ഹൃദയാഘാതവും പക്ഷാഘാതവും ഒരുമിച്ച് സംഭവിക്കുമോ? ഇവയുടെ കാരണങ്ങൾ എന്തൊക്കെ?
Mail This Article
ഹൃദയാഘാതവും പക്ഷാഘാതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഹൃദയാഘാതത്തിനു ശേഷം പക്ഷാഘാതം അഥവാ സ്ട്രോക്ക് വരാറുണ്ടോ? ഇനി രണ്ടും ഒരുമിച്ചാണോ വരുന്നത്? അങ്ങനെ പലതരത്തിലാണ് സംശയങ്ങൾ. ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങളുമുണ്ട്.
ഹൃദ്രോഗത്തിനു തുല്യമായി നമ്മുടെ തലച്ചോറിൽ സംഭവിക്കുന്ന ഒരു അസുഖമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഹൃദയാഘാതം ഹൃദയത്തില്‍ ഉണ്ടാകുന്നതുപോലെ തന്നെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടായി ആണ് പക്ഷാഘാതവും ഉണ്ടാകുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. എന്നാൽ പക്ഷാഘാതവും ഹൃദയാഘാതവും ഒരുമിച്ചു വരാറുണ്ടോ അല്ലെങ്കിൽ ഏതെങ്കിലും ഒന്ന് മറ്റൊന്നിന്റെ കാരണമാണോ എന്നുള്ള സംശയം പലപ്പോഴും ഉണ്ടാകാറുണ്ട്. ഹൃദയാഘാതവും പക്ഷാഘാതവും രക്തക്കുഴലുകളുടെ തടസ്സം കൊണ്ട് സംഭവിക്കുന്ന ഒരു രോഗമാണ്ചില ആൾക്കാരിൽ ഹൃദയത്തിന്റെ രക്തക്കുഴലിലും തലച്ചോറിന്റെ രക്തക്കുഴലിലും ബ്ലോക്ക് ഒരേ സമയത്ത് വളരെ അപൂർവമായി സംഭവിക്കാറുണ്ട്. അതുകൊണ്ടും ഇത് രണ്ടും ഒരുമിച്ചു വരാം.
ചില കേസുകളിൽ ഹൃദയാഘാതം ഉണ്ടായ ശേഷം അടുത്ത ഒന്നോ രണ്ടോ മണിക്കൂറുകൾക്കുള്ളിൽ പെട്ടെന്ന് പക്ഷാഘാതം ഉണ്ടാകുന്നതായിട്ട് കാണാറുണ്ട്. ഇതിന് ഒരു കാരണം, ഹൃദയാഘാതം ഉണ്ടായി ഹൃദയത്തിന്റെ പേശി ശരിയായ രീതിയിൽ ചലിക്കാതിരിക്കുമ്പോൾ അവിടെ ഒരു ക്ലോട്ട് ഉണ്ടാവുകയും ആ ക്ലോട്ട് ഹൃദയത്തിൽ നിന്നും തലച്ചോറിലെ ധമനിയിൽ പോയി അവിടെ ഒരു അടവുണ്ടാക്കി, അങ്ങനെയാണ് പക്ഷാഘാതം ഉണ്ടാവുക. ഇതാണ് ഇവ രണ്ടും ഒരുമിച്ചു കാണുന്ന അവസ്ഥകളിൽ കാണാറുള്ളത്. പക്ഷേ എല്ലാ പക്ഷാഘാതത്തിനും കാരണം ഒരിക്കലും ഹൃദയാഘാതമല്ല. അല്ലെങ്കിൽ പക്ഷാഘാതം ആയിട്ട് വരുന്ന കണ്ടീഷൻസ് വളരെയധികമുണ്ട്. പക്ഷേ ഇതിന്റെ രണ്ടിന്റെയും ഉണ്ടാകാനുള്ള കാരണങ്ങൾ അഥവാ റിസ്ക് ഫാക്റ്റേഴ്സ് എന്നു പറയുന്നത് രണ്ടും ഒരേപോലെയാണ്. പ്രമേഹം, രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, മറ്റ് ജീവിതരീതിയിലുള്ള മാറ്റങ്ങൾ, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം ഇതെല്ലാം തന്നെ രണ്ടിനും കാണാറുണ്ട്. ആ രീതിയിൽ ഇവ രണ്ടും തമ്മിൽ ബന്ധമുണ്ട്. എന്നാൽ ഹൃദയാഘാതം കൊണ്ടാണ് പക്ഷാഘാതം ഉണ്ടാകുന്നതെന്നോ പക്ഷാഘാതം കൊണ്ടാണ് ഹൃദയാഘാതം ഉണ്ടാകുന്നതെന്നോ പറയുന്നതിൽ വാസ്തവമില്ല.
(ലേഖകന്‍ തിരുവനന്തപുരം കിംസ് ഹെൽത്തിലെ സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ആണ്. അഭിപ്രായം വ്യക്തിപരം)