സ്റ്റംപിങ്ങും സെഞ്ചറിയും മാത്രമല്ല, ഗുജറാത്തിന്റെ ബാറ്റിങ് വൈകിച്ചു! ‘ഇൻജറി ടൈം ഔട്ടുകൾ’ സൃഷ്ടിച്ച അസ്ഹർ ബ്രില്യൻസ്

Mail This Article
അഹമ്മദാബാദ്∙ രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ സെമി ഫൈനലിൽ കേരളത്തിന്റെ പ്രകടനത്തിൽ നിർണായകമായത് വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ തന്ത്രങ്ങൾ. ബാറ്റിങ്ങിലെ സെഞ്ചറിയും നിർണായക വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റംപിങും മാത്രമല്ല രഞ്ജി ട്രോഫി സെമി ഫൈനലിൽ പ്ലെയർ ഓഫ് ദ് മാച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ കേരള ടീമിനെ രക്ഷിച്ചത്. തന്ത്രപ്രധാനമായ 2 ‘ഇൻജറി ടൈം ഔട്ടുകൾ’ സൃഷ്ടിച്ചതിലുമുണ്ട് അസ്ഹറിന്റെ സംഭാവന.
നാലാം ദിനം കളി അവസാനിക്കാൻ 15 മിനിറ്റിൽ താഴെ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ആദ്യത്തേത്. 8–ാം വിക്കറ്റിൽ ജയ്മീത് പട്ടേലും സിദ്ധാർഥ് ദേശായിയും നിലയുറപ്പിച്ചതോടെ ഗുജറാത്തിന് ലീഡിലേക്കുള്ള ദൂരം 28 റൺസ് മാത്രം. അപ്പോഴാണ് അസ്ഹറുദ്ദീൻ ഫിസിയോയുടെ സഹായം തേടിയത്. ഫിസിയോ എത്തി അസ്ഹറിന് വേണ്ട സ്ട്രെച്ചിങ് ഉൾപ്പെടെ ചെയ്യാനെടുത്തത് 10 മിനിറ്റിലേറെ സമയം. പിന്നീട് റൺ വഴങ്ങാതെ ഏതാനും പന്തുകൾ ചെയ്ത് ഓവർ പൂർത്തിയായതോടെ കളി അവസാനിപ്പിക്കുകയായിരുന്നു.
ഇടവേള സംഭവിച്ചില്ലായിരുന്നെങ്കിൽ 2–3 ഓവറുകൾ കൂടി ബോൾ ചെയ്യേണ്ടി വന്നേനെ. അതിലൂടെ അടുത്ത ദിവസം ഗുജറാത്തിന് ലീഡിന് വേണ്ടിയിരുന്ന റണ്ണുകൾ 28ൽ നിന്ന് വീണ്ടും കുറയാനുള്ള സാധ്യതയുമുണ്ടായിരുന്നു. നിർണായകമായ ഇന്നിങ്സ് ലീഡ് കേരളം അടുത്ത ദിവസം പിടിച്ചെടുത്തത് വെറും 2 റൺസിനാണെന്ന് ഓർക്കുമ്പോഴാണ് തലേദിവസം അസ്ഹർ സൃഷ്ടിച്ച ഈ ടൈം ഔട്ടിന്റെ വില മനസ്സിലാകുക.
കേരള– ഗുജറാത്ത് മത്സരം സമനിലയിൽ കലാശിച്ചതോടെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ കരുത്തിലാണ് കേരളം ചരിത്ര ഫൈനലിലെത്തിയത്. ഫെബ്രുവരി 26ന് തുടങ്ങുന്ന ഫൈനലിൽ വിദർഭയാണു കേരളത്തിന്റെ എതിരാളികൾ. വിദർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിൽവച്ചാണ് ഫൈനൽ പോരാട്ടം.