിൽ മാലാഖച്ചിറക് പോലെ തോന്നിച്ച തൊപ്പിയും വച്ച് നടന്നുവരുന്ന നഴ്സ്മാരെ കണ്ടപ്പോഴാണ് കുഞ്ഞ് എൽസമ്മയ്ക്ക് മോഹമുദിച്ചത്, എനിക്കും നഴ്സ് ആകണം. ഇവരുടെത് പോലൊരു കുപ്പായം എനിക്കും വേണം. ആഗ്രഹം പറഞ്ഞപ്പോൾ അപ്പനും അമ്മയ്ക്കും സന്തോഷം. പൊതുവേ ശുശ്രൂഷകളിൽ താൽപര്യമുള്ള എൽസമ്മയ്ക്ക് പറ്റിയ പണി ഇതുതന്നെയെന്ന് അവരും തീരുമാനിച്ചു. 

17–ാം വയസ്സിൽ നഴ്സാകാൻ ആപ്ലിക്കേഷൻ അയച്ചിട്ട് നിൽക്കുമ്പോഴാണ് കല്യാണമുറപ്പിക്കുന്നത്. എന്നുകരുതി തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഭാവിവരന്റെയും കുടുംബത്തിന്റയും പൂർണ സമ്മതത്തോടെയാണ് എൽസമ്മ ട്രെയ്നിങ്ങിനു പോയത്. പരിശീലനം അവസാനിച്ച് പിറ്റേ ദിവസം വിവാഹം. മറ്റു പലരെയും പോലെ ജോലിയിൽ ഇടപെടുകയോ സ്വാതന്ത്യത്തിനു അതിരു വരയ്ക്കുകയോ ചെയ്യുന്ന ആളായിരുന്നില്ല എൽസമ്മയുടെ ഭർത്താവ് എൻ പി തോമസ്. ജോലിക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടില്ല. വീട്ടുകാര്യങ്ങളൊക്കെ നമുക്ക് നോക്കാം, കുഴപ്പമില്ലെന്ന വാക്കുകൾ എൽസമ്മയുടെ ജോലിക്ക് അടിത്തറപാകി.

ജോലിയിൽ പ്രവേശിച്ച് കാൻസർ വാർഡിലേക്ക് എത്തിയ എൽസമ്മ ആദ്യം കാണുന്നത്, 4 വയസ്സുള്ള കുഞ്ഞ് അന്ത്യശ്വാസം വലിക്കുന്നതാണ്. ഇന്നും മനസ്സിൽ ആ ദൃശ്യം മായാതെ നിൽക്കുന്നുവെന്ന് എൽസമ്മ പറയുന്നു. പേവിഷ ബാധയേറ്റ് ചികിത്സയ്ക്കെത്തിയ 26 കാരനും മറ്റു പല മുഖങ്ങളും ആ കൂട്ടത്തിലുണ്ട്. 

ഒരു നഴ്സ് എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ 34 വർഷം രോഗികളെ സേവിച്ച എൽസമ്മയ്ക്ക് കൃത്യമായ ബോധ്യമുണ്ട്. ''എപ്പോഴും ചിരിച്ചും സ്നേഹത്തോടും കൂടെ വേണം അവരോട് സംസാരിക്കാൻ. സിസ്റ്റർ വന്നാൽ എന്റെ കാര്യങ്ങൾ ശരിയാകും എന്ന വിശ്വാസം അവരിലുണ്ടാകണം, അല്ലാതെ അയ്യോ ആ സിസ്റ്ററിപ്പോൾ വരുമല്ലോ എന്ന് ഭയക്കേണ്ട അവസ്ഥ ഒരിക്കലും ഉണ്ടാകരുത്. ''

ഈ മേഖലയിലേക്ക് വന്നതില്‍ പൂർണ സന്തോഷം മാത്രമേ എൽസമ്മയ്ക്കുള്ളു. മനുഷ്യൻ ഒന്നുമല്ലെന്നും, ഒരു ചെറിയ രോഗം മതി നമ്മളെ നിസ്സഹായരാക്കാനെന്നും തിരിച്ചറിഞ്ഞത് ആശുപത്രികളിലെ ജീവിതങ്ങൾ കണ്ടപ്പോഴാണ്. കലക്ടർമാർ, രമേശ് ചെന്നിത്തല അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ, രാജകുടുംബത്തിൽ പെട്ടവർ എന്നിങ്ങനെ പല മേഖലയിലുള്ള പ്രമുഖർ എൽസമ്മയുടെ പേഷ്യൻസ് ആയിരുന്നു. അവരോടെല്ലാം ഒരേപോലെയേ താൻ പെരുമാറിയിട്ടുള്ളുവെന്നും എൽസമ്മ പറയുന്നു. ടെൻഷൻ നിറഞ്ഞ ഈ ജോലിയിൽ നിൽക്കുമ്പോൾ എങ്ങനെ സമാധാനത്തോടും സന്തോഷത്തോടും ഇരിക്കാന്‍ കഴിഞ്ഞുവെന്ന് ചേദിച്ചാൽ എൽസമ്മയ്ക്ക് നല്ലൊരു ഉത്തരമുണ്ട്. ആശുപത്രിയിലെ കാര്യങ്ങൾ അവിടെ വിട്ടിട്ടു വേണം വീട്ടിലേക്കു വരാൻ. അതുപോലെ വീട്ടിലെ കാര്യങ്ങൾ ജോലി സ്ഥലത്തും കൊണ്ടുപോകരുത്. 

കോട്ടയം കഞ്ഞിക്കുഴി പാറമ്പുഴയിലുള്ള തന്റെ വീട്ടിൽ ഐശ്വര്യ രജനീകാന്ത് അതിഥിയായെത്തിയതും എൽസമ്മ എന്ന പേര് കൂടുതൽ പേരിലേക്ക് എത്തിച്ചിരുന്നു. താൻ ചെയ്ത് പ്രവർത്തികളിലും കൈക്കൊണ്ട തീരുമാനങ്ങളിലും എൽസമ്മ സംതൃപ്തയാണ്. ഭർത്താവിന്റെ വിയോഗത്തിനു ശേഷവും എൽസമ്മ തളർന്നിരുന്നില്ല. മറ്റുള്ളവരിലേക്ക് നന്മയും സ്നേഹവും എത്തിക്കുന്ന ആ കൈകള്‍ക്ക് ഇപ്പോഴും വിശ്രമമില്ല. 

English Summary:

Retired Nurse Elsamma Joseph shares her experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com