ശരീരത്തെ ഉഷാറാക്കാന്‍ കാപ്പി വേണ്ട, തണുത്ത വെള്ളത്തിലെ കുളി മതിയെന്ന് സുനില്‍ ഛേത്രി
Mail This Article
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളാണ് സുനില്‍ ഛേത്രി. എന്നാല്‍ ഫുട്‌ബോളിലെ പ്രകടനത്തിന്റെ പേരിലല്ലാതെ അടുത്തിടെ ഛേത്രി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ശരീരത്തെ ഉഷാറാക്കാന്‍ കാപ്പിക്ക് പകരം നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ മതിയാകുമെന്ന ഛേത്രിയുടെ അഭിപ്രായപ്രകടനമാണ് വൈറലായത്.
തണുത്ത വെള്ളത്തില്‍ കുളിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് ദ ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഛേത്രി വാചാലനായത്. തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരം സ്വയം വീണ്ടെടുക്കുമെന്നും ഭാരം കുറയാനും ഇത് സഹായകമാണെന്നും ഛേത്രി അഭിമുഖത്തില്‍ പറയുന്നു. രാവിലത്തെ കാപ്പിക്ക് പകരമുള്ള ആരോഗ്യകരമായ ബദലാണ് ഈ തണുത്ത വെള്ളത്തിലെ കുളിയെന്നും ഛേത്രി കൂട്ടിച്ചേര്‍ക്കുന്നു.
തണുത്ത വെള്ളത്തിലെ കുളിക്ക് ഇനി പറയുന്ന ഗുണങ്ങളുണ്ടെന്ന് മുംബൈ സെന്‍ട്രല്‍ വോക്ക്‌ഹാര്‍ഡ് ഹോസ്‌പിറ്റല്‍സിലെ ഇന്റേണല്‍ മെഡിസിന്‍ ഡോക്ടര്‍ റിതുജ ഉഗല്‍മുഗ്ലേ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
1. രക്തചംക്രമണം വര്‍ധിക്കും
ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. രക്തചംക്രമണം പൊതുവേ കുറയുന്ന ഈര്‍പ്പം കൂടിയ കാലാവസ്ഥയില്‍ ഇത് പ്രത്യേകിച്ചും ഫലപ്രദമാണ്.
2. ചര്‍മ്മത്തിന് നല്ലത്
ചര്‍മ്മ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന ഈര്‍പ്പം അധികമുള്ള കാലാവസ്ഥയില്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ അടച്ച് നീര്‍ക്കെട്ട് ഒഴിവാക്കാന്‍ തണുത്ത വെള്ളം സഹായിക്കും.
3. മൂഡ് മെച്ചപ്പെടുത്തും
ശരീരത്തിലെ എന്‍ഡോര്‍ഫിനുകളുടെ ഉത്‌പാദനം ഉത്തേജിപ്പിച്ച് മൂഡ് മെച്ചപ്പെടുത്താനും തണുത്ത വെള്ളത്തിലെ കുളി നല്ലതാണ്.
എന്നാല്‍ ശ്വാസകോശപരമായ അണുബാധകളുടെ സാധ്യത വര്‍ധിക്കാന്‍ തണുത്ത വെള്ളത്തിലെ കുളി കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ചും തണുത്ത കാലാവസ്ഥയുള്ള സമയങ്ങളില്‍. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും തണുത്ത വെള്ളത്തിലെ കുളി അനുയോജ്യമാകണമെന്നില്ല.
സന്ധിവേദന, പേശികള്‍ക്ക് ദൃഢത പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും വേദന അധികരിക്കാന്‍ തണുത്ത വെള്ളത്തിലെ കുളി കാരണമാകാം. ഹൃദ്രോഗപ്രശ്‌നങ്ങള്‍, വര്‍ധിച്ച രക്തസമ്മര്‍ദ്ദം എന്നിവയുള്ളവരും സൂക്ഷിക്കേണ്ടതാണ്. വ്യക്തികളുടെ ആരോഗ്യ സാഹചര്യങ്ങള്‍ പരിഗണിക്കണമെന്നും ഇത്തരം നിര്‍ദ്ദേശങ്ങള്‍ കണ്ണടച്ച് പിന്തുടരരുതെന്നും ഡോ. റിതുജയും മുന്നറിയിപ്പ് നല്‍കുന്നു.