ശരീരത്തിൽ നീര്‍ക്കെട്ട് ഉണ്ടാകാറുണ്ടോ? വലിയ രോഗങ്ങളുടെ സൂചനയാകാം, ഈ ഭക്ഷണങ്ങൾ രക്ഷയാകും!
Mail This Article
മുറിവുകളോടും അണുക്കളോടുമൊക്കെയുള്ള നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രതികരണമാണ് നീര്‍ക്കെട്ട്. അണുബാധ, പരുക്കുകള്‍, വിഷവസ്തുക്കള്‍ എന്നിവയ്ക്കെതിരെ ഇവ ശരീരത്തിന് സംരക്ഷണം നല്കുന്നു. എന്നാല്‍ നിരന്തരമായി ശരീരത്തില്‍ പ്രത്യക്ഷമാകുന്ന നീര്‍ക്കെട്ട് പലതരം രോഗങ്ങളിലേക്ക് നയിക്കാം.
രക്തക്കുഴലുകളില്‍ പഴുപ്പ് അടിഞ്ഞ് കൂടി ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് നീര്‍ക്കെട്ട് കാരണമാകാം. രക്തത്തിലെ പഞ്ചസാരയെ കൈകാര്യം ചെയ്യാനുള്ള ഇന്‍സുലിന്റെ കാര്യക്ഷമതയെ ബാധിക്കുക വഴി ടൈപ്പ് 2 പ്രമേഹത്തിന്റെ വളര്‍ച്ചയിലേക്കും നീര്‍ക്കെട്ട് നയിക്കാം. സന്ധിവാതം, ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ ട്രാക്ടറ്റില് ഉണ്ടാകുന്ന ക്രോണ്‍സ് രോഗം, അള്‍സറേറ്റീവ് കൊളൈറ്റിസ് എന്നിവയ്ക്ക് പിന്നിലും നിരന്തരമായ നീര്‍ക്കെട്ടിന്റെ സ്വാധീനമുണ്ട്. ഇത് മൂലം ഉണ്ടാകുന്ന ദീര്‍ഘകാല ഡിഎന്‍എ ക്ഷതം പലതരത്തിലുള്ള അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയ്ക്കും വഴി വയ്ക്കാം.
അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, തുടര്‍ച്ചയായ സമ്മര്‍ദ്ദം, കെമിക്കലുകള്‍, സിഗരറ്റ് പുക, മലിനീകരണം പോലുള്ള പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയും നീര്‍ക്കെട്ടിന് പിന്നിലുണ്ടാകാം. ഇനി പറയുന്ന പ്രകൃതിദത്തമായ വസ്തുക്കള്‍ ഭക്ഷണവിഭവങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വഴി നീര്‍ക്കെട്ട് കുറയ്ക്കാന്‍ സാധിക്കുമെന്ന് ഡയറ്റീഷ്യന്മാര് അഭിപ്രായപ്പെടുന്നു.
1. മഞ്ഞള്‍
കോശസംയുക്തങ്ങളുടെ തലത്തിലുള്ള നീര്‍ക്കെട്ട് കുറയ്ക്കുന്ന മഞ്ഞള്‍ സന്ധിവാതവും മുട്ട് വേദനയും മൂലം കഷ്ടപ്പെടുന്ന രോഗികള്‍ക്ക് പലപ്പോഴും ശുപാര്‍ശ ചെയ്യപ്പെടാറുണ്ട്.
2. ഇഞ്ചി
ജിഞ്ചറോള്‍ എന്ന സംയുക്തങ്ങളുടെ വളര്‍ച്ചയ്ക്ക് ഇഞ്ചി സഹായിക്കും. ആന്റി ഇന്‍ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ജിഞ്ചറോള്‍ നീര്ക്കെട്ടിനോട് പോരാടി ആരോഗ്യസംരക്ഷണത്തില്‍ സഹായിക്കുന്നു.
3. കറുവാപ്പട്ട
ഭക്ഷണവിഭവങ്ങളില്‍ രുചിയും മണവും വര്‍ധിപ്പിക്കാൻ മാത്രമല്ല നീര്‍ക്കെട്ടിനെ കുറയ്ക്കാനും കറുവാപ്പട്ട സഹായിക്കുന്നു. ശരീരത്തിലെ പഞ്ചസാരയുടെ തോത് സന്തുലിതമാക്കി ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കറുവാപട്ട നല്ലതാണ്.
4. ഗ്രീന്‍ ടീ
കറ്റേച്ചിന്‍ എന്ന ആന്റിഓക്സിഡന്റുകള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന ഗ്രീന്‍ ടീയും നീര്‍ക്കെട്ട് കുറയ്ക്കും. ഹൃദ്രോഗം, അര്‍ബുദം എന്നിവയുടെ സാധ്യതകള്‍ കുറയ്ക്കാനും ഗ്രീന്‍ ടീ സഹായകമാണ്.
5. കുരുമുളക്
കുരുമുളകില്‍ കാണപ്പെടുന്ന പൈപ്പെറിന്‍ എന്ന സംയുക്തത്തിന് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. മഞ്ഞളിനൊപ്പം ഉപയോഗിക്കുമ്പോള്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ അധികരിക്കുന്നു.