അലട്ടിയത് പല രോഗങ്ങൾ, ഒറ്റമൂലി ആയത് ഫിറ്റ്നസ്സ്; ആരോഗ്യം തിരിച്ചുപിടിച്ച് നിഷ
Mail This Article
മക്കൾക്കും കുടുംബത്തിനും വേണ്ടി മുഴുവൻ സമയവും മാറ്റി വച്ചൊരു വ്യക്തിക്ക് എപ്പോഴാണ് സ്വന്തം കാര്യം നോക്കാനാവുക? ഒപ്പം ആരോഗ്യപ്രശ്നങ്ങൾ കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ തനിക്കു വേണ്ടി സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ നിഷ അജു എന്ന 44 വയസ്സുകാരിയുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ ചില്ലറയല്ല. എറണാകുളം പിറവം സ്വദേശിയായ നിഷ ഇപ്പോൾ യുഎയിൽ റാസൽഖൈമയിലാണ്. ഭർത്താവ് ബിസിനസ്സിലേക്ക് കടന്നതോടെ നിഷ തന്റെ ടീച്ചർ ജോലി ഉപേക്ഷിച്ചു. ഇപ്പോൾ പങ്കാളിയുടെ സഹായത്തിനു കൂടെയുണ്ട്. നാട്ടിൽ എംബിബിഎസിനു പഠിക്കുന്ന മകനും, പ്ലസ്ടു വിദ്യാർഥിനിയായ മകളുമാണ് നിഷയുടെ മക്കൾ.
ഒന്നര വർഷം മുൻപ് യോഗ തുടങ്ങുമ്പോൾ നിഷയുടെ ജീവിതം ഇന്നത്തെപ്പോലെ ആയിരുന്നില്ല. ജോലി വിട്ട ശേഷം ഭർത്താവിനൊപ്പം ഓഫിസിൽ പോകുമെങ്കിലും കുട്ടികൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്. പഠിത്തത്തിലും മറ്റ് പാഠ്യേതര വിഷയങ്ങളിലും കുട്ടികൾ താൽപര്യപ്പെട്ടിരുന്നത് കൊണ്ട്, അവരെ കൊണ്ടുവിടാനും തിരിച്ചുകൊണ്ടുവരുന്നതുമൊക്കെയായി ആകെ തിരക്കുപിടിച്ച ജീവിതമായിരുന്നു. അന്ന് സ്വന്തം കാര്യം നോക്കാൻ സമയം കിട്ടിയിരുന്നതേയില്ല. എന്നാൽ മകൻ നാട്ടിൽ പഠിക്കാൻ പോയതോടെയാണ് ജീവിതത്തിൽ ഒരു ശൂന്യത തോന്നിത്തുടങ്ങിയതെന്ന് നിഷ പറയുന്നു.
വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. ആ സമയത്ത് വീട്ടിൽ ഒരുപാട് ചെടികളെ പരിപാലിച്ചിരുന്നു. എനിക്ക് അവയെ പോലും ശ്രദ്ധിക്കാൻ പറ്റാതെ വന്നു. അങ്ങനെയിരിക്കെ എനിക്കുതന്നെ തോന്നി, മാനസികമായി ഒരു മാറ്റം വേണമെന്ന്. എന്നാൽ എന്തുചെയ്യണമെന്നും അറിയില്ലായിരുന്നു. അപ്പോഴാണ് എന്റെ സഹപ്രവർത്തകയായിരുന്ന ഒരു ടീച്ചർ യോഗാ ക്ലാസിന്റെ പോസ്റ്റ് സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. അതുവഴിയാണ് യോഗ ക്ലാസിനു ചേരുന്നതും.
ശരീരഭാരം കുറയ്ക്കുകയായിരുന്നില്ല എന്റെ ലക്ഷ്യം, മനസ്സിന്റെ ആരോഗ്യം മാത്രമേ മുന്നിൽ കണ്ടിരുന്നുള്ളു. ക്ലാസ് തുടങ്ങിക്കഴിഞ്ഞപ്പോൾ മാനസികമായും ശാരീരികമായും എനിക്ക് ഗുണമുള്ളതായി തോന്നി. എനിക്ക് വെർട്ടിഗോ (തലകറക്കം), സ്പോണ്ടിലൈറ്റിസ്, ബിപി, എൻഡോമെട്രിയോസിസ് തുടങ്ങി ഒരുപാട് ആരോഗ്യപ്രശ്നങ്ങളുണ്ട്. കൊറോണ വന്ന് ഗുരുതരാവസ്ഥയിലും ആയിട്ടുണ്ട്. അതിനുശേഷം അടുക്കളയിൽ നിന്ന് അധികനേരം ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്. പേശികളിൽ വല്ലാത്ത വേദനയായിരിക്കും. സ്ഥിരമായി മരുന്ന് കഴിച്ചുകൊണ്ടിരുന്ന ഞാൻ യോഗ ആരംഭിച്ചതോടെ എല്ലാം നിർത്തി. എന്റെ ശരീരംവേദനയൊക്കെ മാറി. സ്പോണ്ടിലൈറ്റിസിന്റെ ശല്യവും കുറഞ്ഞു. അതുപോലെ വെർട്ടിഗോ ഒരിക്കലും മാറുമെന്ന് ഞാൻ കരുതിയതല്ല.
യോഗയിൽ നന്നായി തല കുനിച്ചു ചെയ്യേണ്ട ആസനാസ് ഉണ്ട്. അതൊന്നും ഞാൻ ആദ്യം െചയ്യുമായിരുന്നില്ല. നമ്മുടെ ആരോഗ്യപ്രശ്നങ്ങൾ അറിഞ്ഞാണ് ഓരോ യോഗാസനവും ചെയ്യിക്കുന്നത്. എന്നാൽ ആദ്യം അതൊന്നും ചെയ്യാൻ എനിക്ക് പറ്റില്ലായിരുന്നു. പക്ഷേ പതുക്കെ പതുക്കെ ഞാൻ അത് ശ്രമിച്ചു നോക്കി. ഇപ്പോഴെനിക്ക് നന്നായി കുനിഞ്ഞ് ജോലികൾ ചെയ്യാൻ പറ്റുന്നുണ്ട്. എന്നെ അലട്ടിക്കൊണ്ടിരുന്ന മറ്റൊരു പ്രശ്നം മുട്ടുവേദന ആയിരുന്നു. മുട്ട് മടക്കി ഇരിക്കാനൊന്നും എനിക്ക് പറ്റുമായിരുന്നില്ല. ഇപ്പോൾ ആ ബുദ്ധിമുട്ടും മാറി. ശരിയായ സമയത്ത് നല്ല ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ ബിപി നോർമൽ ആയി. യോഗ തുടങ്ങുന്നതിനു മുൻപ് എനിക്ക് ആശുപത്രിയിൽ നിന്നിറങ്ങാൻ സമയം കിട്ടിയിരുന്നില്ല. ഇപ്പോള്‍ ആശുപത്രി പോക്ക് ഇല്ലെന്നു തന്നെ പറയാം.
യോഗ ചെയ്യുന്നതോടൊപ്പം നല്ല ഭക്ഷണം എടുത്തതു വഴി 67 കിലോ ഭാരമുണ്ടായിരുന്ന ഞാൻ ഇപ്പോൾ 59 കിലോ ആയി കുറഞ്ഞു. രാവിലെയുള്ള ചായയും കാപ്പിയും ഒഴിവാക്കി. അരിയാഹാരം കുറച്ചു. രാവിലെ റാഗി ഉപയോഗിച്ചുള്ള ഇഡ്ഡലിയും ദോശയുമൊക്കെ ആയിരിക്കും കൂടുതലും ഉണ്ടാക്കുക. ചോറ് ആഴ്ചയിൽ ഒരിക്കൽ മാത്രമാക്കി. പച്ചക്കറികൾ കൂടുതലായി കഴിക്കാൻ തുടങ്ങി. മധുരവും ബേക്കറി പലഹാരങ്ങളും പൂർണമായി നിര്‍ത്തി. ഈ മാറ്റങ്ങൾ ആരോഗ്യം മെച്ചപ്പെടുത്താൻ എന്നെയും കുടുംബത്തെയും ഒരുപാട് സഹായിച്ചു. ഈ ഭക്ഷണക്രമം ഞാൻ മാത്രമല്ല എന്റെ ഫാമിലിയിലെ എല്ലാവരും പിന്തുടരുന്നുണ്ട്. അതുവഴി എല്ലാവരും ഐഡിയൽ വെയ്റ്റിൽ എത്തിനിൽക്കുകയാണ്.
എൻഡോമെട്രിയോസിലും എനിക്ക് നല്ല മാറ്റം ഉണ്ടായിട്ടുണ്ട്. സൈസ് 4 സെന്റീമീറ്റർ ആയിരുന്നത് ഇപ്പോൾ 1.24 ആയി കുറഞ്ഞിട്ടുണ്ട്. ആദ്യമായി യോഗ ചെയ്യുമ്പോൾ ബോഡി ഒട്ടും വഴങ്ങില്ലായിരുന്നു. എന്നെക്കൊണ്ട് പറ്റുമോ എന്നു തോന്നിയിരുന്നു. ഓരോ മാസവും ചെയ്തു ചെയ്തു വരുമ്പോഴേക്കും ശരീരത്തിനു കനമില്ലാത്തതുപോലെ തോന്നുമായിരുന്നു. ഇപ്പോൾ ഏത് ആസനാസ് തന്നാലും ആദ്യം ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ടേ ഉള്ളൂ. പിന്നെ പ്രാക്ടീസിലൂടെ അതിനു നല്ല മാറ്റം വരാറുണ്ട്. അതിന് യോഗ അഭ്യസിപ്പിക്കുന്ന ആളോട് തന്നെയാണ് നന്ദി. ഓൺലൈൻ പ്ലാറ്റ്ഫോം ആണെങ്കിൽ കൂടിയും ഓരോരുത്തർക്കും വേണ്ട പരിഗണന നൽകിയാണ് പ്രാക്ടീസ് െചയ്യിക്കുന്നത്. ഇപ്പോൾ യോഗ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞു. ഒരുദിവസം പോലും ഞങ്ങൾ യോഗ മുടക്കാറില്ല. എത്ര തിരക്കായാലും ധ്യാനിക്കുകയെങ്കിലും െചയ്തിരിക്കും.
യോഗയിൽ നിന്നു കിട്ടിയ വേറൊരു നല്ല ശീലം ഒരു സമയം പോലും പാഴാക്കില്ല എന്നതാണ്. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് വീട്ടിലെ പണികളെല്ലാം തീർക്കും. ക്രോഷെ ചെയ്യുന്നുണ്ട്. ഇഷ്മുള്ള ഹോബികൾ ചെയ്യാൻ പറ്റുന്നുണ്ട്. അതുകഴിഞ്ഞ് ഓഫിസിൽ പോയി അദ്ദേഹത്തെ സഹായിക്കും. എല്ലാ കാര്യങ്ങളും ചെയ്യാനായി ധാരാളം സമയം ഇപ്പോൾ കിട്ടുന്നുണ്ട്. നേരത്തെയൊക്കെ വളരെ താമസിച്ചു കിടക്കും രാവിലെ എഴുന്നേൽക്കും, ശരിയായ ഉറക്കം കിട്ടാറില്ലായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി ജീവിതത്തിന് ഒരു ചിട്ട വന്നു. ഇപ്പോൾ ഞാനും ഫാമിലിയും ഹാപ്പി.