കാൻസറിനെ പ്രതിരോധിക്കാം, കണ്ണിന്റെ കാഴ്ചശക്തി കൂട്ടാം; ചില്ലറക്കാരനല്ല മുട്ട
Mail This Article
കറി ആയും, വറുത്തും പുഴുങ്ങിയുമൊക്കെ മുട്ട മലയാളിയുടെ ഭക്ഷണത്തിൽ സ്ഥിരമായുണ്ട്. എന്നാൽ രുചിയിൽ മാത്രമല്ല ഗുണത്തിലും ഏറെ മുന്നിലാണ് മുട്ടയെന്ന് നിങ്ങൾക്കറിയാമോ? ഒരു മുട്ട കഴിക്കുമ്പോൾ ചില്ലറ ഗുണങ്ങളല്ല നിങ്ങൾക്കു ലഭിക്കുന്നത്. ഗുണങ്ങൾ എന്തൊക്കെ എന്നറിയാം:
∙ ഒരു മുട്ട കഴിക്കുമ്പോൾ ലഭിക്കുന്നത് 177 മില്ലി ഗ്രാം കൊളസ്ട്രോൾ.
∙ മുട്ടയുടെ വെള്ള പ്രോട്ടീനിന്റെ കലവറയാണ്. ഒരു മുട്ടയുടെ വെള്ളയിൽ ശരാശരി 3.6 ഗ്രാം പ്രോട്ടീൻ വരെ ലഭിക്കും.
∙ മുട്ടയുടെ മഞ്ഞക്കരു വൈറ്റമിൻ ഡിയുടെ കലവറയാണ്. എല്ലിന്റെ ബലം നിലനിർത്താനും വർധിപ്പിക്കാനും ഇതു സഹായിക്കും.
∙ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഫൈറ്റോ ന്യൂട്രിയൻസിലെ ല്യൂട്ടിൻ (lutein), സിയാസാന്തിൻ (zeaxanthin) എന്നിവയും മുട്ടയിൽ അടങ്ങിയിരിക്കുന്നു.
∙ ജീവകം എ കണ്ണിന്റെ കാഴ്ച കൂട്ടാൻ സഹായിക്കുന്നു.
പോഷക സമൃദ്ധം
(ഒരു മുട്ടയുടെ ശരാശരി ഭാരം: 50–70 ഗ്രാം)
∙ പ്രോട്ടീൻ: 6.4 ഗ്രാം
∙ കാലറി: 66 കിലോ കാലറി
∙ കൊഴുപ്പ്: 4.6 ഗ്രാം
കുട്ടികൾക്ക് വേണം
പോഷകാഹാരക്കുറവിനുള്ള പരിഹാരമാണ് മുട്ട. തലച്ചോറിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഇതു സഹായിക്കുന്നു. ബ്രേക്ഫാസ്റ്റ് പോഷക സമൃദ്ധമാക്കാൻ മുട്ട ഉൾപ്പെടുത്തിയാൽ മതി.
മുതിർന്നവർക്കും നല്ലത്
മുതിർന്നവരിൽ ആരോഗ്യസ്ഥിതിയനുസരിച്ചാണ് മുട്ട ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത്. ഗർഭിണികളിൽ മുട്ടയുടെ പോഷകങ്ങൾ കുഞ്ഞിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു.
ദിവസം ഒന്നു മതി
കുട്ടികൾക്കും മുതിർന്നവർക്കും ദിവസം ഒരു മുട്ട ധാരാളം. 2 മുട്ടയുടെ വെള്ള മാത്രമായും കഴിക്കാം.
ഇവർ ശ്രദ്ധിക്കുക
പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം, അമിതവണ്ണം, ഫാറ്റിലിവർ എന്നീ അവസ്ഥയിലുള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുക.
എങ്ങനെ കഴിക്കാം
നന്നായി പാകം ചെയ്തു വേണം മുട്ട കഴിക്കാൻ. ഓംലെറ്റായും പുഴുങ്ങിയും കഴിക്കാം. രോഗാവസ്ഥയിൽ ഡോക്ടറുടെ നിർദേശപ്രകാരം ഹാഫ് ബോയിൽഡായും കഴിക്കാം.
ജിമ്മന്മാർ ശ്രദ്ധിക്കുക
മസിൽ ഡവലപ്മെന്റിന് പ്രോട്ടീൻ കൂടുതൽ ആവശ്യമാണ്. വർക്കൗട്ട് ചെയ്യുന്നസമയത്തിനനുസരിച്ച് മുട്ടയുടെ എണ്ണം തീരുമാനിക്കാം. ഒരു മണിക്കൂർ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഒരാൾക്ക് 4 മുട്ടയുടെ വെള്ള വരെ കഴിക്കാം.
വിവരങ്ങൾക്കു കടപ്പാട്: ലിയ മരിയ മാത്യു, ഡയറ്റീഷ്യൻ, ചാഴിക്കാട്ട് ഹോസ്പിറ്റൽ, തൊടുപുഴ