64–ാം വയസ്സിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ്, പ്രായമൊക്കെ വെറും നമ്പറല്ലേ...
Mail This Article
പ്രായമൊക്കെ ആയില്ലേ, വീട്ടിലെങ്ങാനും ഇരിക്കരുതോ? – ചോദ്യം ഹെൻട്രിയോട് ആണെങ്കിൽ സൂക്ഷിക്കണം. 64–ാം വയസ്സിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയതിന്റെ ത്രില്ലിലാണ് പത്തനംതിട്ട വെണ്ണിക്കുളം ഇളംതുരുത്തിയിൽ ഇ.വി. ഹെൻട്രി. കരാട്ടെയ്ക്ക് ആറെന്നോ അറുപതെന്നോ വ്യത്യാസമില്ലെന്ന പരിശീലകൻ പ്രേംകുമാറിന്റെ അഭിപ്രായം അന്വർഥമാക്കുകയാണ് ഈ ‘സീനിയർ’ ശിഷ്യൻ.
ചെറുപ്പത്തിൽ തൃശൂരിലായിരുന്ന കാലത്ത് കരാട്ടെ കുറച്ചൊക്കെ പഠിച്ചിരുന്നു. പിന്നീട് പല നാടുകളിലായി പല ജോലികൾ. ഭാര്യ മേഴ്സി, മക്കളായ ഇഗ്നേഷ്യസ്, ഹെൻസി എന്നിവർക്കൊപ്പം, സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 20 വർഷത്തിലേറെയായി വെണ്ണിക്കുളത്ത് താമസം. ഇതിനിടയിലാണ് 4 വർഷം മുൻപ് വെണ്ണിക്കുളത്ത് ജെകെഎ സോട്ടോകാൻ കരാട്ടെ സെന്റർ നടത്തുന്ന ടി. വി. പ്രേംകുമാർ എന്ന കരാട്ടെ–യോഗാ മാസ്റ്ററെ പരിചയപ്പെടുന്നത്. പ്രായത്തിന്റേതായ പല രോഗങ്ങളും പ്രേംകുമാറിന്റെ പരിശീലനത്തിൽ നിയന്ത്രണത്തിലായി. സന്തത സഹചാരിയായിരുന്ന കിതപ്പിനും ശമനം വന്നു. നാലു വർഷം നീണ്ട പരിശീലനത്തിനൊടുവിൽ ഈയിടെ ബ്ലാക്ക് ബെൽറ്റ് പദവി നേടിയതോടെ ഈ പ്രായത്തിൽ കേരളത്തിൽ അധികമാരും നേടിയിട്ടില്ലാത്ത റെക്കോർഡും ഹെൻട്രി സ്വന്തമാക്കി.
ഏതു പ്രായത്തിലുള്ളവർക്കും കരാട്ടെ പരിശീലിക്കാമെന്ന് സെൻസായി (മാസ്റ്റർ) പദവിയുള്ള പ്രേംകുമാർ പറയുന്നു. ആരെയെങ്കിലും അടിച്ചു വീഴ്ത്താനല്ല ഈ ജാപ്പനീസ് മുറ പഠിക്കുന്നത്. ഇതു നമുക്കു പകരുന്ന ആത്മവിശ്വാസം വലുതാണ്. ഒപ്പം ശരീരത്തിന്റെ ക്ഷമത നിലനിർത്താം. ശുദ്ധമായ മനസ്സിന്റെ പ്രതീകമാണ് കരാട്ടെയിലെ വെള്ളവസ്ത്രം. ആത്മസംയമനത്തിനും കൂടുതൽ എളിമപ്പെടാനുമുള്ള ഉപാധിയാണു തനിക്ക് കരാട്ടെ എന്ന് ഹെൻട്രി പറയുന്നു.
പരമ്പരാഗത രീതിയിലെ സൂര്യനമസ്കാരം: വിഡിയോ