മൂത്രതടസ്സം, പുകച്ചിൽ, വേദന; ഈ ലക്ഷണങ്ങൾ പുരുഷന്മാർ നിർബന്ധമായും ശ്രദ്ധിക്കണം
Mail This Article
പുരുഷന്മാരില്, പ്രത്യേകിച്ച് 50 വയസ്സ് കഴിഞ്ഞവരില്‍ വ്യാപകമായി കണ്ട് വരുന്ന അര്‍ബുദമാണ് പ്രോസ്റ്റേറ്റ് അര്‍ബുദം. മൂത്രസഞ്ചിക്ക് താഴെയായി കാണപ്പെടുന്ന ശുക്ലം നിര്‍മ്മിക്കുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇവിടുത്തെ കോശങ്ങള്‍ അമിതമായി പെരുകുകയോ അവയ്ക്ക് ജനിതകമാറ്റം സംഭവിക്കുകയോ ചെയ്യുമ്പോഴാണ് പ്രോസ്റ്റേറ്റ് അര്‍ബുദം തലപൊക്കുന്നത്.
ചില തരം പ്രോസ്റ്റേറ്റ് അര്‍ബുദങ്ങള്‍ വളരെ വേഗം പടരുന്നതാണെങ്കില്‍ ചിലത് വര്‍ഷങ്ങളോളം എടുത്ത് വളരെ പതിയെ മാത്രമേ ലക്ഷണങ്ങള്‍ പുറത്ത് കാണിക്കുകയുള്ളൂ. ഏത് ഘട്ടത്തിലാണ് അര്ബുദമുള്ളതെന്ന് തിരിച്ചറിയുന്നത് ചികിത്സ മാര്‍ഗ്ഗങ്ങള്‍ നിര്‍ണ്ണയിക്കാന്‍ സഹായകമാണ്. ട്യൂമര്‍, നോഡ്സ്, മെറ്റാസ്റ്റാസിസ് എന്നിവയെ കുറിക്കുന്ന ടിഎന്‍എം സ്റ്റേജിങ് സമീപനം പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ കാര്യത്തില്‍ പ്രയോജനപ്രദമാണ്.
പ്രോസ്റ്റേറ്റ് അര്‍ബുദത്തിന് നാല് ഘട്ടങ്ങളാണ് ഉള്ളത്.
സ്റ്റേജ് 1
പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുള്ളില്‍ മാത്രം അര്‍ബുദകോശങ്ങള്‍ കണ്ടെത്തുന്ന ഘട്ടമാണ് ഇത്. പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജന്‍ (പിഎസ്എ) തോത് കൂടുതലാകുന്ന രോഗികളില്‍ ചിലപ്പോള്‍ ഡിജിറ്റല്‍ റെക്ടല്‍ എക്സാമിലൂടെ മാത്രം ഈ ഘട്ടത്തിലെ അര്‍ബുദം തിരിച്ചറിഞ്ഞെന്ന് വരില്ല. ഇതിനാല്‍ ബയോപ്സി വഴി വേണം ഈ ഘട്ടത്തിലെ രോഗനിര്‍ണ്ണയം. പ്രോസ്റ്റേറ്റ് ഗ്രന്ഥി നീക്കം ചെയ്യുന്ന പ്രോസ്റ്റാടെക്ടമി ശസ്ത്രക്രിയ, റേഡിയേഷന് തെറാപ്പി, അര്‍ബുദം വളരുന്നുണ്ടോ എന്നുള്ള സജീവ നിരീക്ഷണം എന്നിവയാണ് ഈ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്.
സ്റ്റേജ് 2
ഈ ഘട്ടത്തില്‍ അര്‍ബുദ മുഴ ആദ്യ ഘട്ടത്തേക്കാള്‍ വലുതാണെങ്കിലും പ്രോസ്റ്റേറ്റ് വിട്ട് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടാകില്ല. ശസ്ത്രക്രിയയോ റെഡിയേഷന് തെറാപ്പിയോ രണ്ടും കൂടി ചേര്‍ന്ന ചികിത്സയോ ട്യൂമറിന്റെ വലുപ്പം കുറയ്ക്കാനുള്ള ഹോര്‍മോണ്‍ തെറാപ്പിയോ ഒക്കെയാകാം ഈ ഘട്ടത്തില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്.
സ്റ്റേജ് 3
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പുറത്തേക്ക് മൂത്രസഞ്ചിയുടെ ഭാഗത്തേക്കും സെമിനല്‍ വെസിക്കിളുകളിലേക്കുമൊക്കെ അര്‍ബുദം ഈ ഘട്ടത്തില്‍ പടര്‍ന്നിട്ടുണ്ടാകും. ഹോര്‍മോണ്‍ തെറാപ്പി, റേഡിയേഷന് എന്നിവയിലൂടെ ഈ വ്യാപനം തടയാനും ശസ്ത്രക്രിയയിലൂടെ പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുമൊക്കെയാകും ഈ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുക.
സ്റ്റേജ് 4
ലിംഫ് നോഡുകള്‍, എല്ലുകള്‍ എന്നിങ്ങനെ പലയിടങ്ങളിലേക്കും അര്‍ബുദം പടരുന്ന മെറ്റാസ്റ്റാറ്റിക് ഘട്ടമാണ് ഇത്. ചികിത്സയിലൂടെ ഈ ഘട്ടത്തില്‍ അര്‍ബുദം പരിഹരിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കീമോതെറാപ്പി, അഡ്വാന്‍സ്ഡ് ഹോര്‍മോണ്‍ ട്രീറ്റ്മെന്റ്, ഇമ്മ്യൂണോതെറാപ്പി എന്നിവയെല്ലാമാകും ഈ ഘട്ടത്തില്‍ നടത്താനാകുക. അര്‍ബുദത്തിന്റെ വ്യാപനം നിയന്ത്രിക്കാനും ലക്ഷണങ്ങള്‍ ലഘൂകരിക്കാനും രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമൊക്കെയാകും ഈ ഘട്ടത്തില്‍ ഊന്നല്‍.
പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്ന സ്കോറാണ് ഗ്ലീസണ് സ്കോര്‍. ഇതില്‍ ആറും ഏഴുമൊക്കെ ഇന്റര്‍മീഡിയേറ്റ് ഘട്ടത്തെയും അതിന് മുകളിലേക്ക് ഉയര്‍ന്ന തോതിലുള്ള തീവ്രതയെയും കുറിക്കുന്നു.
മൂത്ര തടസ്സം, പുകച്ചില്‍, രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍, ദുര്‍ബലമായ മൂത്രമൊഴുക്ക്, മൂത്രത്തില്‍ രക്തം, മൂത്രസഞ്ചി കാലിയാകാത്ത തോന്നല്‍, പെല്‍വിക് ഭാഗത്തും അരക്കെട്ടിലും തുടയിലും വൃഷ്ണസഞ്ചിയിലും എല്ലിലും വേദന, സ്ഖലനത്തിന്റെ സമയത്തെ വേദന, വിശപ്പില്ലായ്മ, ഭാരനഷ്ടം എന്നിവയെല്ലാം പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.
ഇത്തരം ലക്ഷണങ്ങളുമായി ചെല്ലുന്നവര്‍ക്ക് ആദ്യം പിഎസ്എ ടെസ്റ്റാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുള്ളത്. ഇതില്‍ സ്കോര്‍ കൂടുതല്‍ കാണിച്ചാല്‍ ഡിജിറ്റല്‍ റെക്ടല്‍ എക്സാം, സ്കാനിങ്, ബയോപ്സി പോലുള്ള പരിശോധനകള്‍ നിര്‍ദ്ദേശിക്കും. തുടക്ക ഘട്ടങ്ങളില്‍ തന്നെ രോഗം നിര്‍ണ്ണയിക്കാനായാല്‍ രോഗിയെ രക്ഷിക്കാനും മെച്ചപ്പെട്ട ആരോഗ്യനിലവാരം ഉറപ്പാക്കാനും സാധിക്കും.