ADVERTISEMENT

തൊഴിലുമായി ബന്ധപ്പെട്ടു സമ്മർദങ്ങൾ സ്വാഭാവികം. എന്നാൽ ഒരു പരിധി കഴിയുമ്പോൾ അതു ‘ബേൺ ഔട്ട്’ (മലയാളമാക്കിയാൽ ‘എരിഞ്ഞടങ്ങൽ’) ആയി മാറുന്നു. ദീർഘകാലത്തെ സമ്മർദം കാരണം ഒരാൾക്കു മാനസികവും ശാരീരികവും വൈകാരികവുമായി അനുഭവപ്പെടുന്ന തളർച്ചയാണു ‘ബേൺ ഔട്ട്’. പല കാരണങ്ങൾ കൊണ്ടു ‘ബേൺ ഔട്ട്’ ഉണ്ടാകാം. പ്രധാനമായി 3 തലങ്ങളാണു ‘ബേൺ ഔട്ടിനു’ള്ളത്.

∙ നിരന്തര ക്ഷീണം, തളർച്ച, ജോലി ചെയ്യാനാകാത്ത അവസ്ഥ
∙ ജോലിയോടും സഹപ്രവർത്തകരോടും ഓഫിസിനോടും നെഗറ്റീവായ സമീപനം
∙ ചെയ്യുന്ന ജോലിക്ക് അർഥമില്ലെന്ന തോന്നൽ.

Representative image. Photo Credit:fizkes/istockphoto.com
Representative image. Photo Credit:fizkes/istockphoto.com

കൃത്യമായി പരിഹരിച്ചില്ലെങ്കിൽ നമ്മുടെ സന്തോഷവും സമാധാനവും ആത്മാർഥതയും കവർന്നെടുത്ത്, ആശങ്കകളും ദേഷ്യവും ഒറ്റപ്പെടലും നിസ്സഹായാവസ്ഥയും അതു സൃഷ്ടിക്കും. വിഷാദം, ഉത്കണ്ഠ പ്രശ്നങ്ങൾ തുടങ്ങിയ മാനസികാവസ്ഥകൾക്കും ഇതു കാരണമാകാം.

തൊഴിലുമായുള്ള ബന്ധം നഷ്ടമായതു പോലെ തോന്നാം. നേട്ടങ്ങളിൽ സന്തോഷം കണ്ടെത്താനാകാത്ത അവസ്ഥയുണ്ടാകാം. ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നവർ, അവരുടെ ചെറിയ തെറ്റുകളെ പോലും വലുതായി കാണും. സ്വന്തം ജോലിയെ നിശിതമായി വിമർശിക്കും. തൊഴിലിടങ്ങളിൽ സ്വയം ഒറ്റപ്പെടും. ജോലി പിന്നീടത്തേക്കു മാറ്റും. ഓർമപ്രശ്നങ്ങൾ, തീരുമാനങ്ങളെടുക്കുന്നതിലെ പിഴവുകൾ, ആത്മവിശ്വാസക്കുറവ് എന്നിവ കൂടിക്കൂടി വരും. സുഖകരമല്ലാത്ത തൊഴിൽ അന്തരീക്ഷം, തൊഴിലിടങ്ങളിൽ അംഗീകാരം കിട്ടാത്ത അവസ്ഥ, ആശയവിനിമയത്തിനു തുറന്ന അവസരങ്ങളില്ലാത്തത് എന്നിവയെല്ലാം ‘ബേൺ ഔട്ട്’ സാഹചര്യം സങ്കീർണമാക്കും.

എന്താണു പരിഹാരം
വ്യക്തിയിൽ മാത്രം മാറ്റംവരുത്തിയതുകൊണ്ടു ‘ബേൺ ഔട്ട്’ പരിഹരിക്കാനാവില്ല. അതിനു തൊഴിലിടത്തിലും മാറ്റങ്ങളുണ്ടാകണം. ജോലിയിൽ നിന്ന് ആവശ്യത്തിന് ഇടവേളകളെടുക്കണം. വ്യായാമവും ആരോഗ്യകരമായ ആഹാരക്രമവും ശീലമാക്കണം. വീട്ടിലും ഓഫിസിലും നല്ല ബന്ധങ്ങളുണ്ടാകണം. ആശയവിനിമയം മെച്ചപ്പെടുത്തണം. ജോലിസംബന്ധമായ ലക്ഷ്യങ്ങൾ മനുഷ്യസാധ്യമായതായിരിക്കണം. തൊഴിലിടങ്ങളിൽ മെച്ചപ്പെട്ട ആശയവിനിമയവും പരസ്പര ബഹുമാനവുമുണ്ടാകണം. ജീവനക്കാരുടെ ക്ഷേമത്തിനു മുൻഗണന നൽകുന്ന തൊഴിലിടങ്ങൾ തിരഞ്ഞെടുക്കണം. മാനസിക സമ്മർദത്തിന്റെ കാരണങ്ങൾ കണ്ടെത്തിവേണം പ്രശ്നത്തെ കൈകാര്യം ചെയ്യേണ്ടത്. പ്രയാസങ്ങൾ കുടുംബവുമായും അടുത്ത സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും തുറന്നു സംസാരിക്കണം. ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായം തേടാം. മാനസികാസ്വാസ്ഥ്യങ്ങൾ തിരിച്ചറിഞ്ഞു സഹായം തേടിയില്ലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാകാം.
(വിവരങ്ങൾ: ഡോ. ലിഷ പി. ബാലൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, പ്രയത്ന, കൊച്ചി.)

English Summary:

Feeling Exhausted and Cynical at Work? You Could Have Job Burnout

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com