ജപ്പാനിലെ ആളുകൾക്ക് നിത്യയൗവ്വനമോ? എപ്പോഴും ചെറുപ്പം തോന്നിക്കാൻ ഈ ശീലങ്ങൾ നമുക്കും വേണം
Mail This Article
ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പ്രായമാകലുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരക്കും ഇവിടെ വളരെ കുറവാണ്. ആരോഗ്യത്തിനും സൗഖ്യത്തിനും ദീർഘായുസിനും പ്രാധാന്യം നൽകുന്ന ഒന്നാണ് ജപ്പാൻ സംസ്കാരം. അവരുടെ പല ചിട്ടകളും വാർധക്യത്തെ പ്രതിരോധിക്കുന്നതാണ് ജപ്പാൻകാരുടെ ഭക്ഷണരീതിയും ജീവിതശൈലിയുമെല്ലാം ഇന്ന് ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. യുവത്വം നിലനിർത്താനും പ്രായമാകലിനെ പ്രതിരോധിക്കാനും സഹായിക്കുന്ന ജപ്പാൻകാരുടെ അഞ്ച് ആരോഗ്യശീലങ്ങളെ അറിയാം.
∙ഗ്രീൻടീയുടെ ശക്തി
ഗ്രീൻടീ അഥവാ ‘ഒച്ചാ’ ജപ്പാൻകാരുടെ പ്രധാനപാനീയമാണ്. വാർധക്യത്തെ തടയാനുള്ള ഗുണങ്ങൾ ഗ്രീൻടീയ്ക്കുണ്ട്. ആന്റിഓക്സിഡന്റുകളായ കറ്റേച്ചിനുകളും പോളിഫിനോളുകളും അടങ്ങിയ ഗ്രീൻടീ ഫ്രീറാഡിക്കലുകളെ തുരത്തുന്നു.
ദിവസം അഞ്ച് കപ്പിലധികം ഗ്രീൻടീ കുടിക്കുന്നവർക്ക് ഗ്രീൻടീ കുറച്ചു മാത്രം കുടിക്കുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവാണെന്നും ദീർഘായുസ് ഉണ്ടാകാമെന്നും ജാമാ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഗ്രീൻടീയുടെ ആന്റി ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡേറ്റീവ് ഗുണങ്ങൾ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. സൂര്യപ്രകാശത്തിൽ നിന്നു സംരക്ഷണമേകുന്നു. ചർമം യുവത്വമുള്ളതും തിളങ്ങുന്നതുമായി നിലനിർത്തുന്നു.
മധുരപാനീയങ്ങളും കാപ്പിയും ഒഴിവാക്കി പകരം രണ്ടോ മൂന്നോ കപ്പ് ഗ്രീൻടീ കുടിക്കുന്നത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
∙സസ്യാധിഷ്ഠിത ഭക്ഷണക്രമം (വാഷോകു)
ജപ്പാനിലെ പാരമ്പര്യ ഭക്ഷണരീതിയാണ് വാഷോകു. സസ്യാധിഷ്ഠിത ഭക്ഷണം, മത്സ്യം, പച്ചക്കറികൾ, സീവീഡ്, മിസോ, നാട്ടോ പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ ഇവയെല്ലാം ഉൾപ്പെട്ട ഭക്ഷണരീതിയാണിത്. നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ ധാരാളം അടങ്ങിയതും പൂരിത കൊഴുപ്പും ഷുഗറും കുറവുള്ള ഭക്ഷണരീതിയാണിത്. വാഷോകു ഭക്ഷണരീതി പിന്തുടരുന്നത് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം ഇവയ്ക്കുള്ള സാധ്യതകളെ കുറയ്ക്കുന്നു.
സസ്യാധിഷ്ഠിത ഭക്ഷണക്രമം പിന്തുടരുന്നവരിൽ പ്രായമാകൽ സാവധാനത്തിലാകുമെന്നും പ്രായമാകലുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുളള സാധ്യത കുറവാണെന്നും ബയോമെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ജപ്പാനിൽ പതിവായി ഉപയോഗിക്കുന്ന സീവീഡ് അഥവാ കടൽപ്പായലിൽ അയഡിൻ, കാൽസ്യം, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ ചർമത്തിന്റെ ഇലാസ്തികത നിലനിർത്താനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കും.
∙പരിശീലിക്കാം ഹരാ ഹാച്ചി ബു
ജപ്പാനിൽ നിലവിലുള്ള ഭക്ഷണരീതിയാണിത്. ഹരാഹാച്ചി ബു. 80 ശതമാനം മാത്രം വയർ നിറയുന്ന രീതിയിൽ ഭക്ഷണം കഴിക്കുന്ന രീതിയാണിത്. ജപ്പാനിലെ ഒകിനാവാ പ്രദേശത്ത് ഈ രീതി സർവസാധാരണമാണ്. ഇവിടെയാണ് 100 വയസ്സിൽ കൂടുതൽ പ്രായമുള്ള ധാരാളം പേർ താമസിക്കുന്നത്. ഹരാഹാച്ചി ബു മൈൻഡ് ഫുൾ ഈറ്റിങ്ങും ഭക്ഷണം കൃത്യമായി ഭാഗിച്ചു കഴിക്കുന്ന രീതിയും പ്രോത്സാഹിപ്പിക്കുന്ന ഇത് ദീര്‍ഘായുസ് ഏകുന്നതോടൊപ്പം പൊണ്ണത്തടിയുമായി ബന്ധപ്പെട്ട രോഗങ്ങളെയും പ്രതിരോധിക്കുന്നു.
പോഷകങ്ങളുടെ അഭാവം വരാതെ കാലറിയെ നിയന്ത്രിക്കുന്നത് പ്രായമാകലിനെ സാവധാനത്തിലാക്കുകയും ദീർഘായുസ് ലഭിക്കുകയും ചെയ്യും. മിതമായ അളവിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും ഓക്സീകരണ സമ്മർദം കുറയ്ക്കാനും സഹായിക്കുന്നു. ഇവയെല്ലാം പ്രായമാകലിനെ സാവധാനത്തിലാക്കുന്നു.
∙ആക്ടീവ് ആയിരിക്കാം
ജപ്പാനിൽ ശാരീരിക പ്രവർത്തനങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാണ്. ജിമ്മും വർക്കൗട്ടും ഒന്നും ഇല്ലാതെ തന്നെ ദിവസവും ദിനചര്യയുടെ ഭാഗമായി നടത്തം, സൈക്ലിങ്ങ്, പൂന്തോട്ട പരിപാലനം, പാരമ്പര്യവ്യായാമമായ തായ് ചി, യോഗ ഇവയെല്ലാം ശീലമാക്കുന്നു.
ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ഡിമൻഷ്യ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ പതിവായ ശാരീരിക പ്രവർത്തനത്തിനാകുമെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ദിവസവും ഉള്ള ചലനങ്ങൾ ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം പേശികളെയും എല്ലുകളെയും ശക്തിപ്പെടുത്തുകയും മനസ്സിനെ ഷാർപ്പ് ആക്കി നിലനിർത്തുകയും ചെയ്യുന്നു.
∙ഉറക്കവും വിശ്രമവും
ഉറക്കവും വിശ്രമവും ആരോഗ്യകരമായ ജീവിതശൈലിയിൽ വളരെ പ്രധാനമായി ജാപ്പനീസ് സംസ്കാരം കരുതുന്നു. ശാരീരികവും മാനസികവുമായ ഉണർവിന് ശരിയായ ഉറക്കം ആവശ്യമാണ്. പ്രായമാകലിനെ പ്രതിരോധിക്കുന്നതിന് ഇത് പ്രധാന പങ്കുവഹിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഗാഢമായി ഉറങ്ങുന്ന സമയത്ത് ശരീരം കേടുവന്ന കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നു. കൊളാജൻ ഉൽപാദിപ്പിക്കുകയും വിഷാംശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് എല്ലാം ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു.
ഉറക്കം ശരിയാകാഞ്ഞാൽ പ്രായമാകൽ വേഗത്തിലാവുകയും സമ്മർദം കൂടുകയും ബൗദ്ധികപ്രവർത്തനങ്ങൾ കുറയുകയും ചെയ്യും എന്ന് ജേണൽ ഓഫ് ക്ലിനിക്കൽ സ്ളീപ്പ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കൃത്യമായ ഉറക്കരീതികൾ ജപ്പാൻകാർ പിന്തുടരുന്നു. ഉച്ചയ്ക്കു ശേഷം അവർ ചെറുമയക്കം (nap or inemuri) ശീലമാക്കുന്നു. ഇത് ശരീരത്തെ റീചാർജ് ചെയ്യാൻ സഹായിക്കും.
ദിവസം 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുകയും പകല്‍ ചെറുമയക്കം ശീലമാക്കുകയും ചെയ്യുന്നത് ചർമത്തെ ആരോഗ്യമുള്ളതാക്കും. സമ്മർദം അകറ്റും മാനസികാരോഗ്യമേകും.