നിയന്ത്രണമില്ലാത്ത ആ‘ശങ്ക’; പ്രായം ഏതായാലും പരിശോധന വേണം, നിസാരമായി കാണരുത്!
Mail This Article
പ്രായമായവരില്‍ സാധാരണ കാണാറുള്ള ഒരു ആരോഗ്യപ്രശ്‌നമാണ് മൂത്രനിയന്ത്രണമില്ലായ്മ. വയോജനങ്ങളില്‍ ഏകദേശം 30 ശതമാനം പേരില്‍ ഈ പ്രശ്‌നം കണ്ടുവരുന്നു. ഇത് അണുബാധ പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മാനസിക ബുദ്ധിമുട്ടിനും കാരണമാകാം. പലരും പ്രായമായതിന്റെ ഭാഗമെന്നു കരുതി ഇത് തള്ളിക്കളയാറുമുണ്ട്. എന്നാല്‍, ഈ അസുഖം ഏതു പ്രായത്തിലും പരിശോധന ആവശ്യമുള്ളതും ചികിത്സിച്ചു ഭേദമാക്കാവുന്നതുമാണ്.
കാരണങ്ങള്‍
പ്രായംമൂലം മൂത്രാശയത്തിനുണ്ടാകുന്ന മാറ്റങ്ങളാണ് പലപ്പോഴും ഈ അവസ്ഥയ്ക്കു കാരണമാകുന്നത്. മൂത്രാശയത്തിന്റെ സങ്കോച ശക്തി, വ്യാപ്തി, മൂത്രമൊഴിക്കുന്നത് നീട്ടിവയ്ക്കാനുള്ള കഴിവ് തുടങ്ങിയവ പ്രായമായ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കുറയുന്നു. പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ്. മൂത്രാശയത്തിന്റെ മാറ്റങ്ങള്‍ക്കു പുറമേ മറ്റു പ്രശ്‌നങ്ങള്‍കൊണ്ടും മൂത്രനിയന്ത്രണമില്ലായ്മ ഉണ്ടാകാം.
മരുന്നുകള്‍ മൂലവും
മനോദൗര്‍ബല്യം, അണുബാധ, ചിലതരം മരുന്നുകള്‍, മദ്യപാനം, ഹൃദ്രോഗം, പ്രമേഹം, മലബന്ധം തുടങ്ങിയവയും മൂത്രനിയന്ത്രണ ശേഷിയെ ബാധിക്കാറുണ്ട്. ഉറക്കക്കുറവ്, അലര്‍ജി, മനോദൗര്‍ബല്യം, രക്തസമ്മര്‍ദം തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചിലതരം മരുന്നുകള്‍ മൂലവും ഈ പ്രശ്‌നം ഉണ്ടാകാം. പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയില്‍ മൂത്രനിയന്ത്രണ മാംസപേശികള്‍ക്ക് ക്ഷതം സംഭവിച്ചാല്‍ നിയന്ത്രണശേഷി കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യാം. പ്രായമായ സ്ത്രീകളില്‍ മാംസപേശികളുടെ ക്ഷയം മൂലം ചുമയ്ക്കുമ്പോള്‍ അറിയാതെ മൂത്രം പോകുന്ന അവസ്ഥ സാധാരണമാണ്. അല്‍സ്‌ഹൈമേഴ്‌സ്, പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് തുടങ്ങി മൂത്രാശയവുമായി ബന്ധമില്ലാത്ത അസുഖങ്ങള്‍ മൂലവും മൂത്രനിയന്ത്രണശേഷി നഷ്ടപ്പെടാം.
പരിഹാരം എങ്ങനെ?
മൂത്രം, രക്തം തുടങ്ങിയവ പരിശോധിച്ചും അള്‍ട്രാസൗണ്ട് സ്‌കാനിങ്, യൂറോഡൈനമിക്‌സ് തുടങ്ങിയവ വഴിയുമാണ് രോഗനിര്‍ണയം നടത്തുന്നത്. മൂത്രാശയത്തിന് സങ്കോചശക്തി കുറവാണെങ്കില്‍ രോഗിതന്നെ കത്തീറ്റര്‍ ഇട്ടു മൂത്രമെടുക്കുന്ന രീതി വളരെ ഫലപ്രദമാണ്. ചുമയ്ക്കുമ്പോള്‍ മൂത്രം അറിയാതെ പോകുന്നവര്‍ക്ക് ആരംഭദശയില്‍ ഇടുപ്പു മാംസപേശികള്‍ക്ക് ശക്തി വര്‍ധിപ്പിക്കാനുള്ള വ്യായാമങ്ങള്‍, മരുന്നുകള്‍ മുതലായവ ഫലപ്രദമാണ്. അസുഖം വളരെ കൂടുതലാണെങ്കില്‍ ശസ്ത്രക്രിയയെ അവലംബിക്കേണ്ടി വരാം.
(വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. എന്‍. ഗോപകുമാര്‍, യൂറോളജിസ്റ്റ് & ആന്‍ഡ്രോളജിസ്റ്റ്, യൂറോകെയര്‍, തിരുവനന്തപുരം)