ADVERTISEMENT

സമപ്രായക്കാരനായ കൂട്ടുകാരൻ കുടലിൽ കാൻസർ വന്ന് മരിച്ചു. അന്നു മുതൽ മലബന്ധമുണ്ടായാൽ പേടി. വയറിളകിയാൽ ആധി. ഗൂഗിളിൽ പറയുന്ന ഏറ്റവും ഗുരുതരമായ രോഗത്തെക്കുറിച്ചുള്ള ആശങ്കയിൽ വീഴും. ഡോക്ടറെ കാണും. പരിശോധനകൾ കഴിഞ്ഞ് അസുഖം ഒന്നുമില്ലെന്ന് അറിയിക്കുമ്പോൾ താൽക്കാലികമായ ആശ്വാസം. കുറച്ചുകഴിയുമ്പോൾ വീണ്ടും രോഗലക്ഷണങ്ങൾ. ആശുപത്രി കയറിയിറങ്ങൽ. രോഗമില്ലെന്ന് ഉറപ്പു വരുത്താനുള്ള ഡോക്ടർ ഷോപ്പിങ് വയോജനങ്ങളിൽ കൂടുതലായി കാണുന്നു. ഇത്തരം സാഹചര്യങ്ങളിൽ രോഗഭീതി അകറ്റുന്ന സമീപനം കുടുംബാംഗങ്ങളും സ്വീകരിക്കണം.

ആകുലതയുടെ ഭാഷകൾ
വിഷമങ്ങളുണ്ടാകുമ്പോൾ അത് രോഗലക്ഷണങ്ങളുടെ ഭാഷയിൽ പ്രകടമാകാം. പ്രത്യേകിച്ചു സ്ത്രീകളിൽ. പുകച്ചിലും കടച്ചിലും തരിപ്പുമൊക്കെ ആവലാതികളിൽ നിറയും. വൈദ്യപരിശോധനകളിൽ ഒന്നും കണ്ടെത്താനാകാതെ വരുമ്പോൾ ഇതിന്റെ മാനസികവശം മനസ്സിലാക്കാൻ വീട്ടിലുള്ളവർ ശ്രദ്ധിക്കണം. എല്ലാം അഭിനയമെന്ന മട്ടിൽ തള്ളിക്കളയരുത്. ഒരൽപം സമയം നൽകൽ, കരുതൽ കാണിക്കൽ... ഇതൊക്കെ ആശ്വാസം നൽകിയേക്കാം. വാർധക്യത്തിലെ വിഷാദ രോഗങ്ങൾ ശാരീരിക രോഗലക്ഷണങ്ങളുടെ മുഖംമൂടിയിട്ടു വരാം. ചിലപ്പോൾ ശ്രദ്ധകിട്ടാൻ വേണ്ടി മനസ്സ് കാണിക്കുന്ന വികൃതിയുമാകാം. അൽപം ശ്രദ്ധ നൽകി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമ്പോൾ ഈ ബുദ്ധിമുട്ടുകൾ ഇല്ലാതായേക്കാം.

മരണഭയത്തെ കീഴടക്കാം
ജീവിത സായാഹ്നമെത്തുമ്പോൾ മരണഭയത്തിൽ പെടുന്നവരുണ്ട്. വാർധക്യസഹജമായ അസുഖങ്ങൾ ചിലപ്പോൾ ഇത്തരം വിചാരങ്ങളെ ഉണർത്താം. പ്രിയപ്പെട്ടവരുടെ മരണവും ഈ പേടി ഉണ്ടാക്കാം. നല്ല അനുഭവങ്ങൾ ആഘോഷമാക്കാനും അവയിൽ സന്തോഷിക്കാനുമുള്ള വൈഭവമാണ് വേണ്ടത്. ചിലർക്കത് ആത്മീയ കാര്യങ്ങളാകാം. മറ്റു ചിലർക്ക് പ്രിയപ്പെട്ടവരുമായുള്ള ഉല്ലാസ നേരങ്ങളാകാം. കൃഷിയോ പൂന്തോട്ട പരിപാലനമോ ആകാം. ഇത്തരം ആഹ്ലാദ വേളകൾ തരപ്പെടുത്തി ഭീതികളിൽ നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കാൻ വീട്ടുകാരും മുൻകയ്യെടുക്കണം.

ശാന്തമായി നേരിടാം
രോഗങ്ങൾ വരാം. അതുകൊണ്ടുള്ള വേവലാതികൾ അമിതമായാൽ അതും ആരോഗ്യത്തെ ബാധിക്കും. ഈ പ്രായത്തിൽ സ്വാഭാവികമായുണ്ടാകുന്ന ശാരീരികാവസ്ഥകളെയും രോഗങ്ങളെയും ശാന്തമായി നേരിടുകയും ഉറ്റവരുടെ സഹായത്തോടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയുമാണ് വേണ്ടത്.

English Summary:

Senior Health Anxiety: How to Help Loved Ones Escape the Fear of Illness. Turning Twilight Years into Golden Ones: Overcoming Fear of Illness and Death.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com