ചൂടു വെള്ളത്തിൽ അല്ല, കുളിക്കേണ്ടത് തണുത്ത വെള്ളത്തിൽ തന്നെ; ഗുണങ്ങളേറും!

Mail This Article
തണുപ്പ് കാലത്ത് തണുത്ത വെള്ളത്തിൽ കുളിച്ചാൽ ?
തണുപ്പ് തുടങ്ങിയാൽ ചൂടുവെള്ളത്തിൽ കുളിക്കുന്നതാണ് പലരുടേയും ശീലം. എന്നാൽ തണുപ്പുകാലത്ത് തണുത്തവെള്ളത്തിൽ കുളിക്കുന്നതാണ് ആരോഗ്യകരം. രക്തചംക്രമണം വർധിപ്പിക്കാനും രോഗപ്രതിരോധശക്തിയേകാനും മുതൽ സമ്മർദം അകറ്റാൻ വരെ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. തണുത്ത വെളളത്തില്‍ കുളിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങളെ അറിയാം.
രക്തചംക്രമണം
തണുത്തവെള്ളം ശരീരത്തിൽ വീഴുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കും. ഇത് പ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കും. ഓക്സിജന്റെയും പോഷകങ്ങളുടെയും വിനിമയം വേഗത്തിലാവുകയും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
രോഗപ്രതിരോധശക്തി
പതിവായി തണുത്തവെള്ളത്തിൽ കുളിക്കുന്നത് ശ്വേതരക്താണുക്കളുടെ ഉൽപാദനം മെച്ചപ്പെടുത്തും. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളും രോഗങ്ങളും വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ഉണർവ്
തണുത്തവെള്ളത്തിൽ കുളിക്കുന്നത് ഹൃദയമിടിപ്പിന്റെ നിരക്കും ശ്വസനവും വർധിപ്പിക്കും. ഇതുമൂലം പെട്ടെന്ന് ഉന്മേഷവും മാനസികമായ വ്യക്തതയും ഉണർവും അനുഭവപ്പെടുകയും ചെയ്യും.

പേശികളുടെ ആരോഗ്യം
തണുത്ത വെളളത്തിൽ കുളിക്കുന്നത് പേശികളുടെ വീക്കവും വേദനയും കുറയ്ക്കും. രക്തക്കുഴലുകളുടെ സങ്കോചം വിഷാംശങ്ങളെ നീക്കാൻ സഹായിക്കും.
സമ്മർദം അകറ്റുന്നു
തണുത്ത വെള്ളവുമായുള്ള സമ്പർക്കം പാരാസിമ്പതറ്റിക് നെർവസ് സിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നു. എൻഡോർഫിന്റെ അളവ് കൂട്ടുന്നു. ഇത് സമ്മർദത്തെയും ഉത്കണ്ഠയെയും വിഷാദത്തിന്റെ ലക്ഷണങ്ങളെയും അകറ്റുന്നു.

ചർമത്തിന്റെ ആരോഗ്യം
ചർമത്തിലെ സുഷിരങ്ങളെ തണുത്ത വെള്ളം ഇടുങ്ങിയതാക്കും. എണ്ണമയം കുറച്ച് മുഖക്കുരു അകറ്റും മുടി വളർച്ചയ്ക്കു സഹായിക്കുന്നതോടൊപ്പം മുടിയുടെ അറ്റം വിണ്ടു പോകാതെ നോക്കുന്നതോടൊപ്പം തലമുടിക്ക് തിളക്കവുമേകുന്നു.
ഉപാപചയപ്രവർത്തനം
തണുത്ത വെള്ളം ബ്രൗൺ ഫാറ്റിനെ ആക്റ്റിവേറ്റ് ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
ഇച്ഛാശക്തി
തണുപ്പുകാലത്ത് തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോൾ അത് സഹിക്കാൻ സാധിക്കുന്നത് അച്ചടക്കം ഉണ്ടാക്കും. ജീവിതത്തിന്റെ ഏതു മേഖലയിലും ഉണ്ടാകാവുന്ന സമ്മർദവും അസ്വസ്ഥതയും നേരിടാനുളള ഇച്ഛാശക്തി ഉണ്ടാകാൻ ഇതു സഹായിക്കും.
ഇൻഫ്ലമേഷൻ കുറയ്ക്കുന്നു
വീക്കമുള്ള സ്ഥലത്തേക്കുള്ള രക്തപ്രവാഹം സാവധാനത്തിലാക്കാൻ തണുത്തവെള്ളം സഹായിക്കും. സന്ധിവാതവും വേദനയും ഉള്ളവർക്ക് ഇത് ആശ്വാസമേകും.

ഉറക്കം
തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരതാപനില കുറയ്ക്കും. ഇത് മൂലം ശരീരം ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോൺ ആയ മെലാടോണിൻ ഉൽപാദിപ്പിക്കും. സുഖകരമായ ഉറക്കം ലഭിക്കാൻ ഇത് സഹായിക്കും.
ഹോർമോൺ ഉൽപാദനം
പുരുഷൻമാരിൽ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂട്ടാൻ തണുത്തവെള്ളത്തിലെ കുളി സഹായിക്കും. സ്ത്രീകളിലാവട്ടെ ഹോർമോണുകളുടെ സന്തുലനം സാധ്യമാക്കുകയും സ്ട്രെസ്സിനു കാരണമാകുന്ന ഹോർമോൺ അസന്തുലനം കുറയ്ക്കുകയും ചെയ്യും.
ശ്വസനം
ലങ് കപ്പാസിറ്റി വർധിപ്പിക്കാനും ഓക്സിജന്റെ ഫലപ്രാപ്തി കൂട്ടാനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും.