ആര്‍ത്തവം മെഡല്‍ നഷ്ടമാക്കിയെന്ന് മീരാഭായ് ചാനു; അത്‌ലീറ്റുകളെ ആര്‍ത്തവചക്രം ബാധിക്കുന്നത് എങ്ങനെയെല്ലാം ?
Mail This Article
പാരീസ് ഒളിംപിക്‌സിലെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു മീരാഭായ് ചാനു. എന്നാല്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ചാനുവിന് നാലാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. ആര്‍ത്തവം കഴിഞ്ഞ് മൂന്നാം നാളായതിനാല്‍ താന്‍ മികച്ച ഫോമിലായിരുന്നില്ലെന്ന് മീരാഭായ് ചാനു മത്സരശേഷം പറഞ്ഞു.
ആര്‍ത്തവം വനിത അത്‌ലീറ്റുകളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രകടനത്തെ ബാധിക്കുന്ന തരത്തിലേക്ക് പലപ്പോഴും വരാറുണ്ട്. അസാധാരണമായ ആര്‍ത്തവചക്രങ്ങള്‍ ഹോര്‍മോണല്‍ അസന്തുലനമുണ്ടാക്കി വനിത അത്‌ലീറ്റുകളുടെ പ്രകടനത്തെ ബാധിക്കാമെന്ന് മൊഹാലി ഫോര്‍ട്ടിസ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മനിത് അരോറ ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
കഠിനമായ ആര്‍ത്തവവും രക്തമൊഴുക്കും കായികതാരങ്ങളുടെ സഹനശക്തി കുറച്ച് ക്ഷീണം വര്‍ധിപ്പിക്കാം. ഇത് അവരുടെ മാനസികാവസ്ഥയെ ബാധിക്കുന്നത് പ്രചോദനവും ആത്മവിശ്വാസവും ശ്രദ്ധയും കുറയാനും കാരണമാകും. ആര്‍ത്തവത്തിന്റെ ആദ്യ ദിവസങ്ങളില്‍ മനസ്സിനെ പോസിറ്റീവായി സൂക്ഷിക്കുന്ന ഓക്‌സിറ്റോസിന്‍ ഹോര്‍മോണിന്റെ തോത് താഴേക്ക് പോകാം. ഇതിനൊപ്പം രക്തസ്രാവം കൂടിയാകുമ്പോള്‍ വല്ലാത്ത ക്ഷീണം തോന്നാമെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ തന്നെ ഗൈനക്കോളജിസ്‌റ്റായ ഡോ. പ്രിയങ്ക ശര്‍മ്മയും ചൂണ്ടിക്കാട്ടുന്നു.
ആര്‍ത്തവം കുറഞ്ഞ ഓക്‌സിജന്‍ തോതുമായും ബന്ധപ്പെട്ടിരുന്നു. ഇത് ശരീരത്തിലെ ലാക്ടിക് ആസിഡ് തോത് വര്‍ധിപ്പിച്ച് പേശികളെ ക്ഷീണിപ്പിക്കാം. ഇതും കായിക പ്രകടനത്തെ പ്രതികൂലമായി ബാധിക്കാം. മത്സരത്തിന് മുന്‍പ് ആര്‍ത്തവം വൈകിപ്പിക്കാന്‍ ഹോര്‍മോണ്‍ റെഗുലേറ്ററി മരുന്ന് ചിലര്‍ കഴിക്കാറുണ്ട്. എന്നാല്‍ ഇത് ഓക്കാനം, ഭാരം വര്‍ധിക്കല്‍, മൂഡ് മാറ്റങ്ങള്‍, രക്തത്തില്‍ ക്ലോട്ട് പോലുള്ള പ്രശ്‌നങ്ങള്‍ ചിലരില്‍ ഉണ്ടാക്കാം.
ഇതിനാല്‍ പരമാവധി മരുന്നുകള്‍ ഉപയോഗിക്കാതെ തന്നെ ആര്‍ത്തവത്തെ നേരിടാനാണ് പല കായിക താരങ്ങളും ശ്രമിക്കാറുള്ളത്. ട്രാക്കിങ് ആപ്പുകളിലൂടെ ആര്‍ത്തവം പ്രവചിച്ച് പരിശീലനത്തിന്റെയും മറ്റും ഷെഡ്യൂള്‍ ക്രമീകരിച്ച് അസ്വസ്ഥതകള്‍ പരമാവധി കുറയ്‌ക്കാന്‍ ചില അത്‌ലീറ്റുകള്‍ക്ക് സാധിക്കാറുണ്ട്. ചിലര്‍ ചലനത്തിന് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന ടാംപൂണുകളും ആര്‍ത്തവ കപ്പുകളും ഉപയോഗിക്കുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.