‘ചാംപ്യൻസ് ട്രോഫി ടീമിൽ ഇല്ലാത്തത് നിരാശ, കാരണം സിലക്ടർമാർക്കു മാത്രമേ അറിയൂ; കെസിഎയുമായി പ്രശ്നങ്ങളില്ല’

Mail This Article
കൊച്ചി∙ കേരള ക്രിക്കറ്റ് അസോസിയേഷനുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ‘‘13–ാം വയസ്സുമുതൽ കെസിഎ എന്നെ പിന്തുണയ്ക്കുന്നുണ്ട്. ക്രിക്കറ്റ് ക്യാംപുകളിൽ ഇനിയും പങ്കെടുക്കും. പരുക്കു കാരണമാണു രഞ്ജി ട്രോഫി കളിക്കാതിരുന്നത്. കെസിഎയുമായി ഇനിയും സഹകരിക്കാൻ തയാറാണ്.’’– കൊച്ചിയിൽ മാധ്യമങ്ങളെ കണ്ട സഞ്ജു വ്യക്തമാക്കി.
‘‘രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ഒരു സിനിമയുടെ ക്ലൈമാക്സ് പോലെയായിരുന്നു കേരള ടീമിന്റെ ഫൈനലിലേക്കുള്ള പ്രവേശനം. ഫൈനലിൽ പിന്തുണയുമായി ടീമിനൊപ്പമുണ്ടാകും. ടീം ഇപ്പോൾ സമ്മർദമില്ലാതെ കളിക്കുന്നുണ്ട്.’’– സഞ്ജു വ്യക്തമാക്കി. ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിൽ കടുത്ത നിരാശയുണ്ടെന്നും സഞ്ജു വെളിപ്പെടുത്തി.
‘‘ഞാൻ ചാംപ്യൻസ് ട്രോഫി കളിക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ ടീമിൽ ഇടം ലഭിച്ചില്ല. അതിനു കാരണം എന്താണെന്നു സിലക്ടർമാർക്കു മാത്രമേ അറിയൂ. ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിനായി ലോകമാകെ കാത്തിരിക്കുകയാണ്.’’– സഞ്ജു മാധ്യമങ്ങളോടു പ്രതികരിച്ചു. ചാംപ്യൻസ് ട്രോഫിയില്‍ സഞ്ജുവിനെ ടീമിലെടുക്കാൻ പരിശീലകൻ ഗൗതം ഗംഭീറിനു താൽപര്യമുണ്ടായിരുന്നു. പക്ഷേ ക്യാപ്റ്റൻ രോഹിത് ശർമയുടേയും സിലക്ടർ അജിത് അഗാർക്കറുടെയും നിർബന്ധത്തിലാണ് രണ്ടാം വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമിലെത്തിയത്.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് സഞ്ജുവിന് വിരലിനു പരുക്കേറ്റത്. ജോഫ്ര ആർച്ചറുടെ പന്ത് സഞ്ജുവിന്റെ ഗ്ലൗവിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റതിനെ തുടർന്ന് സഞ്ജു മത്സരത്തിൽ വിക്കറ്റ് കീപ്പറായി ഇറങ്ങിയില്ല. ശസ്ത്രക്രിയയ്ക്കു ശേഷം മലയാളി താരം വിശ്രമത്തിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലായിരിക്കും സഞ്ജു ഇനി കളിക്കുക.