സന്തോഷിക്കാൻ പേടി, ഉടനെ ദുഃഖവാർത്ത കേൾക്കേണ്ടി വരുമെന്ന ടെൻഷൻ; നിങ്ങൾക്ക് ഈ ഫോബിയ ആയിരിക്കാം
Mail This Article
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? ഇത് നമ്മെ സംബന്ധിച്ചിടത്തോളം കേന്ദ്ര സര്‍ക്കാരിന്റെ പുകയില വിരുദ്ധ പ്രചാരണത്തിന്റെ പരസ്യവാചകം മാത്രമല്ല. ജീവിതത്തില്‍ സന്തോഷം എത്ര കിട്ടിയാലും മതിയാകാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഒരു പ്രത്യേക തരം മനശാസ്ത്ര പ്രശ്നമുള്ളവര്‍ക്ക്
ജീവിതത്തില്‍ സന്തോഷം വേണമെന്ന ആഗ്രഹമുണ്ടാകില്ല. ചെറോഫോബിയ എന്നാണ് സന്തോഷത്തോടുള്ള ഈ ഭയത്തിന്റെ പേര്.
ഗ്രീക്ക് വാക്കായ ചെയ്റോയില്‍(Chairo) നിന്നാണ് ചെറോഫോബിയയുടെ ഉത്ഭവം. 'ഞാന്‍ സന്തോഷിക്കുന്നു' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ചെറോഫോബിയ ഉള്ളവര്‍ക്ക് ജീവിതത്തില്‍ സന്തോഷമുണ്ടാകുമ്പോള്‍ ഇതിന് പിന്നാലെ ഏതെങ്കിലും ചീത്ത കാര്യവും സംഭവിക്കുമെന്ന അനാവശ്യ ഭയവും ഉത്കണ്ഠയും ഉണ്ടാകും. അവരുടെ ജീവിതത്തിലെ പഴയ എന്തെങ്കിലും തിക്താനുഭവവുമായോ കുട്ടിക്കാലത്തെ ഏതെങ്കിലും സംഭവവുമായോ ഒക്കെ ബന്ധപ്പെട്ടതായിരിക്കും ഈ പേടി.
കുട്ടിക്കാലത്ത് വളരെ സന്തോഷിച്ചിരിക്കുന്ന സമയത്ത് വന്നു ചേര്‍ന്ന എന്തെങ്കിലും ദുരന്തങ്ങള്‍ ചെറോഫോബിയയിലേക്ക് നയിക്കാം. പിന്നീട് എന്തെങ്കിലും സന്തോഷിക്കാനുള്ള വകയുണ്ടാകുമ്പോള്‍ ഈ ഗതകാല സ്മരണകള്‍ ഉണരുകയും പുറകേ എന്തോ ദുരന്തം വരാനിരിക്കുന്നു എന്നും ചെറോഫോബിയക്കാര്‍ വിശ്വസിക്കും.
അന്തര്മുഖരായിട്ടുള്ളവര്ക്കും എല്ലാത്തിലും പെര്ഫക്ഷന് ആഗ്രഹിക്കുന്നവര്‍ക്കും മറ്റുള്ളവരുടെ ആവശ്യങ്ങളെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മേല്‍ പ്രതിഷ്ഠിക്കുന്നവര്ക്കും ചെറോഫോബിയ വരാനുള്ള സാധ്യത അധികമാണ്.
ഇനി പറയുന്നവയാണ് ചെറോഫോബിയയുടെ ലക്ഷണങ്ങള്‍.
1. സന്തോഷിക്കാന്‍ വകയുള്ള എന്തെങ്കിലും നടന്നാല്‍ ഉടനെ പശ്ചാത്താപവും തനിക്ക് ഈ സന്തോഷത്തിന് യോഗ്യതയില്ലെന്നുമുള്ള ചിന്തയും ഉണ്ടാവുക.
2. സാധാരണ ഗതിയില്‍ സന്തോഷവും ആഹ്ളാദവും പകരുന്ന നിമിഷങ്ങളില്‍ എന്തെങ്കിലും നെഗറ്റീവായി സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുക
3. സന്തോഷിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ നിന്ന് അകന്നു നില്ക്കുക.
4. പോസിറ്റീവായുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ബുദ്ധിമുട്ട്. പോസിറ്റീവായി എന്തെങ്കിലും പ്രകടിപ്പിച്ചാല്‍ അടുത്ത നിമിഷം സങ്കടം തോന്നല്‍.
5. ആഹ്ളാദകരമായ നിമിഷങ്ങളിലെ സമ്മര്‍ദ്ദവും പിരിമുറുക്കവും
6. സന്തോഷം പ്രകടിപ്പിച്ചാല്‍ സുഹൃത്തുക്കളെല്ലാം ശത്രുക്കളായി മാറുമോ എന്ന ഭയം
7. ആഹ്ളാദം നല്കുന്ന എന്തെങ്കിലും കാര്യം ചെയ്താല്‍ മറ്റുള്ളവര്‍ നിങ്ങളെ സ്വാര്‍ത്ഥമതി എന്ന് മുദ്ര കുത്തുമോ എന്നുള്ള ഭയം
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മനശാസ്ത്ര വിദഗ്ധനെ കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി വഴി ഇത്തരം ഫോബിയകളെ ഒരു പരിധി വരെ അകറ്റാന്‍ സാധിക്കും
സ്ട്രെസ് അകറ്റാൻ മൂന്ന് ടെക്നിക് – വിഡിയോ