ചെറുപ്പക്കാരിൽ കുഴഞ്ഞു വീണുള്ള മരണം വർധിക്കുന്നു, കാരണങ്ങൾ എന്താണ്?
Mail This Article
പ്രായം കുറഞ്ഞവർ പോലും കുഴഞ്ഞു വീണു മരിക്കുന്ന കാഴ്ച ഇപ്പോൾ കൂടി വരികയാണ്. എന്താണ് ഇതിന്റെ കാരണമെന്ന് ചിന്തിച്ചിട്ടില്ലേ? പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് കുഴഞ്ഞു വീണുള്ള മരണങ്ങളിലെ പ്രധാന വില്ലൻ. ഒന്നുകിൽ ഹൃദയാഘാതമുണ്ടായി ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നത്, അല്ലെങ്കിൽ ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നതുകൊണ്ട് സംഭവിക്കുന്ന പ്രശ്നങ്ങൾ. രണ്ടും കുഴഞ്ഞു വീണുള്ള മരണത്തിലേക്കാണ് നയിക്കുന്നത്.
തലച്ചോറിൽ അസാധാരണമായി സംഭവിക്കുന്ന രക്തസ്രാവം, സ്ട്രോക്ക്, രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി താഴുക എന്നീ സാഹചര്യങ്ങൾ പലപ്പോഴും മരണത്തിനു കാരണമാകാറുണ്ട്. നേരത്തേ ഹൃദ്രോഗമുള്ളവരിൽ പെട്ടെന്നു ഹൃദയം സ്തംഭിക്കാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്. രക്തധമനികൾ ചുരുങ്ങുന്നതും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്കു നയിക്കാം.
ജിമ്മിൽ വർക്ഔട്ട് ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. ചില ഹോർമോണുകൾ കൂടുന്നതും ഹൃദയതാളത്തിൽ വ്യത്യാസമുണ്ടാകുന്നതുമാണ് പ്രാധാന കാരണം. ബോഡി ബിൽഡിങ് നടത്തുന്നവർ കുറഞ്ഞകാലംകൊണ്ടു ശരീരത്തിന്റെ ആകാരഭംഗി വർധിപ്പിക്കാൻ സ്റ്റിറോയ്ഡുകളും ഗ്രോത്ത് ഹോർമോണുകളും കഴിക്കാറുണ്ട്. ഇവ ഹൃദയത്തിന്റെ മാംസപേശികൾക്കു കേടുപാടുകൾ വരുത്തി ഹൃദയതാളങ്ങൾക്കു വ്യതിയാനമുണ്ടാക്കും.
ഹൃദയത്തിന്റെ ആരോഗ്യത്തിന് സമ്മർദ്ദം കുറഞ്ഞിരിക്കുന്നതാണ് ഏറ്റവും നല്ലത്. താങ്ങാവുന്നതിനപ്പുറമുള്ള സമ്മർദ്ദം ഹൃദ്രോഗമുള്ളവരുടെ ജീവൻ കവർന്നേക്കാം. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരിലും ഒറ്റ ഡോസിൽ അമിതമായ ലഹരി ഉപയോഗിക്കുന്നവരിലും ഹൃദയസ്തംഭനവും പെട്ടെന്നുള്ള മരണവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
എങ്ങനെ ചെയ്യും സിപിആർ
ഹൃദയം നിലച്ച് കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ എത്തുന്നവർക്കു നൽകുന്ന പ്രഥമശുശ്രൂഷയാണു സിപിആർ. നെഞ്ചിന്റെ നടുഭാഗം മൂന്നു മുതൽ അഞ്ചു വരെ സെന്റീമീറ്റർ താഴുന്ന രീതിയിൽ, മിനിറ്റിൽ 100 തവണ എന്ന കണക്കിൽ ശക്തമായി അമർത്തുകയാണ് ഇതിൽ പ്രധാനം. 30 തവണ അമർത്തിക്കഴിഞ്ഞാൽ 2 തവണ കൃത്രിമശ്വാസം നൽകാം. രോഗിയുടെ ഹൃദയമിടിപ്പും ശ്വാസവും തിരിച്ചുകിട്ടുന്നതുവരെ സിപിആർ കൊടുക്കണം. താൽക്കാലികമായി തലച്ചോറിലേക്കും മറ്റു പ്രധാന അവയവങ്ങളിലേക്കുമുള്ള രക്തസഞ്ചാരം നിലനിർത്താൻ ഈ പ്രാഥമിക ചികിത്സവഴി സാധിക്കും.