തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യമാണോ? വീട്ടിലെ ശാന്തത നിലനിർത്താൻ ഇവ ശ്രദ്ധിക്കണേ
Mail This Article
‘‘മൂപ്പർക്ക് പ്രായമായതിനു ശേഷം മൂക്കത്താണ് കോപം. എപ്പോഴാണ് പൊട്ടിത്തെറിക്കുന്നതെന്ന് ഒരു പിടിയുമില്ല!’’– കത്തിപ്പടരും മുൻപേ തണുപ്പിക്കാനുള്ള ക്ഷമയും കഴിവുമുണ്ടെങ്കിൽ ഈ സീനുകൾ ഒഴിവാക്കാം. ഗൃഹാന്തരീക്ഷത്തിൽ കയ്പ് പടരുന്നത് തടയാം.
എന്തിനാണിത്ര ദേഷ്യം?
പ്രായമാകുമ്പോൾ തലച്ചോറിന്റെ ഘടനയിൽ വ്യത്യാസങ്ങൾ വരാം. ചിലരുടെ കാര്യഗ്രഹണ ശേഷിയിലും ഓർമയിലും കുറവു വരാം. സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ നടക്കാതെ വരുമ്പോൾ പൊരുത്തപ്പെട്ടുപോകാൻ ചിലർക്ക് പ്രയാസമുണ്ടാകാം. അത് ദേഷ്യമായി പുറത്തുവരാം. ശാരീരിക ബുദ്ധിമുട്ടുകളും ചലന പരിമിതിയും കേൾവിക്കുറവ് പോലുള്ള പരാധീനതകളും കോപത്തിന് വഴിതെളിക്കാം.
ആരും കേൾക്കാനില്ലെന്നും ഒറ്റപ്പെടുന്നുവെന്നുമുള്ള തോന്നലുകൾ ദേഷ്യമുണർത്താം. വിഷാദരോഗത്തിന്റെ ലക്ഷണമായും കോപപ്രകടനം ഉണ്ടാകാം. സ്വതവേ ദേഷ്യക്കാർ പ്രായമാകുമ്പോൾ കൂടുതൽ പ്രശ്നക്കാരാകാം. മാറ്റങ്ങളുടെ കാരണങ്ങൾ കണ്ടെത്തി അനുഭാവപൂർവം പെരുമാറുകയെന്നതാണ് ആദ്യപടി.
കോപത്തെ തണുപ്പിക്കാം
ദേഷ്യത്തെ ദേഷ്യം കൊണ്ട് നേരിട്ടാൽ സ്ഥിതി വഷളാകും. അതുകൊണ്ട് ശാന്തതയും ക്ഷമയും ആയുധമാക്കുക. പൊട്ടലും ചീറ്റലും തീരുമ്പോൾ സ്നേഹത്തോടെയും ആദരവോടെയും കേൾക്കുക. കോപതാപങ്ങളുടെ പൊരുൾ മനസ്സിലാക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുക. വിഷമങ്ങൾക്ക് പറ്റുന്നത്ര പരിഹാരം കാണുക. കോപത്തിന് കീഴടങ്ങിയാണത് ചെയ്തതെന്ന തോന്നലുണ്ടാക്കാതെ സ്നേഹപൂർവം വേണം നടപ്പിലാക്കാൻ.
സ്വയം കടിഞ്ഞാണിടാം
രോഷം ഉള്ളിൽ നുരഞ്ഞുപൊന്താൻ തുടങ്ങുമ്പോൾ തന്നെ മനസ്സിനെ ശാന്തതയിലേക്ക് നയിക്കുന്ന എന്തെങ്കിലും പ്രവൃത്തികളിലേക്കോ ചിന്തകളിലേക്കോ മാറ്റാൻ ശ്രമിക്കാം. വികാരപ്രകടനം കുറച്ച് യഥാർഥ കാര്യത്തെക്കുറിച്ച് സംസാരിക്കാൻ അപ്പോഴേ സാധിക്കൂ. കലിതുള്ളുമ്പോൾ ശ്രദ്ധ മുഴുവൻ അതിലാകും. എല്ലാവരും അതിനെ പഴിക്കും. ഒരു പ്രയോജനവും നൽകാത്ത ഏർപ്പാടായി അതു മാറുകയും ചെയ്യും.
കോപം തോന്നുക സ്വാഭാവികം. പക്ഷേ, അതിരുവിടാതിരിക്കാൻ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ സ്വസ്ഥത നശിപ്പിക്കുന്ന കോപശീലം കൂടുന്നുണ്ടെങ്കിൽ സ്വയം ഇടപെടണം. മനസ്സിന്റെ പൊട്ടിത്തെറിക്കലിനെ മയപ്പെടുത്താൻ ധ്യാനമോ യോഗയോ പതിവായി ശീലിക്കാം.