തേൻ കഴിച്ചാൽ ഭാരം കുറയുമോ? തേൻ കൂടുതലായാൽ ഗുണമോ ദോഷമോ? അറിയണം ഇക്കാര്യങ്ങൾ
Mail This Article
നിരവധി ഗുണമുള്ള ഒന്നായാണ് ആയുര്‍വേദത്തില്‍ തേനിനെ കണക്കാക്കുന്നത്. ഒരു ടേബിൾ സ്പൂണ്‍ തേനില്‍ 64 കാലറിയും 17 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 17 ഗ്രാം പഞ്ചസാരയും 0.1 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. പുറമേ നിറയെ ഫ്ളവനോയ്ഡുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ തേനിന്റെ ആരോഗ്യ ഗുണങ്ങള്‍ പല മടങ്ങ് വര്‍ധിക്കുന്നു.
സാധാരണ പഞ്ചസാരയേക്കാള്‍ ഗ്ലൈസിമിക് സൂചിക കുറവായതിനാല്‍ തേന്‍ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാര സാവധാനം മാത്രമേ ഉയരുകയുള്ളൂ. ഇത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. രാത്രി കിടക്കുന്നതിനു മുന്‍പ് ഒരു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ ഉറക്കത്തിന്റെ ആദ്യ മണിക്കൂറുകളില്‍ കൊഴുപ്പ് കത്തിക്കാന്‍ ശരീരത്തിന് ഇത് സഹായകമാകും. കരളിന് ഗ്ലൈക്കോജന്‍ നല്‍കുന്നത് വഴി രാത്രി മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് സ്ഥിരമാക്കി വയ്ക്കാന്‍ തേനിലൂടെ കഴിയും. കൊഴുപ്പ് ശേഖരിച്ച് വയ്ക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് മനസ്സിലാക്കുന്ന തലച്ചോര്‍ രാത്രിയില്‍ കൊഴുപ്പ് കത്തിക്കാനുള്ള നിര്‍ദ്ദേശം ശരീരത്തിന് നല്‍കുന്നതാണ്.
ചൂടു വെള്ളത്തില്‍ കറുവാപ്പട്ട പൊടിയും ഒരു ടീസ്പൂണ്‍ തേനും കലര്‍ത്തി കുടിക്കുന്നത് ചയാപചയം മെച്ചപ്പെടാനും വിശപ്പ് നിയന്ത്രിക്കാനും നല്ലതാണ്. ചൂടു വെള്ളത്തില്‍ നാരങ്ങയോടൊപ്പവും തേന്‍ കഴിക്കാം. തേന്‍ ഹെര്‍ബല്‍ ചായ, ഇഞ്ചി ചായ, ഗ്രീന്‍ ടീ എന്നിവയിലും ബ്രേക്ക്ഫാസ്റ്റ് ഓട് മീലിലും ചേര്‍ത്ത് കഴിക്കാവുന്നതാണ്.
എന്നാല്‍ ഉയര്‍ന്ന തോതില്‍ കാലറി ഉള്ളതിനാല്‍ വലിച്ചു വാരി തേന്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയുടെ ബീജകോശങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും അലര്‍ജിയുള്ള വലിയവര്‍ക്കും തേന്‍ നല്‍കരുത്.
ഭാരം കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും തേന്‍ സഹായിക്കുമെങ്കിലും ഭാരം കുറയാനുള്ള മാന്ത്രിക ഔഷധമായി ഇതിനെ കരുതരുത്. നിത്യവുമുള്ള വ്യായാമം, സന്തുലിത ഭക്ഷണക്രമം, സജീവമായ ജീവിതശൈലി എന്നിവയെല്ലാം സുസ്ഥിരമായ രീതിയില്‍ ഭാരം കുറയ്ക്കാന്‍ ആവശ്യമാണ്.