പാക്കിസ്ഥാനെ കണ്ടതും കോലി യഥാർഥ കോലിയായി, സെഞ്ചറിത്തിളക്കം; യുദ്ധവുമില്ല പൂരവുമില്ല, ഇന്ത്യയ്ക്ക് ‘ഈസി’ ജയം!

Mail This Article
ദുബായ്∙ ‘ഇത്രയേ ഉള്ളോ, ഈ പാക്കിസ്ഥാൻ ടീം...’ – ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് പോലൊരു സുപ്രധാന ടൂർണമെന്റിൽ, ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയവും അതു നേടിയ ശൈലിയും കണ്ടവർക്ക് ഇങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ! അത്രയ്ക്ക് അനായാസമായി, അതിലേറെ ആധികാരികമായി പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സെമിഫൈനലിന് തൊട്ടരികെ. ടോസ് ഒഴികെ എല്ലാംകൊണ്ടും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്തത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 49.4 ഓവറിൽ 241 റൺസിന് പുറത്തായപ്പോൾ, മറുപടി ബാറ്റിങ്ങിൽ 45 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. തകർപ്പൻ സെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച വിരാട് കോലിയാണ് ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യയ്‌ക്ക് വിജയത്തിലേക്ക് രണ്ടു റൺസ് മാത്രം വേണ്ട ഘട്ടത്തിൽ ഖുഷ്ദിൽ ഷായ്‌ക്കെതിരെ ബൗണ്ടറി നേടിയാണ് കോലി സെഞ്ചറി പൂർത്തിയാക്കിയത്.
ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയ ഇന്ത്യ, സെമിഫൈനലിൽ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചു. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സെമിയിൽ കടക്കാതെ പുറത്താകണമെങ്കിൽ അദ്ഭുതങ്ങൾ സംഭവിക്കണം. ഇനി മാർച്ച് 2ന് ന്യൂസീലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മറുവശത്ത്, ഏതാണ്ട് മൂന്നു പതിറ്റാണ്ടിനുശേഷം ആദ്യമായി ഒരു ഐസിസി ടൂർണമെന്റിന് ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച പാക്കിസ്ഥാൻ, തുടർച്ചയായ രണ്ടാം തോൽവിയോടെ ടൂർണമെന്റിൽനിന്ന് ഏറെക്കുറെ പുറത്തായി. ഇനി ഫെബ്രുവരി 27ന് ബംഗ്ലദേശിനെതിരെയാണ് പാക്കിസ്ഥാന്റെ അവസാന ഗ്രൂപ്പ് മത്സരം.


∙ ഈസി ചേസ്, ഇന്ത്യ!
ഫോമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ബാറ്റിങ്ങിലെ ഹൈലൈറ്റ്. അർഹിച്ച സെഞ്ചറി സ്വന്തമാക്കി വീണ്ടും ‘കിങ് കോലി’യെന്ന വിളിപ്പേരിനോടു നീതി പുലർത്തിയ കോലി, 100 റൺസുമായി പുറത്താകാതെ നിന്നു. ഏകദിനത്തിൽ മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരും അർധസെഞ്ചറി നേടി. കോലി 111 പന്തിൽ ഏഴു ഫോറുകളോടെയാണ് 100 റൺസെടുത്തത്. അയ്യർ 67 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്ത് പുറത്തായി. ആദ്യ മത്സരത്തിൽ സെഞ്ചറി നേടിയ ശുഭ്മൻ ഗിൽ ഇത്തവണ 46 റൺസെടുത്തും, ക്യാപ്റ്റൻ രോഹിത് ശർമ 20 റൺസെടുത്തും പുറത്തായി.
വിജയം ഉറപ്പിച്ച നിമിഷത്തിൽ ശ്രേയസ് അയ്യരെ (67 പന്തിൽ 56) ഖുഷ്ദിൽ ഷായും ഹാർദിക് പാണ്ഡ്യയെ (ആറു പന്തിൽ എട്ട്) ഷഹീൻ അഫ്രീദിയും പുറത്താക്കി. അക്ഷർ പട്ടേൽ നാലു പന്തിൽ മൂന്നു റൺസുമായി പുറത്താകാതെ നിന്നു. 52 പന്തുകൾ നേരിട്ട ഗിൽ, ഏഴു ഫോറുകളോടെയാണ് 46 റൺസെടുത്തത്. പവർപ്ലേയിൽ മികച്ച തുടക്കം സമ്മാനിച്ച രോഹിത്, 15 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 20 റൺസെടുത്തും പുറത്തായി. ഷഹീൻ അഫ്രീദിയുടെ തകർപ്പൻ യോർക്കറിലാണ് രോഹിത് വീണതെങ്കിൽ, അബ്രാർ അഹമ്മദിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് ഗിൽ പുറത്തായത്.

ഓപ്പണിങ് വിക്കറ്റിൽ ഗിൽ – രോഹിത് സഖ്യം 30 പന്തിൽ 31 റൺസെടുത്ത് ഭേദപ്പെട്ട തുടക്കം സമ്മാനിച്ചു. രണ്ടാം വിക്കറ്റിൽ ഗിൽ – കോലി സഖ്യം 75 പന്തിൽ 69 റൺസെടുത്ത് വിജയത്തിന് അടിത്തറയിട്ടു. മൂന്നാം വിക്കറ്റിൽ കോലി – ശ്രേയസ് സഖ്യം സെഞ്ചറി കൂട്ടുകെട്ട് തീർത്ത് വിജയം അനായാസമാക്കി. 128 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 114 റൺസ്.
പാക്കിസ്ഥാന് ലഭിച്ച രണ്ടു വിക്കറ്റുകൾ ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ് എന്നിവർ പങ്കിട്ടു. ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ് മികവിനൊപ്പം, പാക്കിസ്ഥാൻ ഫീൽഡർമാർ കൈവിട്ട ക്യാച്ചുകളും പാഴാക്കിയ റണ്ണൗട്ട് അവസരങ്ങളും ഇന്ത്യൻ വിജയം കൂടുതൽ അനായാസമാക്കി. ഗിൽ, ശ്രേയസ് അയ്യർ എന്നിവർ നൽകിയ ക്യാച്ച് അവസരങ്ങൾ കൈവിട്ട് പാക്ക് ഫീൽഡർമാർ, കോലിയെ റണ്ണൗട്ടാക്കാനുള്ള അവസരവും കളഞ്ഞുകുളിച്ചു.
∙ റെക്കോർഡിലും ‘കോലിത്തിളക്കം’
ഇന്നത്തെ മത്സരത്തിൽ 15 റൺസ് നേടിയതോടെ, ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 14,000 റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡ് കോലി സ്വന്തമാക്കി. 287–ാം ഇന്നിങ്സിൽ 14,000 പിന്നിട്ട കോലി, 350 ഇന്നിങ്സിൽ നാഴികക്കല്ലു പിന്നിട്ട സച്ചിൻ തെൻഡുൽക്കറിനെ പിന്നിലാക്കി. 378 ഇന്നിങ്സിൽ 14,000 കടന്ന കുമാർ സംഗക്കാരയാണ് പട്ടികയിൽ മൂന്നാമൻ. 2017 ജൂണിൽ 175–ാം ഇന്നിങ്സിൽ 8000 റൺസ് പിന്നിട്ടതു മുതൽ, ഓരോ 1000 റൺസ് ചേർക്കുമ്പോഴും വേഗത്തിൽ അതിലേക്കെത്തിയ റെക്കോർഡ് കോലിക്കു തന്നെ.
ഇതേ മത്സരത്തിൽ ഇന്ത്യയ്‌ക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഫീൽഡറായും കോലി മാറിയിരുന്നു. 158 ക്യാച്ചുകളാണ് കോലിയുടെ പേരിലുള്ളത്. പിന്നിലാക്കിയത് 156 ക്യാച്ചുകളുള്ള മുഹമ്മദ് അസ്ഹറുദ്ദീനെ. ഏകദിന സെഞ്ചറികളുടെ എണ്ണത്തിൽ മുൻപേ തന്നെ സച്ചിനെ പിന്തള്ളിയ കോലി, റെക്കോർഡ് സെഞ്ചറികളുടെ എണ്ണം 51 ആക്കി ഉയർത്തുകയും ചെയ്തു. കോലിക്കു പുറമേ, ഇന്ത്യൻ താരം കുൽദീപ് യാദവ് രാജ്യാന്തര ക്രിക്കറ്റിൽ 300 വിക്കറ്റ് തികയ്ക്കുന്നതിനും മത്സരം വേദിയായി.
∙ ‘മന്ദം മന്ദം’ പാക്കിസ്ഥാൻ
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 49.4 ഓവറിൽ 241 റൺസെടുത്തു പുറത്തായി. 76 പന്തിൽ 62 റൺസെടുത്ത സൗദ് ഷക്കീലാണു പാക്കിസ്ഥാന്റെ ടോപ് സ്കോറർ. ദുബായിലെ സ്പിന്‍ പിച്ചിൽ ഇന്ത്യൻ ഇന്ത്യൻ സ്പിന്നർമാർ തകർത്തെറിഞ്ഞതോടെ പാക്കിസ്ഥാൻ മധ്യനിരയ്ക്കും വാലറ്റത്തിനും മറുപടിയില്ലാതായി. പാക്കിസ്ഥാനു വേണ്ടി മുന്‍നിര പ്രതിരോധിച്ചുനിന്നെങ്കിലും വലിയ റണ്ണൊഴുക്ക് പാക്ക് ഇന്നിങ്സിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ (77 പന്തിൽ 46), ഖുഷ്ദിൽ ഷാ (39 പന്തിൽ 38), ബാബർ അസം ( 26 പന്തിൽ 23), ആഗ സൽമാൻ (24 പന്തിൽ 19), നസീം ഷാ (16 പന്തിൽ 14), ഇമാം ഉൾ ഹഖ് (26 പന്തിൽ 10) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. ഒൻപത് ഓവറുകൾ പന്തെറിഞ്ഞ കുൽദീപ് യാദവ് 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. രാജ്യാന്തര ക്രിക്കറ്റിൽ കുൽദീപ് യാദവ് 300 വിക്കറ്റുകൾ പൂർത്തിയാക്കി.

മത്സരത്തിന്റെ ആദ്യ ഏഴോവറുകളില്‍ ഇന്ത്യയ്ക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ആദ്യ വിക്കറ്റ് വീഴ്ത്തിയത് പേസർ ഹാർദിക് പാണ്ഡ്യയായിരുന്നു. ഹാർദിക് പാണ്ഡ്യയെറിഞ്ഞ ഒൻപതാം ഓവറിൽ എഡ്ജായ ബാബറിനെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെ കുൽദീപ് യാദവിന്റെ പന്തിൽ സിംഗിളിനു ശ്രമിച്ച ഇമാമിനെ അക്ഷർ പട്ടേൽ റൺഔട്ടാക്കി. രണ്ടു വിക്കറ്റുകൾ പോയതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലേക്കു വലിഞ്ഞു. 25.3 ഓവറിലാണ് (153) പന്തുകൾ) പാക്കിസ്ഥാൻ 100 പിന്നിട്ടത്.
10–ാം ഓവറിലെ നാലാം പന്തിലെ ബൗണ്ടറിക്കു ശേഷം ജഡേജയെറിഞ്ഞ 24–ാം ഓവറിലെ രണ്ടാം പന്തിലാണ് പാക്കിസ്ഥാൻ അടുത്ത ബൗണ്ടറി നേടുന്നത്. 54 പന്തുകൾക്കു ശേഷമായിരുന്നു മുഹമ്മദ് റിസ്‍വാന്റെ ബൗണ്ടറി. വിക്കറ്റു പോകാതിരിക്കാൻ പരമാവധി പ്രതിരോധിച്ചാണ് പാക്ക് താരങ്ങൾ ഈ സമയത്ത് കളിച്ചത്. സ്കോർ 151 ൽ നിൽക്കെയാണ് ഇന്ത്യ പാക്കിസ്ഥാന്റെ മൂന്നാം വിക്കറ്റു വീഴ്ത്തുന്നത്. അക്ഷർ പട്ടേലിന്റെ കറങ്ങിത്തിരിഞ്ഞ പന്തിൽ ബൗണ്ടറി നേടാൻ ശ്രമിച്ച റിസ്‍വാൻ ബോൾഡാകുകയായിരുന്നു. തൊട്ടുപിന്നാലെ സൗദ് ഷക്കീലിനെ പാണ്ഡ്യ അക്ഷർ പട്ടേലിന്റെ കൈകളിലെത്തിച്ചു.

നാലു റൺസ് മാത്രമെടുത്ത താഹിറിനെ ജഡേജ ബോൾഡാക്കുകയായിരുന്നു. 14 റൺസെടുക്കുന്നതിനിടെയാണ് പാക്കിസ്ഥാന് മൂന്നു വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടത്. സ്കോർ 200 ല്‍ എത്തിയതിനു പിന്നാലെ ആഗ സൽമാനെ കുൽദീപ് യാദവ് രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ ഷഹീൻ അഫ്രീദിയെ കുൽദീപ് വിക്കറ്റിനു മുന്നിൽ കുടുക്കി. വാലറ്റത്ത് ഖുഷ്ദിൽ ഷാ മാത്രമാണു പാക്കിസ്ഥാനു വേണ്ടി പ്രതിരോധിച്ചുനിന്നത്. നസീം ഷായെ ക്യാച്ചെടുത്തു പുറത്താക്കിയ കോലി, ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോർഡിലുമെത്തി.
വാലറ്റത്ത് സിക്സടിച്ച് പാക്കിസ്ഥാനു പ്രതീക്ഷ നൽകിയ ഹാരിസ് റൗഫ് (ഏഴു പന്തിൽ എട്ട്) റൺഔട്ടായി. ഹർഷിത് റാണ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ സിക്സിനു ശ്രമിച്ച ഖുഷ്ദിൽ ഷായെ വിരാട് കോലി ബൗണ്ടറിക്കു സമീപത്തുനിന്ന് പിടിച്ചെടുത്തു. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റുകളും ഹർഷിത് റാണ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.