ആദ്യ ഓവറിൽ 11 പന്ത്, ആവേശപ്പോരിലേക്ക് പാക്ക് ടീമിന് ഷമിയുടെ ‘സ്പെഷൽ സ്വാഗതം’; റെക്കോർഡ് ബുക്കിൽ രണ്ടാമൻ!

Mail This Article
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ–പാക്കിസ്ഥാൻ ആവേശപ്പോരാട്ടത്തിന് അൽപം ‘വൈഡായ’ തുടക്കം. മത്സരത്തിൽ പാക്കിസ്ഥാൻ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ, ഇന്ത്യയ്‌ക്കായി ബോളിങ് ഓപ്പണർ ചെയ്ത വെറ്ററൻ താരം മുഹമ്മദ് ഷമി ആദ്യ ഓവറിൽ എറിഞ്ഞത് അഞ്ച് വൈഡുകൾ. ചാംപ്യൻസ് ട്രോഫിയിൽ ഒരു ഇന്നിങ്സിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ വൈഡുകൾ എറിയുന്ന രണ്ടാമത്തെ താരമായി ഇതോടെ ഷമി. 2004ൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവറിൽ ഏഴു വൈഡുകൾ എറിഞ്ഞ സിംബാബ്‌വെ താരം ടിനാഷെ പന്യാംഗാരയാണ് ഒന്നാമത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാനായി ഇന്നിങ്സ് ഓപ്പൺ ചെയ്തത് ഇമാം ഉൾ ഹഖ്, ബാബർ അസം സഖ്യമാണ്. ആദ്യപന്തു നേരിട്ടത് ഇമാം ഉൾ ഹഖ്. ആദ്യ പന്തിനു ശേഷം വൈഡ് എറിഞ്ഞ ഷമി, രണ്ടാം പന്തിനു പിന്നാലെ രണ്ടു വൈഡുകൾ കൂടി തുടർച്ചയായി എറിഞ്ഞു. അടുത്ത മൂന്നു ബോളുകൾക്കു ശേഷം അവസാന പന്തിനു മുന്നോടിയായി വീണ്ടും രണ്ടു വൈഡുകൾ കൂടി.
അഞ്ച് വൈഡുകൾ എറിഞ്ഞെങ്കിലും ആദ്യ ഓവറിൽ ഷമി ആകെ വഴങ്ങിയത് ആറു റൺസ് മാത്രം. അതായത് ‘മര്യാദ’യ്ക്ക് എറിഞ്ഞ ആറു പന്തുകളിൽനിന്ന് ഷമി വിട്ടുകൊടുത്തത് ഒറ്റ റൺ മാത്രമാണ്. ബാക്കി അഞ്ച് റൺസ് വൈഡുകളിലൂടെ എക്സ്ട്രാ ഇനത്തിലും. ഇതിനിടെ, പവർപ്ലേ പൂർത്തിയാകുന്നതിനു മുൻപ് പരുക്കിന്റെ ലക്ഷണങ്ങളുമായി മുഹമ്മദ് ഷമി കളംവിട്ടത് ആശങ്ക പരത്തിയെങ്കിലും, വൈദ്യസഹായം തേടിയ ശേഷം താരം തിരിച്ചെത്തിയത് ആശ്വാസമായി.
ഇതിനു പുറമേ, ഏകദിനത്തിൽ ഒരു ഓവറിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ ബോൾ ചെയ്യുന്ന താരമെന്ന നാണക്കേട് ഷമിയുടെ കൂടി പേരിലായി. സഹീർ ഖാൻ, ഇർഫാൻ പഠാൻ എന്നിവർ പങ്കുവച്ചിരുന്ന ‘റെക്കോർഡാ’ണ് ഷമിയുടെ കൂടി പേരിലായത്. 2003ൽ ഓസ്ട്രേലിയയ‌്‌ക്കെതിരെ വാംഖഡെയിലാണ് സഹീർ ഖാൻ ഒരു ഓവറിൽ 11 പന്തെറിഞ്ഞത്. 2006ൽ കിങ്സ്റ്റണിൽ വെസ്റ്റിൻഡീസിനെതിരെ ഇർഫാൻ പഠാനും ഒരു ഓവറിൽ 11 പന്തെറിഞ്ഞു.
ആദ്യ ഓവറിനു മുൻപേ മറ്റൊരു റെക്കോർഡ് കൂടി ഇന്ത്യ സ്വന്തമാക്കി. 2023ലെ ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ഇന്ത്യയ്ക്ക് ഏകദിനത്തിൽ ടോസ് നഷ്ടമാകുന്ന തുടർച്ചയായ 12–ാം മത്സരമാണിത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഇതു റെക്കോർഡാണ്. 2011 മാർച്ച് മുതൽ 2013 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 11 ടോസുകൾ തുടർച്ചയായി നഷ്ടമാക്കിയ നെതർലൻഡ്സിന്റെ പേരിലുള്ള റെക്കോർഡാണ് ഇന്ത്യയുടെ പേരിലായത്.