ഭാരം കുറയാന്‍ നടക്കണോ ഓടണോ? ഓരോ സാഹചര്യങ്ങളില്‍ മികച്ചത് ഏത്?
Mail This Article
ഭാരം കുറയ്‌ക്കാനും ഹൃദയത്തിന് ആരോഗ്യമേകാനും ഏറ്റവും നല്ല വ്യായാമങ്ങളാണ് നടത്തവും ഓട്ടവും. നടത്തത്തെക്കാള്‍ വേഗം കാലറി കത്തിക്കാന്‍ ഓട്ടത്തിന് സാധിക്കും. എന്നാല്‍ എവിടെയാണ് ഓടേണ്ടതെന്നതും എവിടെയാണ് നടക്കേണ്ടതെന്നതും സാഹചര്യം അനുസരിച്ച് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. ഉദാഹരണത്തിന് അത്ര സമമല്ലാത്ത പ്രതലത്തില്‍ ഓടുന്നത് ചിലപ്പോള്‍ പരുക്കുണ്ടാകാന്‍ കാരണമാകാം.
ഓരോ പ്രതലങ്ങളിലും ചുറ്റുപാടുകളിലും ഏത് തരം വ്യായാമമാണ് നല്ലതെന്ന് പരിശോധിക്കാം.
1. പ്രകൃതിദത്തമായ കാലടിപ്പാതകള്‍
സിമന്റും ടൈലും കോണ്‍ക്രീറ്റുമൊന്നും ഇടാത്ത പ്രകൃതിദത്തമായ ചില കാലടിപ്പാതകളുണ്ട്. മനുഷ്യര്‍ നടന്ന് നടന്ന് രൂപപ്പെടുന്ന നാട്ടുവഴികള്‍. കാട്ടിലും മേട്ടിലും നമ്മുടെ നാട്ടിലുമൊക്കെ രൂപപ്പെട്ട ഈ വഴികള്‍ സമമായിരിക്കില്ല. കുന്നും മേടും കയറ്റവും ഇറക്കവുമൊക്കെ ഈ കാലടിപ്പാതകളില്‍ ഉണ്ടാകും. ഇത്തരം വഴികളില്‍ നിങ്ങളുടെ ഫിറ്റ്‌നസും വ്യായാമത്തിലെ അനുഭവപരിചയവും അടിസ്ഥാനമാക്കി നടത്തവും ഓട്ടവും മാറി മാറി ചെയ്യാം. കുത്തനെയുള്ള ഇറക്കമാണെങ്കില്‍ നിങ്ങള്‍ ഓടേണ്ട കാര്യം പോലുമില്ല. മിതമായ വേഗത്തിലുള്ള നടത്തം മതിയാകും ഭാരം കുറയ്‌ക്കാന്‍. ഇത്തരം വ്യായാമത്തിനിടെ ഹൃദയമിടിപ്പിന്റെ നിരക്ക് നിരീക്ഷിക്കുന്നത് നന്നായിരിക്കും.
2. ട്രെഡ്‌മില്‍
നിത്യവും വര്‍ക്ഔട്ട് ചെയ്‌ത് എല്ലുകളും സന്ധികളുമൊക്കെ ഫിറ്റായി ഇരിക്കുന്ന ആളുകള്‍ക്കും അധികം പ്രായമാകാത്ത ആളുകള്‍ക്കും ട്രെഡ്‌മില്ലില്‍ ഓടാവുന്നതാണ്. എന്നാല്‍ നിങ്ങള്‍ ഭാരം കുറയ്‌ക്കാന്‍ അടുത്തിടെ ആരംഭിച്ചയാളാണെങ്കിലും രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പ്രായമായ ആളാണെങ്കിലും ട്രെഡ്‌മില്ലിലെ നടത്തമാണ് നല്ലത്.
3. റോഡരികിലെ പാതകള്‍
റോഡില്‍ തിരക്കുണ്ടോ എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും ഇവിടെയുള്ള നടത്തവും ഓട്ടവും. അധികം തിരക്കില്ലാത്ത സമയമാണെങ്കില്‍ ഓടുന്നതിന് തടസ്സമില്ല. എന്നാല്‍ തിരക്കുള്ള തെരുവുകളില്‍ നടത്തമാണ് ഉചിതം.
4. കടല്‍ തീരങ്ങള്‍
പരന്ന പ്രതലത്തില്‍ നടക്കുന്നതിനേക്കാള്‍ വേഗത്തില്‍ കാലറികള്‍ കുറയ്‌ക്കാന്‍ കടല്‍തീരത്തെ മണ്ണിലൂടെയുള്ള നടത്തം സഹായിക്കും. ഇത്തരം പ്രതലങ്ങളിലെ നടത്തവും ഓട്ടവും കാലുകളുടെ കരുത്തും പേശികളുടെ സ്ഥിരതയും വര്‍ധിപ്പിക്കും. മണ്ണില്‍ കാലു വയ്‌ക്കുമ്പോള്‍ അത് പുതഞ്ഞ് പോകുമെന്നതിനാല്‍ പേശികള്‍ക്ക് ഇവിടെ അധ്വാനം അധികമാണ്. സാധാരണ കട്ടിയുള്ള പ്രതലത്തിനേക്കാള്‍ ഒന്നര മടങ്ങ് അധികം ഊര്‍ജ്ജം മണ്ണില്‍ നടക്കാന്‍ ആവശ്യമാണ്.