ADVERTISEMENT

പക്ഷാഘാതത്തിനു മനസ്സിനെ തെല്ലും തളർത്താനാകില്ലെന്നു ചിത്രങ്ങളിലൂടെ വിധിയോടു വിളിച്ചുപറയുകയാണു വിനോദ് മാരാർ. 2005ലുണ്ടായ പക്ഷാഘാതം ഈ പ്രവാസി മലയാളിയുടെ ജീവിതത്തെ കറുത്ത കാൻവാസാക്കി. ലണ്ടനിൽ കംപ്യൂട്ടർ എൻജിനീയറായി ജോലി ചെയ്യവേ ഉണ്ടായ രോഗത്തോടെ വലതുവശം നിശ്ചലമായി. തളരാത്ത മനസ്സും ഇടതുകയ്യും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനു നിറം പകർന്നു. അതുവരെ ചിത്രം വരച്ചിട്ടില്ലാത്ത വിനോദ് വരയുടെ ലോകത്തേക്കു പിച്ചവച്ചു. ഇന്നു വലിയ കാൻവാസിൽ വർണച്ചിത്രങ്ങളുമായി ഈ അൻപത്തിമൂന്നുകാരൻ കൊച്ചിയിലെ കലാസ്വാദകർക്കു മുന്നിലുണ്ട്.
എളംകുളം പ്രഷ്യൻ ബ്ലൂ ഗായ ആർട് ഗാലറിയിൽ ‘ഗേറ്റ് വേ ടു മൈ സോൾ’ എന്ന ചിത്രപ്രദർശനവുമായാണു വിനോദിന്റെ വരവ്. ഇന്ത്യയിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രപ്രദർശനം. ഇന്നലെ വൈകിട്ട് ആരംഭിച്ച പ്രദർശനം 23വരെ നീളും. സമയം: രാവിലെ 10 മുതൽ 7വരെ. പ്രഷ്യൻ ബ്ലൂ ഡയറക്ടർ ടി.ആർ.സുരേഷാണ് ക്യുറേറ്റർ.

പ്രദർശനത്തിൽ നിന്നുള്ള വരുമാനം കോട്ടയം ഉഴവൂരിലെ ഏതാനും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനു കൈമാറാനാണു പരിപാടിയെന്നു വിനോദ് പറയുന്നു. കൂത്താട്ടുകുളം സ്വദേശിയായ ചന്ദ്രശേഖര മാരാരുടെ മകനായ വിനോദ് ജനിച്ചതും വളർന്നതും അരുണാചൽ പ്രദേശിലായിരുന്നു. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിഎസ്‌സി അഗ്രികൾചർ പൂർത്തിയാക്കിയ ശേഷമാണു കോട്ടയത്ത് എൻഐഐടിയിലെത്തിയത്. 2004ൽ യുകെയിൽ എത്തി. അടുത്ത വർഷമായിരുന്നു പക്ഷാഘാതമുണ്ടായത്.
അസുഖ ബാധിതനായ ശേഷം സംസാര ശേഷി പരിമിതമായി. ശാരീരിക പരിമിതികളെ മനക്കരുത്തു കൊണ്ടു മറികടന്നപ്പോൾ യുകെയിലെ സുഹൃത്തുക്കളുടെ വലിയ സംഘം പിന്തുണയുമായി ഒപ്പം നിന്നു. ഇംഗ്ലണ്ടിലെ വാട്ടർമാൻസ് ആർട്സ് സെന്ററിൽ ഇരുപതോളം പെയ്ന്റിങ്ങുകളുമായി കഴിഞ്ഞ മാർച്ചിൽ നടത്തിയ ‘വേൾഡ് ത്രൂ മൈ ഐസ്’ പ്രദർശനം ഏറെ ശ്രദ്ധയാകർഷിച്ചു.

 

English Summary:

Vinod Marar's Inspiring Art Exhibition at Prussian Blue Gallery, Elamkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com