ഹാർദിക്, ഇത് എന്തൊരു വിക്കറ്റ് ആഘോഷം?; ബാബർ അസമിന് ‘ടാറ്റാ കൊടുത്തതോ വിട്ടുപോകാൻ പറഞ്ഞതോ’? – വിഡിയോ

Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ – പാക്കിസ്ഥാൻ ആവേശപ്പോരാട്ടത്തിനിടെ, പാക്കിസ്ഥാൻ താരം ബാബർ അസമിനെ പുറത്താക്കിയ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യയുടെ വിക്കറ്റ് ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറൽ. ആദ്യം ‘ടാറ്റാ’ നൽകി ബാബർ അസമിനെ യാത്രയയ്ക്കുന്നതുപോലെ ഒരു കൈകൊണ്ട് ആക്ഷൻ കാണിച്ച പാണ്ഡ്യ. തുടർന്ന് രണ്ടു കയ്യും ഉപയോഗിച്ച് ‘പോകൂ’ എന്ന അർഥത്തിലും ആക്ഷൻ കാട്ടി. ഇതിന്റെ ദൃശ്യങ്ങൾ ഉടനടി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
പാക്കിസ്ഥാൻ ഇന്നിങ്സിലെ ഒൻപതാം ഓവറിലാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് ബാബർ അസം പുറത്തായത്. 26 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 23 റൺസെടുത്തായിരുന്നു അസമിന്റെ മടക്കം. വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു. ഈ ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയതിനു പിന്നാലെയാണ് ബാബർ അസം വിക്കറ്റിനു പിന്നിൽ പിടികൊടുത്ത് പുറത്തായത്.