വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടോ? ഈ രോഗം അവരെ തളർത്തും, ലക്ഷണങ്ങൾ അറിയാം!
Mail This Article
മനുഷ്യന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് നാം വളർത്തുന്ന മൃഗങ്ങളുടെ ആരോഗ്യവും. പ്രമേഹം പോലുള്ള രോഗാവസ്ഥകൾ മൃഗങ്ങൾക്കും വരാം. വളർത്തുമൃഗങ്ങളിൽ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അവയുടെ ആരോഗ്യം നിലനിർത്താൻ ആവശ്യമാണ്.
എന്താണ് വളർത്തുമൃഗങ്ങളിലെ പ്രമേഹം?
ശരീരം ആവശ്യത്തിന് ഇൻസുലിൻ ഉൽപാദിപ്പിക്കാത്ത അവസ്ഥയാണ്. ഇത് ഗ്ലൂക്കോസിന്റെ ഉപാപചയപ്രവർത്തനത്തെ ബാധിക്കും. രണ്ടിനം പ്രമേഹമുണ്ട്. പാൻക്രിയാസ് വളരെ കുറച്ചു മാത്രം ഇൻസുലിൻ ഉൽപാദിപ്പിക്കുകയോ ഒട്ടും ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ടൈപ്പ് 2 ആകട്ടെ ശരീരകോശങ്ങൾ ഇൻസുലിനോട് പ്രതികരിക്കാത്ത അവസ്ഥയാണ്. മിക്ക വളർത്തു മൃഗങ്ങളിലും പ്രത്യേകിച്ച് പട്ടികളിൽ ടൈപ്പ് 1 പ്രമേഹം ആണ് ബാധിക്കുന്നത്.
ലക്ഷണങ്ങളെ അറിയാം
ദാഹം – നിർജലീകരണം മൂലം മൃഗങ്ങൾ കൂടുതല്‍ വെള്ളം കുടിക്കുകയും ഇടയ്ക്കിടെ മൂത്രം ഒഴിക്കുകയും ചെയ്യും.
ശരീരഭാരം കുറയുക –വിശപ്പ് കൂടുന്നതിനു പുറമെ മൃഗങ്ങളുടെ ശരീരഭാരം കുറയും. ശരീരം ഊർജത്തെ പ്രോസസ് ചെയ്യാൻ പ്രയാസപ്പെടുന്നതു മൂലമാണിത്.
വിശപ്പ് – ഭക്ഷണം ശരിയായി പ്രോസസ് ചെയ്യാൻ ശരീരത്തിനു കഴിയാതെ വരുന്നതു മൂലം, മൃഗങ്ങൾ കൂടുതല്‍ ഭക്ഷണം കഴിക്കും.
ക്ഷീണം – പ്രമേഹം ക്ഷീണമുണ്ടാക്കും. ഉന്മേഷക്കുറവ് ഉണ്ടാക്കും.
കാഴ്ചമങ്ങൽ – തിമിരം പോലുള്ള പ്രശ്നങ്ങൾ മൃഗങ്ങളുടെ കാഴ്ചയ്ക്ക് തടസ്സമുണ്ടാക്കും.
ചർമംവരളുക – ചർമം വരണ്ടതാവുക, രോമത്തിന് കട്ടികുറയുക.
ഛർദി – ഛർദിയും അകാരണമായി ശരീരഭാരം കൂടുന്നതും അപൂർവമായി കണ്ടു വരാറുള്ള ലക്ഷണമാണ്. പ്രത്യേകിച്ച് പൂച്ചകളിലാണ് ഈ ലക്ഷണങ്ങൾ പ്രകടമാകുന്നത്.
എങ്ങനെ നിയന്ത്രിക്കാം?
ഇൻസുലിൻ തെറാപ്പി – മിക്ക വളർത്തു മൃഗങ്ങൾക്കും ഇൻസുലിൻ കുത്തിവയ്പ്പ് ആവശ്യമായി വന്നേക്കാം. മൃഗഡോക്ടറുടെ നിർേദശപ്രകാരം കൃത്യമായ ഡോസിൽ ഇതു നൽകാവുന്നതാണ്.
ഭക്ഷണം – നാരുകളും പ്രോട്ടീനും അടങ്ങിയ ഗുണനിലവാരമുള്ള സമീകൃതഭക്ഷണം നൽകുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.
വ്യായാമം – മിതമായ വ്യായാമം പതിവായി ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ചെയ്യും. വ്യായാമം അമിതമാകാതെ ശ്രദ്ധിക്കണം.
പരിശോധന – ഇൻസുലിൻ ചികിത്സ ഫലപ്രദമാണോ എന്നറിയാൻ പതിവായി പരിശോധന നടത്തണം.
ശരീരഭാരം – വളർത്തു മൃഗങ്ങൾക്ക് ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആവശ്യമാണ്.
മരുന്ന് – ചികിത്സയുടെ ഭാഗമായി ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളും സപ്ലിമെന്റുകളും മൃഗങ്ങൾക്ക് നൽകണം.
പതിവായ പരിശോധന – വൃക്കരോഗം, മറ്റ് അണുബാധകൾ തുടങ്ങിയ സങ്കീർണതകൾ ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ മൃഗഡോക്ടറെ കാണിച്ച് പരിശോധനകൾ നടത്തേണ്ടതാണ്.
വളർത്തു മൃഗങ്ങളിലെ പ്രമേഹം ഗുരുതരവും എന്നാൽ നിയന്ത്രിച്ചു നിർത്താനാവുന്നതുമായ അവസ്ഥയാണ്. നേരത്തെ രോഗനിർണയം നടത്തി ഇൻസുലിൻ ചികിത്സ, സമീകൃത ഭക്ഷണം, വ്യായാമം തുടങ്ങിയവയിലൂടെ മൃഗങ്ങൾക്ക് ആരോഗ്യകരമായ ജീവിതം നൽകാന്‍ കഴിയും.