എത്ര ദിവസം കൂടുമ്പോള്‍ ബെഡ്ഷീറ്റ് മാറ്റണം? ചർമരോഗങ്ങൾ തടയാൻ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
Mail This Article
നാം നമ്മുടെ ദിവസത്തിന്റെ നല്ലൊരു പങ്കും ചെലവഴിക്കുന്ന ഇടമാണ് നമ്മുടെ കിടക്ക. ദിവസം ശരാശരി ആറ് മുതല്‍ 10 മണിക്കൂര്‍ വരെയൊക്കെ രാത്രി നാം കിടക്കയില്‍ ചെലവഴിക്കാറുണ്ട്. നാം ഉറങ്ങുമ്പോള്‍ നമ്മുടെ ചര്‍മ്മത്തിന്റെ അടരുകളും ശരീരസ്രവങ്ങളും എണ്ണകളുമൊക്കെ കിടക്കയില്‍ ശേഖരിക്കപ്പെടുന്നു. ഇതിനു പുറമേ പൊടി, വളര്‍ത്തു മൃഗങ്ങളുടെ രോമങ്ങള്‍ എന്നിവയും കിടക്കവിരിയില്‍ കാണപ്പെടാം. ഇക്കാരണങ്ങളാല്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും കിടക്കവിരി അലക്കി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഇനി കിടക്കവിരി അലക്കുന്ന രീതി അതിന്റെ വൃത്തിയെ മാത്രമല്ല ഈടുനില്‍പ്പിനെയും സ്വാധീനിക്കുന്നു. കിടക്കവിരിയില്‍ കറകള്‍ ഉണ്ടെങ്കില്‍ അലക്കുന്നതിന് മുന്‍പ് നല്ലൊരു സ്റ്റെയ്ന് റിമൂവര്‍ ഉപയോഗിച്ച് കിടക്കവിരിയെ പ്രീട്രീറ്റ് ചെയ്യേണ്ടതാണ്. ഒരു വിധം കറകളൊക്കെ സ്റ്റെയ്ന് റിമൂവര്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ സാധിക്കും.
രക്തം, കാപ്പി, വൈന്‍ പോലുള്ള കടുത്ത കറകള്‍ നീക്കം ചെയ്യാനായി വാഷിങ് മെഷീനില്‍ ഇടുന്നതിന് മുന്‍പ് ഒരു രാത്രി കിടക്കവിരി സ്റ്റെയ്ന് റിമൂവറില്‍ മുക്കി വയ്ക്കേണ്ടതാണ്. ഗ്രീസ് കറകള്‍ മാറ്റാന്‍ ഡിഷ് വാഷ് സോപ്പുകളും സഹായകമാണ്. തുണികള്‍ ഡ്രയറിലേക്ക് മാറ്റുന്നതിന് മുന്‍പായി കറകള്‍ പോയോ എന്ന് ഉറപ്പാക്കേണ്ടതാണ്. കടുത്ത കറകള്‍ നീക്കം ചെയ്യാന്‍ ചെറുചൂട് വെള്ളം കഴുകാനായി ഉപയോഗിക്കാം.
കാണാന്‍ നല്ല ഭംഗിയുള്ള കിടക്കവിരികള്‍ നിറം മങ്ങാതെ നിലനിര്‍ത്തണമെങ്കില്‍ കുറഞ്ഞ താപനിലയിലുള്ള വെള്ളത്തില്‍ കഴുകാന്‍ ശ്രദ്ധിക്കേണ്ടതാണ്. തണുത്ത വെള്ളമാണ് ഏറ്റവും അനുയോജ്യം. കറകള്‍ നീക്കം ചെയ്യാന്‍ ബ്ലീച്ച് ഉപയോഗിക്കുന്നുണ്ടെങ്കില്‍ കഴിവതും വെള്ള നിറമുള്ള കിടക്കവിരി ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടതാണ്. സംവേദനത്വം കൂടുതലുള്ള ചര്‍മ്മം ഉള്ളവര്‍ പുതിയ കിടക്കവിരികള്‍ ഉപയോഗിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടതാണ്. വിരിയിലെ ചുളിവുകള്‍ കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ചില റെസിന്‍ ട്രീറ്റ്മെന്റുകളില്‍ ചെറിയ തോതില്‍ ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയിട്ടുണ്ടാകാം. ഇത് ഡെര്‍മറ്റൈറ്റിസ് പോലുള്ള ചര്‍മ്മരോഗങ്ങള്‍ ഉണ്ടാക്കാം.
ഫാബ്രിക് സോഫ്ട്നറുകള് എപ്പോഴും ഉപയോഗിക്കാതിരിക്കാനും വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. കുറഞ്ഞ ചൂടില്‍ കിടക്കവിരികള്‍ ഉണക്കുന്നത് അവയിലെ ഇഴകളെ സംരക്ഷിക്കുകയും ദീര്‍ഘകാലം ഈട്നില്‍പ്പ് നല്‍കുകയും ചെയ്യും.